വായ്പയെടുത്ത തുക മുഴുവൻ അടച്ചു തീർത്തിട്ടും ഇനിയും കിട്ടാനുണ്ടെന്ന്് ബാങ്ക് എച്ച് ഡി ബി ബാങ്കിനെതിരെ ഉപഭോക്തൃ കോടതിയുടെ വിധി.

സ്വന്തം ലേഖകൻ

പത്തനംതിട്ട: വായ്പ അടച്ചു തീർത്താലും രേഖകൾ കൈവശം വച്ച് ഇടപാടുകാരെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് താക്കീതായി ഉപഭോക്തൃ ഫോറത്തിന്റെ വിധി. വായ്പയെടുത്ത പണം മുഴുവൻ തിരികെ അടച്ചു തീർത്തിട്ടും ഈടായി നൽകിയ ചെക്ക് മടക്കി നൽകാതെ അത് ഇടപാടുകാരന്റെ അക്കൗണ്ടിൽ പ്രസന്റ് ചെയ്ത ധനകാര്യ സ്ഥാപനത്തിനാണ് ഉപഭോക്തൃഫോറം പിഴ അടയ്ക്കാൻ വിധിച്ചത്. ബാധ്യത എല്ലാം തീർന്നതിന് ശേഷവും ഇടപാടുകാരന്റെ അക്കൗണ്ടിൽ ചെക്ക് സമർപ്പിച്ചതിനും രണ്ടു തവണ പ്രൊസസിങ് ഫീസ് ഈടാക്കിയതിനും നഷ്ടപരിഹാരം നൽകാൻ ധനകാര്യസ്ഥാപനമായ എച്ച് ഡി ബി ഫിനാൻഷ്യൽ സർവീസസിനെതിരേയാണ് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ ഫോറം വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ചങ്ങനാശേരിയിൽ ജനറേറ്ററുകളുടെ വിൽപന നടത്തുന്ന ട്രിനിറ്റി പവർ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ തിരുവല്ല എടയാടിയിൽ വീട്ടിൽ ലൈജു വർഗീസ് നൽകിയ പരാതിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.
2014 മെയ് മാസത്തിൽ ലൈജു എച്ച് ഡി ബി ഫിനാൻഷ്യൽ സർവീസസിന്റെ കോട്ടയം ശാഖയിൽ നിന്ന് വ്യക്തിഗതവായ്പ എടുത്തിരുന്നു. 48 മാസത്തവണകളായിട്ടായിരുന്നു തിരിച്ചടവ്. അടവ് കൃത്യമായിരുന്നതിനാൽ 29 തവണയ്ക്ക് ശേഷം കൂടുതൽ തുകയ്ക്ക് വായ്പ പുതുക്കി നൽകി. വായ്പ് ടോപ്പപ്പ് ചെയ്തപ്പോഴും സ്ഥാപനം സർവീസ് ചാർജ് ഈടാക്കി. തുടർന്ന് വായ്പ അടച്ചു തീർന്നു കഴിഞ്ഞപ്പോൾ, ആദ്യ അക്കൗണ്ടിലേക്ക് വായ്പാ തിരിച്ചടവിന്റെ മാസത്തവണകൾ ഈടാക്കാനായി സമർപ്പിച്ചിരുന്ന രണ്ട് പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ ധനകാര്യസ്ഥാപനം ബാങ്കിൽ നൽകുകയായിരുന്നു. ലോൺ അടച്ചു തീർത്തിരുന്നതിനാൽ ഈ അക്കൗണ്ടിൽ ആവശ്യമായ പണം ഇല്ലായിരുന്നു. അതു കൊണ്ടു തന്നെ ചെക്ക് മടങ്ങി. ഈ വിവരം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരാതി പരിഹരിക്കാൻ ഫിനാൻസുകാർ തയാറായില്ല. പരാതിപ്പെട്ട് മടുത്ത ലൈജു വർഗീസ് ഒടുവിൽ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഫോറം എതിർകക്ഷികൾ 25,000 രൂപ നഷ്ടപരിഹാരവും അധികമായി ഈടാക്കിയ പ്രൊസസിങ് ഫീസ് 17,638 രൂപയും കോടതി ചെലവിനത്തിൽ മൂവായിരം രൂപയും അടക്കം 39,638 രൂപ നൽകാൻ നിർദ്ദേശിച്ചു. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 10 ശതമാനം പലിശ കൂടി നൽകണമെന്ന് പ്രസിഡന്റ് പി സതീഷ് ചന്ദ്രൻ നായരും അംഗം ഷീലാ ജേക്കബും അടങ്ങുന്ന ഫോറം ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ ബി അരുൺദാസ് ഹാജരായി.