മൂന്നു മുട്ട ആർക്ക്..! സംശയം തുമ്പായി; ക്യാമറ തെളിവായി: ബിലാൽ അകത്തായി; താഴത്തങ്ങാടിയിൽ പൊലീസിനു നിർണ്ണായക തുമ്പായത്  കോഴിമുട്ട

മൂന്നു മുട്ട ആർക്ക്..! സംശയം തുമ്പായി; ക്യാമറ തെളിവായി: ബിലാൽ അകത്തായി; താഴത്തങ്ങാടിയിൽ പൊലീസിനു നിർണ്ണായക തുമ്പായത് കോഴിമുട്ട

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ ക്രൂരമായി ആക്രമിച്ചു ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനു നിർണ്ണായക തെളിവായത് അടുപ്പിൽ പുഴുങ്ങാൻ വച്ചിരുന്ന മുട്ട. മോഷണത്തിലേയ്ക്കു തിരിയുമായിരുന്ന കേസിനെ നിർണ്ണായകമായി വഴിതിരിച്ചു വിട്ടത് ഈ മുട്ടയായിരുന്നു. കുടുംബവുമായി അടുപ്പമുള്ള ആരെങ്കിലും സംഭവ ദിവസം വീട്ടിൽ എത്തിയിരിക്കാമെന്നും, ഇവർക്കു കൊലപാതകവുമായി ബന്ധമുണ്ടാകാമെന്നും പൊലീസ് ആദ്യം സംശയിച്ചത് ഈ പുഴുങ്ങാൻ വച്ചിരുന്ന മുട്ടകണ്ടു തന്നെയാണ്.

വീട്ടുകാരുമായും നാട്ടുകാരുമായും കാര്യമായ അടുപ്പമില്ലാത്ത ദമ്പതിമാരായിരുന്നു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹമ്മദ് സാലിയും (65), ഭാര്യ കൊല്ലപ്പെട്ട ഷീബയും. വീടിനുള്ളിൽ ലൈറ്റ് പോലും ഇടാതെ, പരമാവധി അവനവനിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടുന്ന സമീപനമായിരുന്നു ഇരുവരുടേതും. ഇവർ വീട്ടിൽ അധികം ആർക്കും ഇടം നൽകിയിരുന്നുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിവിയുടെ വെളിച്ചത്തിലാണ് ഇവർ വീടിനുള്ളിൽ നടന്നിരുന്നത് പോലും. ആളുകളുമായി അകലം പാലിച്ചിരുന്നവർ വീട്ടിൽ മൂന്നാമത് ഒരാൾക്ക് ഭക്ഷണം ഉണ്ടാക്കണമെങ്കിൽ അത്ര അടുപ്പമുള്ള ആളുണ്ടായാൽ മാത്രമേ പറ്റൂ. സംഭവ ദിവസം വീട്ടിലെ ഗ്യാസ് അടുപ്പിൽ മൂന്നു മുട്ട പുഴുങ്ങാൻ വച്ചിരുന്നു. ഇത് ആർക്കാണ് എന്ന അന്വേഷണമാണ് പ്രതിയായ മുഹമ്മദ് ബിലാലിലേയ്ക്കു എത്തിച്ചത്.

സംഭവ ദിവസം പ്രതിയായ മുഹമ്മദ് ബിലാൽ രാവിലെ തന്നെ വീട്ടിലേയ്ക്കു എത്തിയത് മൂന്നു തവണ ക്യാമറയിൽ പതിഞ്ഞിരുന്നു. ആദ്യ തവണ വീട്ടിലേയ്ക്കു ആറു മണിയോടെയാണ് പ്രതി എത്തിയത്. തുടർന്നു തിരികെ പോകുന്നത് ക്യാമറയിൽ വ്യക്തമായി കാണാം. രണ്ടാം തവണ 7.45 നാണ് പ്രതി സ്ഥലത്ത് എത്തിയത്. ഇതും ക്യാമറയിൽ വ്യക്തമായി കാണാം.

