അന്‍പതും എഴുപതും വയസ്സ് പ്രായമുള്ള ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ കൊലപ്പെടുത്തിയത് സംശയരോഗത്തിന്റെ പേരില്‍; കോഴിക്കോടും കൊച്ചിയിലും അരങ്ങേറിയ കൊലപാതങ്ങളുടെ നടുക്കം മാറാതെ നാട്

അന്‍പതും എഴുപതും വയസ്സ് പ്രായമുള്ള ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ കൊലപ്പെടുത്തിയത് സംശയരോഗത്തിന്റെ പേരില്‍; കോഴിക്കോടും കൊച്ചിയിലും അരങ്ങേറിയ കൊലപാതങ്ങളുടെ നടുക്കം മാറാതെ നാട്

സ്വന്തം ലേഖകന്‍

കൊച്ചി: സംശയരോഗത്തെ തുടര്‍ന്ന് കൊച്ചിയിലും കോഴിക്കോട്ടും ഭാര്യമാരെ കൊന്ന് ഭര്‍ത്താക്കന്മാര്‍ ജീവനൊടുക്കി. കൊച്ചി വരാപ്പുഴ ചേന്നൂരില്‍ എഴുപത്തഞ്ചുകാരനായ ജോസഫ് എഴുപതുകാരിയായ ഭാര്യ ലീലയെ തലയ്ക്കടിച്ചു കൊന്ന ശേഷം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വരാപ്പുഴ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും.

കോഴിക്കോട് അത്തോളിയിലെ കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭന(50)യെയാണ് ഭര്‍ത്താവ് കൃഷ്ണന്‍ (54) അടിച്ചുകൊന്നത്. ശോഭനയും കൃഷ്ണനും തമ്മില്‍ വഴക്കിടുന്നത് പതിവാണെന്ന് സമീപവാസികള്‍ പറഞ്ഞു. കൊല നടന്ന ഇന്നലെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. എന്നാല്‍, സ്ഥിരം സംഭവമായതിനാല്‍ അയല്‍വാസികള്‍ കാര്യമാക്കിയിരുന്നില്ല. ഭാര്യയുമായി വഴക്കിട്ട കൃഷ്ണന്‍ അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് പോയി. രാത്രി ഏറെ വൈകിയും വീട്ടില്‍ വെളിച്ചം കണ്ടതോടെ കൃഷ്ണന്റെ സഹോദരനും മകനും ഇവിടെയെത്തി. അപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് പൂട്ട് തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ശോഭനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അത്തോളി പൊലീസിനെ വിവരം അറിയിച്ചു.

പിന്നീട് കൃഷ്ണനെ തറവാട് വീട്ടിന് സമീപത്തെ പ്ലാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. സംശയരോഗത്തെ തുടര്‍ന്നാണ് കൃഷ്ണന്‍ കൊല നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ശോഭ-കൃഷ്ണന്‍ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണ്. ഇരുവരും വിവാഹിതരാണ്. വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് താമസിച്ചിരുന്നത്.

വടകര റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം ഫോറന്‍സിക്കും ഫിംഗര്‍ പ്രിന്റ് സംഘവും പരിശോധന നടത്തി. കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം അത്തോളി എസ്.ഐ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മക്കള്‍: രമ്യ (കൂത്താളി ), ധന്യ (ചേളന്നൂര്‍).

 

Tags :