മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കുന്ന ഗോത്രസേവ പദ്ധതിക്ക് മാങ്കുളത്ത് തുടക്കം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.
സ്വന്തം ലേഖകൻ
അടിമാലി: മോട്ടോര്‍ വാഹനവകുപ്പ് നടപ്പിലാക്കുന്ന ഗോത്രസേവ പദ്ധതിക്ക് മാങ്കുളത്ത് മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.
ദേവികുളം സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസും മാങ്കുളം ഗ്രാമപഞ്ചായത്തും സംയുക്‌തമായി പൊതു ജനപങ്കാളിത്തത്തോടെ ഗോത്ര ജനതക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്ന ഗോത്രസേവ പദ്ധതിയാണ് മാങ്കുളത്ത് തുടക്കം കുറിച്ചത്. സംസ്‌ഥാനത്താദ്യമായാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഗോത്രസേവ പോലൊരു പദ്ധതി മോട്ടോര്‍വാഹന വകുപ്പ് നടപ്പിലാക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പാരംഭിച്ചിരിക്കുന്ന ഈ പദ്ധതി കേരളത്തിലെ ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുവാനായിട്ടാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഗോത്ര വിഭാഗത്തിലെ അവശേഷിക്കുന്ന ആളുകള്‍ക്ക് ലൈസന്‍സ് നേടേണ്ടതുണ്ടെങ്കില്‍ ഇതേ സംവിധാനത്തിലൂടെ തന്നെ അവര്‍ക്കും ലൈസന്‍സ് നല്‍കുവാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. വാഹനമോടിക്കാന്‍ ലൈസന്‍സ് എടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച പ്രചാരണം ഗോത്രസേവ പദ്ധതി വഴി ഗോത്രമേഖലകളിലേക്ക് എത്തിപ്പെടുകയാണ്. നിയമങ്ങള്‍ സര്‍ക്കാരിന് വേണ്ടിയല്ല. പൊതുജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണ്. എല്ലാവരും നിയമങ്ങള്‍ പാലിച്ചുപോയാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാകുകയുള്ളു. കേരളത്തില്‍ ജനസംഖ്യയുടെ പകുതി വാഹനങ്ങളുണ്ട്.
ഒരു കോടി അറുപതുലക്ഷം വാഹനങ്ങള്‍ കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണത്തില്‍ ലോകത്തുതന്നെ ഏറ്റവും മുമ്ബില്‍നില്‍ക്കുന്ന സ്‌ഥലങ്ങളില്‍ ഒന്നാണ് കേരളം. എ.ഐ. കാമറകള്‍ സ്‌ഥാപിച്ചശേഷം സംസ്‌ഥാനത്ത് മോട്ടോര്‍വെഹിക്കിള്‍ കുറ്റകൃത്യങ്ങള്‍ നേര്‍പകുതിയായി കുറഞ്ഞു. അപകടങ്ങളും കുറഞ്ഞു. കേരളത്തില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന അറുപതുശതമാനം ആളുകളും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവരാണ്. കാല്‍നടയാത്രികരാണ് ഇരുപത്തഞ്ച് ശതമാനം. കേരളത്തില്‍ മാത്രം നാലായിരത്തിലധികം ആളുകള്‍ ഒരു വര്‍ഷം വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ട്. ജനങ്ങളുടെ ജീവന്റെ സുരക്ഷക്കുവേണ്ടിയാണ് എ.ഐ ക്യാമറകള്‍ സ്‌ഥാപിച്ചിട്ടുള്ളത്. വിമര്‍ശനത്തെ ഭയന്ന് ക്യാമറകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ കഴിയില്ല. ജനങ്ങളുടെ സുരക്ഷക്കായി ശാസ്‌ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം സംവിധാനങ്ങള്‍ മുമ്ബോട്ട് കൊണ്ടു പോകേണ്ട അവസ്‌ഥയാണ് സംസ്‌ഥാനത്തുള്ളതെന്നും മന്ത്രി വ്യക്‌തമാക്കി. പദ്ധതിയുടെ ഭാഗമായി 28 പേര്‍ക്ക് മന്ത്രി ലൈസന്‍സ് വിതരണം ചെയ്‌തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഗോത്ര സേവാ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. മാങ്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സോളാര്‍ സ്‌ട്രീറ്റ് ലൈറ്റുകളുടെ ഉദ്‌ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. അഡ്വ. എ. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. എം ഭവ്യ, മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്‌ഥര്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ പ്രയത്‌നിച്ചവരെ അനുമോദിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ബോധവല്‍ക്കരണ പരിശീലനത്തിനു പിന്നാലെ നിയമങ്ങളും ചട്ടങ്ങളും പഠിപ്പിച്ച് ലേണേഴ്‌സ് എടുപ്പിച്ചശേഷം ടെസ്‌റ്റ് നടത്തിയാണ് ഗോത്രമേഖലയില്‍ നിന്നുള്ള ആളുകളെ ലൈസന്‍സിന് അര്‍ഹരാക്കിയത്.
ലൈസന്‍സ് സ്വന്തമാക്കിയവരില്‍ രണ്ടുപേര്‍ വനിതകളാണ്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥര്‍ കുടികളില്‍ എത്തിയാണ് തിയറി ക്ലാസുകള്‍ക്കൊപ്പം പരിശീലനവും നല്‍കിയത്. ആദിവാസി കുടികളില്‍ ലൈസന്‍സ് ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പരിഹാരം കാണുക, ഗോത്രവിഭാഗ ജനതക്ക് മോട്ടര്‍ വാഹന നിയമങ്ങളെ കുറിച്ച് അവബോധം സൃഷ്‌ടിക്കുക, ഗതാഗത സൗകര്യങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളും സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തിക്കുക, നിയമ പാലനവും സുരക്ഷിത ഡ്രൈവിംഗും ജനങ്ങളില്‍ ശീലിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഗോത്രസേവ പദ്ധതിക്ക് മോട്ടര്‍ വാഹന വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്.
പദ്ധതിക്ക് ട്രൈബല്‍
വകുപ്പിന്റെ പിന്തുണ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന്റെ പിന്തുണയോടെ ഇടുക്കി ആര്‍.ടി.ഒ: ആര്‍ രമണന്‍, ദേവികുളം ജോ. ആര്‍.ടി.ഒ: ടി.എച്ച് എല്‍ദോ എന്നിവരുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായ ദിപു എന്‍.കെ, ഫ്രാന്‍സിസ് എസ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായ ഫവാസ് വി സലിം, അബിന്‍ ഐസക്ക്, പ്രദീപ് കുമാര്‍, ഹരിത കെ എന്നിവരാണ് പദ്ധതി നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയത്. പദ്ധതിയുടെ രണ്ടാംഘട്ടം ഇടമലക്കുടിയിലും മൂന്നാംഘട്ടം മറയൂരിലും നടപ്പിലാക്കും.