നാട്ടകത്തെ കൊതുകിന് ശക്തി കൂടും: ജില്ലയിൽ കൂടുതൽ കൊതുകുള്ളത് നാട്ടകത്തെന്ന് പഠന റിപ്പോർട്ട്

നാട്ടകത്തെ കൊതുകിന് ശക്തി കൂടും: ജില്ലയിൽ കൂടുതൽ കൊതുകുള്ളത് നാട്ടകത്തെന്ന് പഠന റിപ്പോർട്ട്

Spread the love

ഹെൽത്ത് ഡെസ്‌ക്

കോട്ടയം: ആരോഗ്യ മേഖലയിൽ ഏരെ പുരോഗമിച്ചെന്നു പറയുമ്പോഴും പുതിയ പുതിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ കൊതുകുള്ളത് നാട്ടകം മേഖലയിലെന്ന് റിപ്പോർട്ട്. ജില്ലയിലെ കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഈ പ്രദേശത്താണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പ്രഥമികാരോഗ്യ കേന്ദ്രങ്ങൾ അടക്കം വിവിധ ആശുപത്രികളിൽ നിന്നായി ശേഖരിച്ച കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ വിലയിരുത്തി നടത്തിയ പഠനത്തിലാണ് കൊതുക്ജന്യ രോഗങ്ങളിൽ മുൻപന്തിയിൽ നാട്ടകത്തെ കണ്ടെത്തിയത്.
ഡെങ്കിപ്പനിയാണ് ഇതിൽ പ്രധാന വില്ലൻ.
നാട്ടകത്തിന് പുറമെ പനച്ചിക്കാട്, അതിരമ്പുഴ, കാണക്കാരി, അറുനൂറ്റിമംഗലം, ടി.വി.പുരം, കോട്ടയം നഗരസഭ , ഓണംതുരുത്ത്, മറവൻതുരുത്ത്, ഇടയാഴം, ഉദയനാപുരം എന്നിവിടങ്ങളിലും കൊതുകുജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. പാടശേഖരങ്ങളും തോടുകളും കൂടുതലുള്ളതാണ് കൊതുകുകൾ നാട്ടകത്തെ കൊല്ലാകൊല ചെയ്യാൻ കാരണം. റബർ,കൈതച്ചക്ക തോട്ടങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിലും ഡെങ്കിപ്പനിയുൾപ്പടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നതായും പഠനത്തിൽ പറയുന്നു.
മീനച്ചിലാർ കായലിലേക്ക് പതിക്കുന്ന ഭാഗങ്ങളിലും വലിയതോതിൽ രോഗബാധ കണ്ടെത്തിയിരിക്കുന്നു. കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പകർച്ചവ്യാധികൾ ജീവനെടുക്കുമെന്ന ഭീതിയിലാണ് ആളുകൾ.
ഡെങ്കിപ്പനി രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞവർഷം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വിവിധ ജില്ലകളിലെ ‘ഡെങ്കിപ്പനിഹോട്ട്സ്പോട്ട് ഏരിയ’ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവർഷം കോട്ടയം നഗരസഭ, പള്ളിക്കത്തോട്, വാഴൂർ, ഈരാറ്റുപേട്ട, തലയാഴം, പനച്ചിക്കാട് എന്നിവയാണ്
ഡെങ്കുഹോട്ട് സ്പോട്ട് ഏരിയകളായി പ്രഖ്യാപിച്ചത്. എന്നാൽ പകർച്ചവ്യാധികൾ വ്യാപികമായിട്ടും ഇത്തവണ ഹോട്ട്സ്പോട്ടുകൾ ഏരിയകൾ പ്രഖ്യാപിച്ചിട്ടില്ല.
പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് സർക്കാർ രൂപം നൽകിയ ആരോഗ്യ ജാഗ്രത ക്യാമ്പയിനും പരണത്ത്.
മുമ്പ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ തദ്ദേശസ്ഥാപനങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കോട്ടയം ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ കൈതൊട്ടിട്ടില്ല.
കാലാവസ്ഥാവ്യതിയാനവും പ്രതിരോധനടപടികൾ പാളിയതും കാരണം കഴിഞ്ഞതവണ എച്ച്1 എൻ1, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചപ്പനികൾ ബാധിച്ചവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായിരുന്നു. മരണനിരക്കും കൂടി. ഇതിനെ തുടർന്നാണ് ഈ വർഷം പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് ആർദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ജനുവരി മുതൽ ഡിസംബർ വരെ നടത്തുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ടത്.
പകർച്ചവ്യാധി പ്രതിരോധത്തിൽ വ്യക്തികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനൊപ്പം പരിസരശുചീകരണം ശീലമാക്കാൻ സമൂഹത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആരോഗ്യ ജാഗ്രത.
സംസ്ഥാന, ജില്ല, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ഘട്ടംഘട്ടമായാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന എല്ലാ പകർച്ചവ്യാധികൾക്കുമെതിരായ ജാഗ്രതായജ്ഞം നടത്തുക.
ആരോഗ്യജാഗ്രതാ ഗൃഹസന്ദേശം, ആരോഗ്യജാഗ്രതാബോധവത്ക്കരണം, മാർക്കറ്റുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ച് ജാഗ്രത പ്രവർത്തനം നടത്തുക, കൊതുക് പെരുകുന്നത് തടയുക, വീടുകളിൽ ആരോഗ്യജാഗ്രത പാലനം വിലയിരുത്തൽ തുടങ്ങി മുപ്പതോളം പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്.
എന്നാൽ തദേശസ്ഥാപനങ്ങൾ അലംഭാവം പുലർത്തിയതോടെ പദ്ധതികളെല്ലാം കടലാസിലായി.