ആ രാത്രി അയാൾ വനിതാ ഹോസ്റ്റലിൽ എത്തിയത് എന്തിന് : കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിയുടെ ചിത്രം പുറത്ത്; പ്രതിയെപ്പറ്റി സൂചനയുള്ളവർ ബന്ധപ്പെടാൻ പൊലീസ് നിർദേശം

ആ രാത്രി അയാൾ വനിതാ ഹോസ്റ്റലിൽ എത്തിയത് എന്തിന് : കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിയുടെ ചിത്രം പുറത്ത്; പ്രതിയെപ്പറ്റി സൂചനയുള്ളവർ ബന്ധപ്പെടാൻ പൊലീസ് നിർദേശം

തേർഡ് ഐ ബ്യൂറോ

പാലക്കാട് : ആ രാത്രി ആ യുവാവ് വനിതാ ഹോസ്റ്റലിൽ എത്തിയത് എന്തിന് .? വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ അർദ്ധരാത്രി കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസിൻ്റെ പ്രധാന സംശയവും അത് തന്നെയാണ്. സംഭവം നടന്ന വനിതാ ഹോസ്റ്റലിലെ സിസിടിവി ക്യാമറയിൽ നിന്നും പൊലീസിന് പ്രതി എന്ന് സംശയിക്കുന്ന ആളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ഈ ചിത്രം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

കോഴിക്കോട്‌ കണ്ണോത്ത്‌ പുത്തേറ്റ്‌ വീട്ടില്‍ മത്തായിയുടെ മകന്‍ ജോണാ(71)ണു കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ടത്‌.
കഞ്ചിക്കോട്‌ ദേശീയപാതയോരത്തെ വനിതാ ഹോസ്‌റ്റലില്‍ വ്യാഴാഴ്‌ച രാത്രി പതിനൊന്നരയോടെയാണ്‌ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമ്പുവടികൊണ്ട്‌ ജോണിനെ അടിച്ചുവീഴ്‌ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി. ടിവിയില്‍ പതിഞ്ഞിട്ടുണ്ട്‌. ഈ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് സംഘം പ്രതിയുടെ മുഖം മാത്രം എടുത്തത്. ഇയാൾ മുഖത്ത് മാസ്ക് ധരിച്ചിട്ടുണ്ട്. അത് കൊണ്ട് കണ്ണ് മാത്രമാണ് വ്യക്തമായി കാണാൻ സാധിക്കുന്നത്.

തമിഴ്‌നാട്ടില്‍നിന്നെത്തി പാലക്കാട്ട്‌ താമസമാക്കിയ ആളാണ്‌ അക്രമിയെന്നു സംശയിക്കുന്നു. ഹോസ്‌റ്റല്‍ വളപ്പില്‍ അസമയത്ത്‌ സംശയാസ്‌പദമായി കാണപ്പെട്ടയാളെ പിടികൂടി ചോദ്യംചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ കൊലപാതകം.

ഹോസ്‌റ്റലിനു പിന്നില്‍ നിഴലനക്കം കണ്ടതിനെത്തുടര്‍ന്നു താമസക്കാരായ സ്‌ത്രീകള്‍ വാര്‍ഡനെയും സെക്യൂരിറ്റി ജീവനക്കാരനെയും വിവരമറിയിച്ചു.
ടോര്‍ച്ചും ഇരുമ്പുവടിയുമായി തെരച്ചിലിനിറങ്ങിയ ജോണ്‍, ഹോസ്‌റ്റല്‍ വളപ്പില്‍ കണ്ടെത്തിയ അജ്‌ഞാതനെ പിടികൂടി മുന്‍വശത്തേക്ക്‌ എത്തിച്ചു.

അവിടെ തടഞ്ഞുവച്ച്‌ പോലീസിനെ വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഇരുമ്പുവടി പിടിച്ചുവാങ്ങി ജോണിനെ മര്‍ദിക്കുകയായിരുന്നു.
നിലത്തുവീണ ജോണിന്റെ തലയില്‍ ഇരുമ്പുവടി കൊണ്ട്‌ വീണ്ടും അടിച്ചതിനു ശേഷമാണ്‌ അക്രമി രക്ഷപ്പെട്ടത്‌.

വിവരമറിഞ്ഞ്‌ പോലീസെത്തി ജോണിനെ ജില്ലാ ആശുപത്രിയിലും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവസമയത്ത്‌ വാര്‍ഡന്‍ ഉള്‍പ്പെടെ 13 പേരാണ്‌ ഹോസ്‌റ്റലില്‍ ഉണ്ടായിരുന്നത്‌.

പാലക്കാട്‌ ഡിവൈ.എസ്‌.പി. സാജു കെ. ഏബ്രഹാം സ്‌ഥലത്തെത്തി. ഫോറന്‍സിക്‌, വിരലടയാള വിദഗ്‌ധരും തെളിവെടുപ്പ്‌ നടത്തിയിരുന്നു. വാളയാര്‍ ഇന്‍സ്‌പെക്‌ടര്‍ യൂസഫ്‌ നടുത്തറമേലിന്റെ നേതൃത്വത്തില്‍ എസ്‌.ഐമാരായ മനോജ്‌ ഗോപി, ജി.ബി. ശ്യാംകുമാര്‍, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.

ഇൗ ചിത്രത്തിൽ കാണുന്ന ആളെ തിരിച്ചറിയാൻ കഴിയുന്നവർ എത്രയും വേഗം വാളയാർ പൊലീസ് സ്റ്റേഷനിൽ വിവരം നൽകണമെന്ന് വാളയാർ പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണ സംഘത്തിൻ്റെ നമ്പർ – 9497962971.