മീറ്റർ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ ഭീഷണി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു; സംഭവം നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിൽ; സംഘർഷം തുടരുന്നു

മീറ്റർ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ ഭീഷണി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു; സംഭവം നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിൽ; സംഘർഷം തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മീറ്റർ പരിശോധിയ്ക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമായി ഓട്ടോഡ്രൈവർമാർ രംഗത്ത്. വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ അടങ്ങുന്ന സംഘത്തെയാണ് ഓട്ടോഡ്രൈവർമാർ തടഞ്ഞു വച്ചത്.

എ.എം.വി.ഐമാരായ അജയകുമാർ, രാജേഷ് എന്നിവരെയാണ് ഓട്ടോഡ്രൈവർമാർ ചേർന്ന് തടഞ്ഞു വച്ചത്. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് സ്ഥലത്ത് എത്തി ഓട്ടോഡ്രൈവർമാരുമായി ചർച്ച നടത്തുകയാണ്. എന്നാൽ, ഇതുവരെയും പ്രശ്‌നത്തിനി പരിഹാരം കാണാൻ സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് കോട്ടയം നഗരമധ്യത്തിൽ നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിനു സമീപം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം വാഹന പരിശോധന ആരംഭിച്ചത്. നഗരത്തിലെ ഓട്ടോറിക്ഷകളിൽ സെപ്റ്റംബർ ഒന്നു മുതൽ ജില്ലാ കളക്ടർ മീറ്റർ നിർബന്ധമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പ് സംഘം പരിശോധന നടത്തിയത്.

ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും പരിശോധിക്കുന്നതിനിടെ ഇതുവഴി എത്തിയ ഓട്ടോറിക്ഷകൾ തടഞ്ഞു നിർത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതാണ് തർക്കത്തിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത്. മീറ്റർ പരിശോധിക്കരുതെന്നും, ത്ങ്ങൾ മീറ്ററിടാതെ തന്നെ ഓടുമെന്നുമായിരുന്നു ഡ്രൈവർമാരുടെ ഭീഷണി. ആദ്യം രണ്ട് ഓട്ടോഡ്രൈവർമാർ ചേർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കമായി.

ഇത് കണ്ട് കൂടുതൽ ഓട്ടോക്കാരെത്തി. നിമിഷ നേരം കൊണ്ട് നൂറിലേറെ ഓട്ടോഡ്രൈവർമാർ ശാസ്ത്രി റോഡിലും, കുര്യൻ ഉതുപ്പ് റോഡിലുമായി നിറഞ്ഞു. ഇതോടെ ഈ രണ്ട് റോഡിലും ഗതാഗതക്കുരുക്കും ഉണ്ടായി. തർക്കം രൂക്ഷമാകുകയും, കയ്യേറ്റത്തിലേയ്ക്ക് കാര്യങ്ങൾ എത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായതോടെ മോട്ടോർ വാഹന വകുപ്പ് അധികൃതർ വിവരം പൊലീസിൽ അറിയിച്ചു.

സ്ഥലത്ത് എത്തിയ പൊലീസ് സംഘം എന്നാൽ പ്രശ്‌നത്തിൽ കാര്യമായ ഇടപെടൽ നടത്തിയില്ല. ഇവരാകട്ടെ മൗനമായി നിൽക്കുകയായിരുന്നു. തർക്കം രൂക്ഷമാകുന്ന വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ചർച്ച നടത്തുകയാണ്. എന്നാൽ, മീറ്റർ പരിശോധന അവസാനിപ്പിക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്.