പിഴ കൂടും; പിടി വീഴും: സെപ്റ്റംബർ ഒന്നു മുതൽ നിയമംലംഘിച്ചാൽ വാഹനയാത്രക്കാർക്ക് ചിലവ് കൂടും; കർശന നടപടികൾ ആരംഭിക്കുന്നു

പിഴ കൂടും; പിടി വീഴും: സെപ്റ്റംബർ ഒന്നു മുതൽ നിയമംലംഘിച്ചാൽ വാഹനയാത്രക്കാർക്ക് ചിലവ് കൂടും; കർശന നടപടികൾ ആരംഭിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമം കർക്കശമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ സെപ്റ്റംബർ ഒന്നു മുതൽ നിയമം ലംഘിക്കുന്ന വാഹന യാത്രക്കാർക്ക് വലിയ വില നൽകേണ്ടി വരും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികളാണ് നിയമം ലംഘിക്കുന്നവരെ ഇനി മുതൽ കുടുക്കിലാക്കുക.
നിയമ ലംഘനം നടത്തിയാൽ നിലവിലുള്ള പിഴകളേക്കൾ ഇരട്ടി തുകയാണ് ഇനി നൽകേണ്ടത്. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗിനുള്ള പിഴയും പുതുക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന വ്യക്തിയ്ക്ക് 1000 മുതൽ 5000 രൂപ വരെ തുക നൽകേണ്ടി വരും.
ഇരുചക്രവാഹനക്കാർ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്താലുള്ള പിഴ 1000 രൂപയായി വർധിപ്പിച്ചു. ഡ്രൈവിംഗ് ലൈസൻസിന്റെ വ്യവസ്ഥകൾ ലംഘിച്ചാൽ ഒരു ലക്ഷം രൂപ. അമിത ലോഡിന് 20,000 രൂപ. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ 10,000 രൂപയും പിഴയടയ്ക്കണം. നിലവിൽ 100 രൂപ പിഴ ചുമത്തുന്ന നിയമലംഘനങ്ങൾക്കെല്ലാം ഇനി 500 രൂപ ചുമത്തും. അധികൃതരുടെ ഉത്തരുവകൾ അനുസരിക്കാതിരന്നാൽ കുറഞ്ഞത് 2000 രൂപ വരെയും പിഴ ഈടാക്കും. ലൈസൻസ് എടുക്കാൻ മറക്കുന്നവരും ഇനി കുടുങ്ങും. 5000 രൂപയാണ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ പിഴ ഈടാക്കുന്നത്.
ഇൻഷുറൻസിന്റെ പകർപ്പില്ലാതെ വാഹനമോടിച്ചാൽ 2000 രൂപയും. സീറ്റ്ബെൽറ്റ് കർശനമാക്കിയതിനാൽ വാഹനമോടിക്കുമ്പോൾ ബെൽറ്റ് ധരിക്കാതെ ശ്രദ്ധയിൽപ്പെട്ടാൽ 1000 രൂപ പിഴ ഈടാക്കും. അടിയന്തിര ആവശ്യങ്ങൾക്കായി പോകുന്ന ആംബുലൻസ് പോലുള്ള വാഹനങ്ങൾക്ക് വഴി മാറി കൊടുത്തില്ലെങ്കിൽ 10,000 രൂപ പിഴയടക്കേണ്ടി വരും. ലംഘനം ആവർത്തിച്ചാൽ ഡ്രൈവറെ അയോഗ്യനാക്കാനും പുതുക്കിയ നിയമം അനുശാസിക്കുന്നു.
നിരത്തുകളിലെ അനുവദനീയമായ വേഗപരിധിക്കപ്പുറം വാഹനമോടിക്കുന്നവരും ശ്രദ്ധിക്കുക. നിയമ ഭേദഗതിയനുസരിച്ച് 1000 മുതൽ 2000 രൂപ വരെയാണ് അമിത വേഗതയ്ക്ക് ഈടാക്കുക.