ഇനി രക്ഷ മോദിയിൽ മാത്രം: കോൺഗ്രസിൽ മോദിസ്തുതി തുടരുന്നു; മുതിർന്ന നേതാക്കളിൽ പലരും ബിജെപി ലക്ഷ്യമിട്ട് രംഗത്ത്; രാഹുലും കോൺഗ്രസും തളരുന്നു

ഇനി രക്ഷ മോദിയിൽ മാത്രം: കോൺഗ്രസിൽ മോദിസ്തുതി തുടരുന്നു; മുതിർന്ന നേതാക്കളിൽ പലരും ബിജെപി ലക്ഷ്യമിട്ട് രംഗത്ത്; രാഹുലും കോൺഗ്രസും തളരുന്നു

പൊളിറ്റിക്കൽ ഡെസ്‌ക്

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം നേരിടുന്ന തളർച്ചയുടെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളിൽ പലരും ബിജെപി പാളയം ലക്ഷ്യമിട്ടുള്ള സജീവ പ്രവർത്തനങ്ങളിൽ. കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളിൽ പലരും. ഇപ്പോൾ ഇവർ മോദിയ്ക്ക് നൽകിയ പിൻതുണയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്.
എല്ലായിപ്പോഴും മോദിയെ കുറ്റം പറയുന്നത് ശരിയായ നടപടിയല്ലെന്നും ഇത് ദോഷകരമായ ഫലം മാത്രമെ ഉണ്ടാക്കുകയുള്ളു എന്ന കോൺഗ്രസ് നേതാക്കളായ മനു അഭിഷേക് സിംങ്വിയുടേയും ജയറാം രമേശിന്റേയും പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത് എത്തിയതാണ് പുതിയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയത്. പി.ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതും, സുനന്ദപുഷ്‌കർ കേസിൽ ശശി തരൂരിനെതിരെ നടപടി ശക്തമാക്കിയതുമാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ മാറി ചിന്തിക്കുന്നതിന് കാരണമായതെന്നാണ് ലഭിക്കുന്ന പ്രധാന സൂചന.
മോദി 2014ൽ അധികാരത്തിൽ എത്തിയത് മുതൽ ഞാൻ ഇത് പറയുകയാണ് എന്ന് ശശി തരൂർ തന്റെ ട്വീറ്റിൽ പറഞ്ഞു. ഒരാളെ എന്തിനും ഏതിനും നിങ്ങൾ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അയാൾ നല്ല കാര്യം ചെയ്താൽ അതിനെ അഭിനന്ദിക്കുന്നതിന് ബുദ്ധിമുട്ടേണ്ട കാര്യം ഒന്നും തന്നെ ഇല്ല. എല്ലാത്തിനും കുറ്റപ്പെടുത്തിയാൽ പിന്നെ നാട്ടുകാർക്ക് സംശയം ഉണ്ടാകും. അത്തരം അവസ്ഥ വന്നാൽ പിന്നെ സത്യസന്ധമായ വിമർശനം പോലും ജനങ്ങൾ വിശ്വസിക്കില്ല.
മോദിക്കെതിരെയുള്ള വിമർശനത്തെക്കുറിച്ച് ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. പിന്തുണയുമായി അഭിഷേക് സിങ്വിയും രംഗത്തെത്തി. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ഗ്യാസ് കണക്ഷൻ നൽകുന്ന ഉജ്വല യോജന പദ്ധതി മികച്ചതായിരുന്നുവെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. മോദിയുടെ ഭരണം പൂർണമായി തെറ്റല്ല. ഭരണ നേട്ടങ്ങളെ അംഗീകരിക്കാത്തതും കുറ്റപ്പെടുത്തുന്നതും ആർക്കും ഗുണം ചെയ്യില്ല. ജനത്തെ ചേർത്തുനിർത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. നരേന്ദ്ര മോദി എല്ലാം കുളമാക്കി എന്ന് അഭിപ്രായപ്പെടുന്നത് ശരിയല്ല എന്നായിരുന്നു ജയറാം രമേശ് കഴിഞ്ഞ ദിവസം ഒരു പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞത്.മോദി സർക്കാരിന്റെ ഭരണത്തെ പൂർണ്ണമായും മോശമെന്ന് പറയാനാകില്ല. സർക്കാർ വീണ്ടും അധികാരത്തിലേറിയത് കഴിഞ്ഞ ഭരണത്തിൽ ചെയ്ത നല്ല പ്രവർത്തനങ്ങളുടെ ഭാഗമായാണെന്നുമാണ് കഴിഞ്ഞ ദിവസം ജയറാം രമേശ് പറഞ്ഞത് .

കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്ത് എത്തി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ അത് അതിജീവിക്കാൻ മോദി സർക്കാരിനൊപ്പം നിൽക്കുമെന്നാണ് കെജ്രിവാളിന്റെ അഭിപ്രായം.രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിർണായക തീരുമാനങ്ങൾ കേന്ദ്രം നടപ്പാക്കും . ഇക്കാര്യത്തിൽ കേന്ദ്രത്തിൽ പൂർണ വിശ്വാസമുണ്ടെന്നും കെജ്രിവാൾ വ്യക്തമാക്കി. കഴിഞ്ഞ മോദി സർക്കാരിൽ തുടക്ക കാലത്ത് മോദിയുടെ നയങ്ങളെ പിന്തുണച്ചതിന് കോൺഗ്രസിൽ വലിയ രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു.

അമിതമായി മോദിയ സ്തുതിക്കുന്നുവെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും തരൂരിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.ഇപ്പോൾ കൂടുതൽ നേതാക്കൾ മോദിയെ പിന്തുണച്ച് രംഗത്ത് വരുമ്പോൾ അത് രാഷ്ട്രീയപരമായി കോൺഗ്രസിന് തിരിച്ചടിയും ദുർബലമാകുന്ന അവസ്ഥയ്ക്ക് ആക്കം കൂട്ടുമെന്നും വിലയിരുത്തുന്നു. പ്രത്യേകിച്ച് നിയമസഭ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് കൂടുതൽ ഗുണം ചെയ്യും. ദേശീയതലത്തിൽ കോൺഗ്രസ് ബിജെപിക്ക് വളം വയ്ക്കുന്നു എന്ന ആരോപണവും ഒരു വിഭാഗവും ഉന്നയിക്കുന്നുണ്ട്.

രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കോൺഗ്രസിന് പ്രതിപക്ഷം എന്ന നിലയിൽ ഉന്നയിച്ച ആദ്യം എതിർപ്പ് കാശ്മീർ വിഷയത്തിലായിരുന്നു. എന്നാൽ ഇതിലും പാർട്ടിക്ക് ഉള്ളിൽ വലിയ രീതിയിലുള്ള ഭിന്നാഭിപ്രായം നിലനിന്നിരുന്നു.പി.ചിദംബരത്തിനെതിരായ സിബിഐ നീക്കത്തിനിടെ കോൺഗ്രസിന്റെ മൂന്നു പ്രമുഖനേതാക്കൾ നടത്തിയ മോദി അനുകൂല പ്രസ്താവനയുടെ അമ്പരപ്പിലാണ് ദേശീയ കോൺഗ്രസ് രാഷ്ട്രീയം.മോദിയുടെ ഭരണമാതൃക പൂർണമായും തെറ്റല്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ല. ജനങ്ങളെ ചേർത്തുനിർത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത് എന്നും നേതാക്കൾ പറയുന്നു.