കരിമ്പ് ആട്ടി ജ്യൂസാക്കി തിളപ്പിച്ച് ചെറു ചൂടോടെ ഉരുട്ടിയെടുക്കുന്നു; കണ്ട് ബോധ്യപ്പെട്ടതിന് ശേഷം വാങ്ങിയാൽ മതി; നാടന്‍ ശര്‍ക്കര ഓണ്‍ ലൈവ്
സ്വന്തം ലേഖിക
കോട്ടയം: എല്ലാം ലൈവായി ലഭിക്കുന്ന ഇക്കാലത്ത് കരിമ്പ് ആട്ടി ജ്യൂസാക്കി നാടൻ ശര്‍ക്കരയുണ്ടാക്കി നല്‍കുന്നതും ലൈവാകുന്നു.
മറയൂരോ, ഉദുമല്പേട്ടോ, സേലമോ ഈറോഡോ പോകേണ്ട, കിടങ്ങൂര്‍- അയര്‍ക്കുന്നം റോഡില്‍ കല്ലിട്ടുനടയിലാണ് നാടന്‍ ശര്‍ക്കര നിര്‍മാണം തത്സമയം നടക്കുന്നത്. നേരില്‍ കണ്ടതിനു ശേഷം മാത്രം ശര്‍ക്കര വാങ്ങിയാൽ മതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറുമാനൂര്‍ കുഞ്ചറക്കാട്ടില്‍ ജോസ് കെ. ഏബ്രഹാം കഴിഞ്ഞ ആറു വര്‍ഷമായി ഇവിടെ നാടന്‍ ശര്‍ക്കര നിര്‍മാണവും വിപണനവും നടത്തിവരുന്നത്.
അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നു വിരമിച്ച ശേഷം കുടുംബം പരമ്പരാഗതമായി ചെയ്തു വന്നിരുന്ന കരിമ്പ് കൃഷിയിലേക്ക് ജോസ് കെ. ഏബ്രഹാം കടക്കുകയായിരുന്നു. തിരുവല്ലയിലുള്ള സര്‍ക്കാരിന്റെ കരിമ്പ് ഗവേഷണകേന്ദ്രത്തില്‍ നിന്നു കരിമ്പ് തണ്ടുകള്‍ എത്തിച്ച് കൃഷി ആരംഭിച്ചു.
ഇന്ന് സ്വന്തമായുള്ള എട്ടേക്കര്‍ ഭൂമിയിലും പാട്ടത്തിനെടുത്ത 16 ഏക്കര്‍ ഭൂമിയിലും കരിമ്പ് പൂത്തുനില്ക്കുകയാണ്. വര്‍ഷം മുഴുവന്‍ കരിമ്പ് കൃഷിയും ശര്‍ക്കര നിര്‍മാണവുമാണ് ജോസിന്റെ കൃഷിയുടെ പ്രത്യേകത. ഭാര്യ റോസമ്മ, മക്കളായ നെവില്‍, ബാസ്റ്റിന് തുടങ്ങിയവരും ഏതാനും തൊഴിലാളികളും ജോസിന്റെ ശര്‍ക്കര നിര്‍മാണത്തിലെ സഹായികൾ.
പാടത്തു നിന്നും വെട്ടിയെടുത്ത കരിമ്പിൻ തണ്ടുകള്‍ ആദ്യം ചക്കില്‍ ആട്ടിയെടുത്ത് ജ്യൂസുണ്ടാക്കുന്നു. ജ്യൂസിലുള്ള വെള്ളം ബാഷ്പീകരണം നടത്തുമ്പോഴാണ് ശര്‍ക്കര ഉണ്ടാകുന്നത്. ഇതിനായി വലിയ ചെമ്പില്‍ ജ്യൂസ് ഒഴിച്ചെടുത്ത് തളിപ്പിച്ച് ജ്യൂസിലെ വെള്ളം നീരാവിയായി പുറത്തു കളയുന്നു.
100 ലിറ്റര്‍ ജ്യൂസ് ബാഷ്പീകരണം നടക്കാന്‍ നാലു മണിക്കൂറോളം വേണ്ടിവരും. തിളപ്പിക്കുന്നതിനായി ജ്യൂസെടുത്ത കരിമ്പിന് ചണ്ടികളും വിറകുമാണ് ഉപയോഗിക്കുന്നത്. വറ്റിച്ചെടുത്ത ജ്യൂസ് തടി മരവിയിലേക്ക് ഒഴിച്ചു കഴിഞ്ഞാല്‍ അരമണിക്കൂറിനുള്ളില്‍ നല്ലതുപോലെ ഇളക്കി ചെറു ചൂടോടെ ഉരുട്ടിയെടുക്കുകയാണ് ചെയ്യുന്നത്.
ഒരു ഉരുള 100 ഗ്രാം എന്ന രീതിയിലാണ് ഉരുട്ടിയെടുക്കുന്നത്. കിലോയ്ക്ക് 160 രൂപയ്ക്കാണ് വില്പന. ജീരകം, ഏലയ്ക്ക, ചുക്ക് എന്നിവ ചേര്‍ത്ത് മൂല്യവര്‍ധിത ഉത്പന്നമായും വില്‍ക്കുന്നുണ്ട്. ഇതിന് 200 രൂപയാണ് വില. ഒരു ദിവസം 200 കിലോ ശര്‍ക്കരയാണ് ഇവിടെയുണ്ടാക്കുന്നത്.
മായമില്ലാതെ എക്കോ ഫ്രണ്ട്ലി രീതിയിലാണ് ശര്‍ക്കര നിര്‍മാണം. ഇവിടെയെത്തിയാല്‍ നിര്‍മാണ രീതികള്‍ നേരിട്ടു കണ്ടു ശര്‍ക്കര വാങ്ങാം. പണ്ടു മുതലേ ആറുമാനൂര്‍ ശര്‍ക്കര പ്രശസ്തമായതിനാല്‍ വിവിധ പ്രദേശങ്ങളില്‍നിന്നും ധാരാളം ആളുകളാണ് ദിവസവും ശര്‍ക്കര നിര്‍മാണം കാണുന്നതിനും വാങ്ങുന്നതിനുമായി എത്തുന്നത്.
പായസം, കൊഴുക്കട്ട, ഇലയട തുടങ്ങി രൂചികരമായ ഭക്ഷണസാധങ്ങള്‍ ഉണ്ടാക്കുവാന്‍ ശര്‍ക്കരയ്ക്ക് എപ്പോഴും ആവശ്യക്കാരുണ്ടെന്നും ജോസ് പറയുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് കൊറിയറിലും ശര്‍ക്കര എത്തിക്കുന്നുണ്ട്.