കടത്തിൽ മുങ്ങി ഇരിക്കുമ്പോഴും മന്ത്രിമാർക്കായി പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ

കടത്തിൽ മുങ്ങി ഇരിക്കുമ്പോഴും മന്ത്രിമാർക്കായി പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാലപ്പഴക്കത്തെ തുടര്‍ന്ന്
മന്ത്രിമാര്‍ക്കായി 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ടൂറിസം വകുപ്പിന്റെ ശുപാര്‍ശ.

മന്ത്രിമാരുടെ കാറുകള്‍ മാറാന്‍ ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ചുവരികയാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ 10 വര്‍ഷം കാലാവധി കഴിയുമ്ബോഴോ അല്ലെങ്കില്‍ മൂന്ന് ലക്ഷം കിലോ മീറ്റര്‍ പിന്നിടുമ്ബോഴോ ആണ് സേവനത്തില്‍ നിന്നും മാറ്റുന്നത്.

മന്ത്രിമാരുടെ വാഹനം ഒരുലക്ഷം കിലോമീറ്ററോ മൂന്നുവര്‍ഷം സേവന കാലാവധിയോ കഴിയുമ്ബോള്‍ മാറി നല്‍കും. ഇപ്പോള്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2019ല്‍ വാങ്ങിയവയാണ്. മിക്കവയും ഒന്നരലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുഖ്യമന്ത്രിക്ക് മാത്രമാണ് പുതിയ കാര്‍ ലഭിച്ചത്.

സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്. അടുത്തിടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചിരുന്നു.

സര്‍ക്കാര്‍ വാഹനങ്ങളിലെ ടയര്‍ 32,000 കിലോമീറ്റര്‍ കഴിയുമ്ബോഴോ അതിന് മുമ്ബ് തേയ്മാനം സംഭവിച്ചാലോ മാറിനല്‍കും. മന്ത്രിമാരുടെ വാഹനത്തിനു ടയര്‍ മാറുന്നതിന് കിലോമീറ്റര്‍ നിശ്ചയിച്ചിട്ടില്ല.

തേയ്മാനം സംഭവിച്ചതായി ഓഫിസ് ഔദ്യോഗികമായി അറിയിച്ചാല്‍ മാറി നല്‍കും. മന്ത്രിമാര്‍ ഉപയോഗിച്ച പഴയ വാഹനങ്ങള്‍ ടൂറിസം വകുപ്പ് തിരിച്ചെടുത്താല്‍, സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളുടെ ആവശ്യത്തിന് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കും.