കോട്ടയം നഗരത്തിൽ മുത്തൂറ്റ് ജീവനക്കാരിയ്ക്കു നേരെ ചീമുട്ടയേറ്: മുട്ടയെറിഞ്ഞത് സമരാനുകൂലികളായ സി.ഐ.ടി.യു പ്രവർത്തകർ; ഏറുകിട്ടിയത് സീനിയർ മാനേജർക്ക്

കോട്ടയം നഗരത്തിൽ മുത്തൂറ്റ് ജീവനക്കാരിയ്ക്കു നേരെ ചീമുട്ടയേറ്: മുട്ടയെറിഞ്ഞത് സമരാനുകൂലികളായ സി.ഐ.ടി.യു പ്രവർത്തകർ; ഏറുകിട്ടിയത് സീനിയർ മാനേജർക്ക്

നിമിഷ വി.സാബു

കോട്ടയം: നഗരമധ്യത്തിൽ മുത്തൂറ്റ് സീനിയർ മാനേജർക്കു നേരെ സമരാനുകൂലികളായ സി.ഐ.ടി.യു പ്രവർത്തകരുടെ ചീമുട്ടയേറ്. ബേക്കർ ജംഗ്ഷിലെ മുത്തൂറ്റ് ഓഫിസിൽ ജോലിയ്‌ക്കെത്തിയ രണ്ടു വനിതാ ജീവനക്കാരെ ലക്ഷ്യം വച്ചാണ് സമരക്കാർ ചീമുട്ട എറിഞ്ഞത്. മുത്തൂറ്റ് യൂണിറ്റിലെ സീനിയർ മാനേജർ രഹന അച്ചു ജോണിന്റെ ശരീരത്തിലാണ് ചീമുട്ട വീണ് പൊട്ടിയത്. രഹന വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ബേക്കർ ജംഗ്ഷനിലെ മുത്തൂറ്റ് ഓഫിസിനു മുന്നിലായിരുന്നു അക്രമങ്ങൾ അരങ്ങേറിയത്. മുത്തൂറ്റ് ഓഫിസിനു മുന്നിൽ നടക്കുന്ന സമരങ്ങളുടെ ഭാഗമായി നിരവധി ജീവനക്കാർ പ്രതിഷേധവുമായി വിവിധ ഓഫിസുകൾക്കു മുന്നിലെത്തിയിരുന്നു. എന്നാൽ, ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് എത്താതിരിക്കുകയും, കൃത്യമായി ജോലിയ്ക്കു കയറുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ കടുത്ത പ്രതിഷേധവുമായാണ് സമരാനുകൂലികളായ ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് എത്തിയത്. ഇതേ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ ജോലിയ്‌ക്കെത്തിയ വനിതാ ജീവനക്കാരിയ്ക്കു നേരെ ഒരു സംഘം ചീമുട്ട എറിയുകയായിരുന്നു. ഓഫിസിനു മുന്നിൽ വച്ച് ശരീരത്തിൽ ചീമുട്ട വീണതോടെ ഇവർക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്നു ഇവർ ഓഫിസിനുള്ളിൽ കയറി ശരീരം വൃത്തിയാക്കി വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു പോകുകയും പരാതി നൽകുകയുമായിരുന്നു.

വനിതാ ജീവനക്കാരിയാണ് എന്നത് പോലും പരിഗണിക്കാതെയാണ് സി.ഐ.ടി.യു പ്രവർത്തകർ ക്രൂരമായ ആക്രമണം അഴിച്ചു വിട്ടത്. കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.