ജനലിലൂടെ കമ്പിട്ട് തോണ്ടിയെടുത്തത് പന്ത്രണ്ട് പവൻ: മോഷ്ടിച്ച കാശിന് കാറുവാങ്ങി ആഡംബര ജീവിതം; പ്രതികളെ കുടുക്കിയത് കയ്യിൽ സൂക്ഷിച്ച സ്വർണ നെക്‌ളേസ്; അയർക്കുന്നത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ

ജനലിലൂടെ കമ്പിട്ട് തോണ്ടിയെടുത്തത് പന്ത്രണ്ട് പവൻ: മോഷ്ടിച്ച കാശിന് കാറുവാങ്ങി ആഡംബര ജീവിതം; പ്രതികളെ കുടുക്കിയത് കയ്യിൽ സൂക്ഷിച്ച സ്വർണ നെക്‌ളേസ്; അയർക്കുന്നത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ

ക്രൈം ഡെസ്‌ക്
കോട്ടയം: രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ വീടിന്റെ ജനൽ അടയ്ക്കാൻ മറന്നതിന് അയർക്കുന്നം അമയന്നൂർ  പുളിയമ്മാക്കൽ സുരേഷിനും ഭാര്യ ആശയ്ക്കും നൽകേണ്ടി വന്നത് വലിയ വിലയായിരുന്നു. പന്ത്രണ്ട് പവനും, മൊബൈൽ ഫോണും, ആധാർ കാർഡും രേഖകളും അടങ്ങിയ ബാഗ് കമ്പിൽ കൊളുത്തി കള്ളൻ കവർന്നു. ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ പ്രത്യേക സ്ക്വാഡ്  ഓട്ടോ ഡ്രൈവർമാരായ പ്രതികളെ പിടികൂടി. കൂരോപ്പട കണിയാമ്പറമ്പിൽ അജേഷ് (37), മധുമലയിൽ കുഞ്ഞുമോൻ (48) എന്നിവരെയാണ്  അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ മുഹമ്മദ് ബഷീറും സംംഘവും അകത്താക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രദേശത്ത് നിരവധി മോഷണങ്ങൾ നടത്തിയിരുന്ന പ്രതികൾ ആദ്യമായാണ് പൊലീ്‌സ് പിടികൂടുന്നത്. ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് രാത്രികാലത്ത് വീടുകൾ കണ്ടു വച്ച് മോഷണം നടത്തുന്നതായിരുന്നു പ്രതികളുടെ രീതി.
ബന്ധുവിന്റെ വിവാഹത്തിനായാണ് ഒരാഴ്ച മുൻപ് സുരേഷും ഭാര്യയും വീട്ടിൽ എത്തിയത്. യാത്രാക്ഷീണം മൂലം ഇരുവരും ബാഗ് മേശപ്പുറത്ത് വച്ച ശേഷം വന്ന പാടെ കിടന്നുറങ്ങിപ്പോയി. വീടിന്റെ ജനൽ കുറ്റിയിടാൻ ഇരുവരും മറുന്നു പോകുകയും ചെയ്തു. ഓട്ടോറിക്ഷയിൽ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന പ്രതികൾ പൂട്ടാതെ കിടക്കുന്ന ജനൽ കണ്ടു. തുടർന്ന് വീടിനു സമീപത്ത് എത്തി ജനൽ തുറന്ന് കമ്പ് ഉള്ളിലൂടെ അകത്തിട്ട് മോഷണം നടത്തുകയായിരുന്നു. കമ്പിൽ കൊളുത്തിയ ഹാൻഡ് ബാഗ് പുറത്തെടുത്ത് പ്രതികൾ വീട്ടിലേയ്ക്ക് കൊണ്ടു പോയി. ജനൽ ഭദ്രമായി ചാരിയിടുകയും ചെയ്തു.

വീട്ടുകാർ പരാതി നൽകിയെങ്കിലും പ്രതികളെപ്പറ്റി കൃത്യമായ സൂചനകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല. മുൻ വശത്ത് അലങ്കാരപണികൾ ചെയ്ത ഒരു ഓട്ടോറിക്ഷ രാത്രിയിൽ ഇതുവഴി കടന്നു പോയെന്നു മാത്രമാണ് ജില്ലാ പൊലീ്‌സ് മേധാവി ഹരിശങ്കറിനും, ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനും ലഭിച്ച വിവരം. തുടർന്ന് ഇരുവരുടെയും നിർദേശാനുസരണം അയർക്കുന്നം എസ്.എച്ച്.ഒ എസ്.ഐ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ അ്‌ന്വേഷണം നടത്തുകയായിരുന്നു.
നാടിന്റെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കി നടത്തിയ അന്വേഷണത്തിൽ തുടർന്ന് ഓട്ടോറിക്ഷ കണ്ടെത്തിയ പൊലീസ് സംഘം, പ്രതികൾ അടുത്തിടെ കാർ വാങ്ങിയതായി കണ്ടെത്തി. തുടർന്ന് ഇവരെ ദിവസങ്ങളോളം നിരീക്ഷിച്ചപ്പോൾ മോഷണം പോയ നെക്ലേസുകളിൽ ഒന്ന് പ്രതികളുടെ കൈവശമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്ന് എ.എസ്.ഐ മാർട്ടിൻ, സീനിയർ സിപി.ഒ അജിത്, സിപിഒമാരായ കിരൺ, പ്രദീപ് ഗ്രിഗോറിയോസ്, അനിൽകുമാർ, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ ചിത്ര, ആശ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.