play-sharp-fill
നീതി ലഭിക്കുംവരെ സമരത്തില്‍നിന്ന് പിന്നോട്ടില്ല : ഗുസ്തി താരങ്ങള്‍

നീതി ലഭിക്കുംവരെ സമരത്തില്‍നിന്ന് പിന്നോട്ടില്ല : ഗുസ്തി താരങ്ങള്‍

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി : നീതി ലഭിക്കുംവരെ സമരത്തില്‍നിന്ന് പിന്നോട്ടില്ല, ലൈംഗികപരാതി ഉയര്‍ന്നിട്ടും ഇപ്പോഴും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ വിവിധയിടങ്ങളില്‍ പൂമാലയിട്ട് സ്വീകരിക്കുകയാണെന്നും ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍.

ഞങ്ങള്‍ സംസാരിക്കുന്നത് ഹൃദയത്തില്‍നിന്നാണ്.
രാഷ്ട്രീയ ലക്ഷ്യംവെച്ചുകൊണ്ടല്ല സമരം നടത്തുന്നത്. പിന്തുണ അറിയിച്ച എല്ലാ കായികതാരങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഞായറാഴ്ച സമരവേദിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പ്രതിഷേധക്കാര്‍ പറഞ്ഞു. വനിതാ കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി ‘മന്‍ കി ബാത്’ നടത്തുന്ന പ്രധാനമന്ത്രി ഞങ്ങള്‍ക്ക് പറയാനുള്ളതുകൂടി കേള്‍ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും ഫെഡറേഷനൊപ്പമാണെന്നും തനിക്കെതിരെ ലൈംഗിക പരാതി നല്‍കിയ വനിതാ താരങ്ങളെല്ലാം കോണ്‍ഗ്രസ് നേതാവായ ദീപേന്ദര്‍ സിങ് ഹൂഡ രക്ഷാധികാരിയായ അഖാഡയില്‍ പരിശീലിക്കുന്നവരാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചതുകൊണ്ട് നീതി ലഭിക്കില്ല. നീതി വേണമെങ്കില്‍ പൊലീസിനേയും കോടതിയേയും സമീപിക്കണം. ഇതുവരെ ഇതൊന്നും ചെയ്യാതെ അവര്‍ തന്നെ അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ കോടതി എന്തുതന്നെ വിധിച്ചാലും അനുസരിക്കുമെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി

സമരത്തിന് ഐക്യദാര്‍ഢ്യവുമായി വീരേന്ദര്‍ സെവാഗ്, നിഖാത്ത് സരീന്‍, ഇര്‍ഫാന്‍ പത്താന്‍, സാനിയാ മിര്‍സ, ഹര്‍ഭജന്‍ സിങ്, കപില്‍ദേവ്, നീരജ് ചോപ്ര, അഭിനവ് ബിന്ദ്ര തുടങ്ങിയ കായിക മേഖലയില്‍ നിന്നുള്ള പ്രമുഖരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്തുവന്നിരുന്നു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലെത്തി താരങ്ങള്‍ക്ക് പിന്തുണയേകിയിരുന്നു
അതിനിടെ, ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ ഏഴ് വനിത താരങ്ങള്‍ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഒരുക്കി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

Tags :