പതിനാറുകാരിയെ അമ്മ കൊന്ന് കിണറ്റിലിട്ടത് രഹസ്യ ബന്ധത്തിന് തടസം നിന്നതിന്: കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ നടുവിലിരുത്തി ബൈക്ക് ഓടിച്ചത് കിലോമീറ്ററുകളോളം; പത്താം ക്ലാസിൽ മികച്ച വിജയം നേടിയ മകളെ കൊന്നത് അമ്മയുടെ കാമവെറി; അമ്മയ്‌ക്കെതിരെ അതിരൂക്ഷ പ്രതികരണവുമായി നാട്ടുകാർ

പതിനാറുകാരിയെ അമ്മ കൊന്ന് കിണറ്റിലിട്ടത് രഹസ്യ ബന്ധത്തിന് തടസം നിന്നതിന്: കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ നടുവിലിരുത്തി ബൈക്ക് ഓടിച്ചത് കിലോമീറ്ററുകളോളം; പത്താം ക്ലാസിൽ മികച്ച വിജയം നേടിയ മകളെ കൊന്നത് അമ്മയുടെ കാമവെറി; അമ്മയ്‌ക്കെതിരെ അതിരൂക്ഷ പ്രതികരണവുമായി നാട്ടുകാർ

തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം:  നെടുമങ്ങാട് എസ്.എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ പതിനാറുകാരിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയത് അമ്മയ്ക്കും കാമുകനും രഹസ്യമായും സ്വതന്ത്രമായും ബന്ധം സ്ഥാപിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നെന്നതിന് നിർണ്ണായക തെളിവ് പുറത്ത്. തമിഴ്‌നാട്ടിൽ നിന്നും പിടിയിലായ അമ്മയും കാമുകനും നൽകിയ മൊഴികളും, നാട്ടുകാരുടെ മൊഴിയുമാണ് കേസിൽ പ്രതികളെ കുടുക്കിയത്.  ഇരുവരുടേയും രഹസ്യബന്ധം പെൺകുട്ടി എതിർത്തതോടെയാണ് കൊല നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. കുട്ടിയുടെ അമ്മ മഞ്ജുഷയെയും, സുഹൃത്ത് അനീഷിനെയും റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് മഞ്ജുഷയേയും മകളേയും വാടക വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് മഞ്ജുഷയേയും കാമുകൻ ഇടമല സ്വദേശി അനീഷിനേയും തമിഴ്നാട്ടിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. മകൾ ഒളിച്ചോടിയെന്നാണ് അപ്പോൾ മഞ്ജുഷ പോലീസിനോട് പറഞ്ഞത്.
തുടർന്നാണ് പൊട്ടക്കിണറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം ലഭിച്ചത്. മകൾ ആത്മഹത്യ ചെയ്തെന്നാണ് അമ്മ ആദ്യം പോലീസിനു നൽകിയ മൊഴി. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
അനീഷുമായുട്ടുള്ള ബന്ധം ചോദ്യം ചെയ്തു തുടങ്ങിയതോടെയാണ് മകളെ കൊല്ലാൻ പദ്ധതി ഇട്ടതെന്ന് മഞ്ജുഷ പറഞ്ഞു. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ അടുത്തയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങിക്കും. കൊലപാതകമാണെന്ന് നേരത്തെ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിലെ മൂന്ന് എല്ലുകൾക്ക് പൊട്ടലുണ്ട്.
അകാരണമായി അനീഷ് മീരയെ വഴക്കുപറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിൽ തൂങ്ങിമരിച്ചെന്നായിരുന്നു മഞ്ജുഷ പോലീസിനോട് പറഞ്ഞത്. പത്താം തീയതി നടന്ന സംഭവത്തിന് ശേഷം മീരയുടെ മൃതദേഹം ബൈക്കിൽ നടക്കിരുത്തി മഞ്ജുഷയും അനീഷും ചേർന്ന് അഞ്ചു കിലോമീറ്ററോളം ഓടിച്ച് കാരാന്തലയിൽ അനീഷിന്റെ വീടിന് ചേർന്നുള്ള പുരയിടത്തിലെ കണിറിൽ തള്ളുകയായിരുന്നു. വെള്ളത്തിൽ പൊങ്ങിവരാതിരിക്കാൻ മൃതദേഹങ്ങൾ സിമന്റ് കട്ടകൾ വച്ചുകെട്ടുകയും ചെയ്തു. കിണറിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം വലയിട്ട് മൂടി.
20 ദിവസം ആരുമറിയാതെ കിണറ്റിൽ കിടന്നു. അമ്മയ്ക്കൊപ്പം മീരയും എവിടെയോ യാത്ര പോയെന്നാണ് അയൽക്കാർ കരുതിയത്. അനീഷ് അവിവാഹിതനാണ്. മഞ്ജുഷയുടെ ആദ്യ ഭർത്താവ് മരിച്ചുപോയിരുന്നു. ഇതിന് ശേഷമാണ് അനീഷുമായി അടുപ്പത്തിലായത്.
