ലക്ഷങ്ങൾ വില വരുന്ന 200 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ കൊച്ചിയിൽ എക്‌സൈസ് സ്ക്വാഡിന്റെ പിടിയിൽ; വീര്യംകൂടിയ ലഹരി മരുന്നായ എം.ഡി.എം.എ എത്തിച്ചത് ലഹരിപ്പാർട്ടികൾക്ക്; പിടിയിലായത് ആലപ്പുഴ തൃശൂർ സ്വദേശികൾ
തേർഡ് ഐ ബ്യൂറോ
കൊച്ചി: വീര്യം കൂടിയ ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി.
ആലപ്പുഴ ചേർത്തല കലവൂർ വലിയപുന്നയ്ക്കൽ വീട്ടിൽ ബിമൽ ബാബു (22), തൃശൂർ കൊടുങ്ങല്ലൂർ പാപ്പിനവട്ടം വില്ലേജ് മതിലകം പാമ്പിനഴത്ത് വീട്ടിൽ അൽ അമീൻ (23) എന്നിവരെയാണ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും എറണാകുളം എക്‌സൈസും ചേർന്നു പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ താമസിച്ചിരുന്ന കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നാണ് വീര്യം കൂടിയ ലഹരി മരുന്ന് കണ്ടെത്തിയത്. 200 ഗ്രാം എം.ഡി.എം.എയും ഇവരിൽ നിന്നും കണ്ടെത്തി.
ഓണക്കാലത്ത് ആലപ്പുഴയും, കൊച്ചിയും, ഇടുക്കിയിലെ ചില ഭാഗങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവും വീര്യം കൂടിയ ലഹരിയും വിൽക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ബംഗളൂരുവിൽ നിന്നും വീര്യം കൂടിയ ലഹരി എത്തിക്കുന്നതായും, ലഹരി പാർട്ടികളിൽ ഇത് ഉപയോഗിക്കുന്നതായും സിവിൽ എക്‌സൈസ് ഓഫിസർ കെ.എൻ സുരേഷ് കുമാറിനും വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു എക്‌സൈസ് സംഘം ദിവസങ്ങളായി കൊച്ചിയിലും പരിസരത്തും നിരീക്ഷണം നടത്തി വരികയായിരുന്നു.
ദക്ഷിണമേഖലാ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.രാജേഷിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന.
ഇതിനിടെയാണ് കാക്കനാട്ടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പ്രതികൾ വീര്യം കൂടിയ ലഹരി മരുന്നായ എം.ഡി.എം.എയുമായി എത്തിയതായി കണ്ടെത്തിയത്. തുടർന്നാണ് എക്‌സൈസ് സംഘം പ്രതികളെ പിടികൂടിയത്. ഇരുവരെയും പിടികൂടിയ എറണാകുളം കാക്കനാട്ടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് കച്ചവടം നത്തിയിരുന്നത്.
എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പ്രദീപ് റാവൂ, എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി.പിള്ള, എക്‌സൈസ് ഇൻസ്‌പെക്ടർ ആദർശ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കുമാർ കെ.എൻ, എം.അസീസ്, ഷിജു കെ, ജിയേഷ്, ബിമൽകുമാർ, ലിബിൻ, എന്നിവരും എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി.വിനോജ്, ഇൻസ്‌പെക്ടർ കെ.ശങ്കർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടു വന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. കൊച്ചിയിലും ആലപ്പുഴയിലും എത്തുന്ന വിദേശ ടൂറിസ്റ്റുകളും, ഇവിടങ്ങളിൽ തന്നെയുള്ള യുവാക്കളെയുമാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
ഒരു ഗ്രാമിന് 3500 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. നിശ്ചിത അളവിൽ കൂടുതൽ എം.ഡി.എം.എ അടക്കമുള്ള വീര്യമുള്ള ലഹരി മരുന്നുകൾ കൈവശം വയ്ക്കുന്നത് 20 വർഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.