പാറപ്പാടം റോഡിലെ റോയിയുടെ വീട്ടിലെയും, ചെങ്ങളം പെട്രോൾ പമ്പിലെയും ക്യാമറകൾ പ്രതിയിലേയ്ക്കു വിരൽ ചൂണ്ടുന്നതായിരുന്നു. എന്നാൽ, പാറപ്പാടം ക്ഷേത്രത്തിനു സമീപത്തെ കാമറയിൽ ഇയാളെ കാണാനും സാധിച്ചില്ല. ഇതോടെയാണ് ഇ കൊലപാതകം നടന്ന ഷാനി മൻസിൽ പ്രതി കയറിയതായി പൊലീസ് ഉറപ്പിച്ചത്.

വീടിന്റെ വാതിൽ തകർത്തതായി സൂചനകളൊന്നുമില്ലാതെ വന്നതോടെ, ആക്രമണത്തിന് ഇരയായ ദമ്പതിമാരുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചായി പൊലീസ് അന്വേഷണം. ഇതോടെ ഇവരുടെ വീടിന് സമീപത്ത് ഷീബയുടെ സഹോദരൻ വാടകയ്ക്കു താമസിച്ചിരുന്നവരെ പൊലീസ് കണ്ടെത്തി. ഏറ്റവും ഒടുവിൽ ഇവിടെ വാടകയ്ക്കു താമസിച്ചിരുന്നത് ബിലാലും കുടുംബവുമായിരുന്നു. ഇവരെ കണ്ടെത്തി ചോദ്യം ചെയ്തതോടെ രണ്ടു ദിവസത്തിലേറെയായി മകനെ കാണില്ലെന്നു പിതാവ് പൊലീസിനോടു പറഞ്ഞു.

തുടർന്നു, പൊലീസ് സംഘം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കാ്ട്ടിയതോടെ മകൻ തന്നെയാണ് പ്രതിയെന്നു പിതാവ് ഉറപ്പിച്ചു. സംഭവ ദിവസം കാറുമായി രക്ഷപെട്ട് പ്രതി, ചെങ്ങളത്തെ പെട്രോൾ പമ്പിൽ അപകടത്തിൽപ്പെട്ടിരുന്നു. പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ചപ്പോൾ തന്നെ പൊലീസ് ഇയാളുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. കാർ ഓടിക്കാൻ എടുത്തപ്പോഴെല്ലാം അപകടമുണ്ടാക്കിയ ആളാണ് പ്രതിയെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നു, കോട്ടയം കുമരകം റോഡിൽ നടത്തിയ അന്വേഷണത്തിലാണ് ചെങ്ങളം ഭാഗത്തെ പെട്രോൾ പമ്പിൽ അപകടം ഉണ്ടായതായി കണ്ടെത്തിയത്. ഇതോടെ തന്നെയാണ് ബിലാൽ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നു ഉറപ്പിച്ചത്.

കൊലപാകതം നടത്തിയ ശേഷം കുമരകം റോഡ് വഴി രക്ഷപെട്ട പ്രതി ലക്ഷ്യമിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്താനായിരുന്നു. എന്നാൽ, കാറുമായി പുറപ്പെട്ടപ്പോൾ തന്നെ അപകടം ഉണ്ടായതിനാൽ ആലപ്പുഴ മുഹമ്മദൻസ് സ്‌കൂളിനു സമീപം കാർ ഉപേക്ഷിക്കുകയായിരുന്നു. തുടർന്നു, പല വാഹനങ്ങളിലായി എറണാകുളം ഭാഗത്തേയ്ക്കു രക്ഷപെട്ടു.

ചേരാനനെല്ലൂർ മായാവി ഹോട്ടലിന്റെ ഉടമയുമായി സൗഹൃദമുണ്ടായിരുന്ന പ്രതി, ഇയാളെ ഫോണിൽ ബന്ധപ്പെട്ട് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു ചേരാനല്ലൂരിൽ എത്തിയ പ്രതിയ്ക്കു ഇവർ താമസ സൗകര്യം ഒരുക്കി നൽകി. പ്രതിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തിരഞ്ഞെത്തിയ പൊലീസ് സംഘം ചേരാനെല്ലൂരിലെ മുറിയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.