അമ്മ മഞ്ജുഷയ്‌ക്കൊപ്പം ഏകമകളായ മീര പറണ്ടോട്ടെ വാടകവീട്ടിൽ താമസം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നതേയുള്ളു. മഞ്ച സ്വദേശിയായ മഞ്ജുഷയുടെ ആദ്യഭർത്താവിലെ കുട്ടിയാണ് മീര.17 കൊല്ലത്തെ ദാമ്പത്യത്തിനൊടുവിൽ ഭർത്താവ് ഉപേക്ഷിച്ചു പോയി. ഭാര്യ മരിച്ച കാരാന്തല സ്വദേശിയായ ഒരു കർഷകനുമായി മഞ്ജുഷയുടെ രണ്ടാം വിവാഹം ബന്ധുക്കൾ നടത്തി. ആ ബന്ധത്തിന് ഒരു വർഷത്തെ ആയുസ് പോലും ഉണ്ടായില്ല.
ഇതിനിടയിലേക്കാണ് കാരാന്തല കുരിശടി ജംഗ്ഷനിൽ റോഡരികത്ത് വീട്ടിൽ പരേതനായ ചന്ദ്രന്റെ ഇളയ മകൻ അനീഷിന്റെ കടന്നുവരവ്.ഇയാൾ ഇടപെട്ടാണ് മഞ്ജുഷയെയും മകളെയും വാടക വീട്ടിലേക്ക് മാറ്റി പാർപ്പിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ അനീഷ് അവിവാഹിതനാണ്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. കുടുംബ പ്രശ്‌നങ്ങൾ വിട്ടൊഴിയാത്ത ഈ വീട്ടിൽ അച്ഛനും മൂത്ത സഹോദരനും തൂങ്ങി മരിച്ചതാണ്. അയൽക്കാരുമായി ബന്ധമില്ല. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാൽ ഇയർഫോണും തിരുകി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തനിച്ചിരിക്കുന്നതാണ് പ്രകൃതം. അനീഷും മഞ്ജുഷയും വാടക വീട്ടിൽ മിക്കപ്പോഴും ഒരുമിച്ചിരുന്നതായി അയൽക്കാർ പറയുന്നു. മഞ്ജുഷയുടെ കുടുംബവീടായ മഞ്ച പേരുമലയിൽ അച്ഛൻ രാജേന്ദ്രനും അമ്മ വത്സലയും തനിച്ചാണ്. വാടക വീടെടുത്ത് മാറുമ്പോൾ മീര തടസം പറഞ്ഞിരുന്നു. അമ്മൂമ്മയ്‌ക്കൊപ്പം മഞ്ചയിലെ വീട്ടിൽ നില്ക്കാമെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും മഞ്ജുഷ അനുവദിച്ചില്ല.
ഇടുങ്ങിയ റോഡിന്റെ ഓരത്ത് നിരനിരയായി വീടുകളുള്ള ചെറിയൊരു ജംഗ്ഷനാണ് കാരാന്തല. നഗരമദ്ധ്യത്ത് നിന്ന് ഏതാനും കി.മീറ്റർ മാത്രം അകലം.റോഡുവക്കിലെ അനീഷിന്റെ വീടിനോടു ചേർന്ന് കാടുമൂടിയ ഒരു സ്വകാര്യ പുരയിടമുണ്ട്. ഇവിടത്തെ കിണറ്റിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്. റോഡിലൂടെ പോകുന്നവരുടെ കാൽപ്പെരുമാറ്റം പോലും വീട്ടിൽ ഇരിക്കുന്നവർക്ക് വ്യക്തമായി കേൾക്കാനാവും. എന്നിട്ടും മഞ്ജുഷയും കാമുകനും ബൈക്കിൽ ഇരുത്തി കൊണ്ടുവന്ന മൃതദേഹം കിണറ്റിൽ തള്ളിയതിന് സാക്ഷികളില്ലത്രെ. സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാറില്ലെന്നാണ് ഇതിന് സമീപവാസികളുടെ വിശദീകരണം. കിണറിന് എതിർവശത്തെ ഇലക്ട്രിക് പോസ്റ്റിലെ ഹാന്റ് ബൾബ് എതിർദിശയിലേക്ക് തിരിച്ചു വച്ച നിലയിലായിരുന്നു. ജഡം തള്ളുന്നത് ശ്രദ്ധയിൽപ്പെടാതിരിക്കാൻ ബോധപൂർവം വഴിവിളക്ക് ചരിച്ചു വച്ചതാണെന്ന് വ്യക്തം.അതേപ്പറ്റിയും ആർക്കും സംശയമില്ല. മഞ്ജുഷയും അനീഷും നൽകിയ മൊഴി പ്രകാരം 19 ദിവസമായി ജഡം കിണറ്റിലാണ്. പക്ഷ, ദുർഗന്ധമോ അസ്വാഭാവികതയോ ആർക്കും അനുഭവപ്പെട്ടില്ല.