വിവാഹ റാഗിങ്ങ് അതിരുവിട്ടു; കാന്താരി മുളക്  അരച്ചു കലക്കിയ വെള്ളം കുടിച്ച് വധുവും വരനും ആശുപത്രിയിൽ

വിവാഹ റാഗിങ്ങ് അതിരുവിട്ടു; കാന്താരി മുളക്  അരച്ചു കലക്കിയ വെള്ളം കുടിച്ച് വധുവും വരനും ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: വിവാഹ വീട്ടില്‍ സഹൃത്തുക്കളുടെ റാഗിങ്ങ് അതിരു കടന്നപ്പോൾ  വധുവും വരനും ആശുപത്രിയില്‍.  കൊയിലാണ്ടി കാവുംവട്ടത്താണ് വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരി മുളക് അരച്ച്‌ കലക്കിയ വെള്ളം സുഹൃത്തുക്കൾ നിര്‍ബന്ധിപ്പിച്ച്‌ കുടിപ്പിച്ചത്.  കാന്താരി അരച്ച് കലക്കിയ വെള്ളം കുടിച്ചതിനെ തുടർന്ന്  ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹ വേഷത്തില്‍ തന്നെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ചികിത്സ നല്‍കി. സംഭവത്തെതുടർന്ന്  കൊയിലാണ്ടി പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ വധുവിനും വരനും പരാതി ഇല്ലെന്ന്  പറയുകയായിരുന്നു. ഇത് എഴുതി നൽകിയതിനാൽ  പൊലീസ് എഴുതി നല്‍കിയതിനാല്‍  കേസെടുത്തിട്ടില്ല.

വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, ഒരു തവണ  മലബാറില്‍ ഇടക്കാലത്ത് നിര്‍ത്തിവെച്ച വിവാഹ റാഗിങ്ങ് വീണ്ടും തിരിച്ചു വന്നിരിക്കയാണെന്ന് പരാതിയുണ്ട് . നിരവധി മത സംഘടനകളും സാമൂഹിക സംഘടനകളും പ്രതികരിച്ചതോടെ വിവാഹ റാംഗിങ്ങ് തീര്‍ത്തും നിന്നിരുന്നു. കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് മുമ്പ് പതിവായിരുന്നു. വരന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ ആകാം ഇത്തരത്തില്‍ വിവാഹദിനത്തില്‍ വധൂവരന്മാര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നത്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങി നിരവധി റാഗിങ് പരിപാടികള്‍ പലപ്പോഴും അതിരുവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണു മുന്നറിയിപ്പുമായി കേരള പൊലീസ് തന്നെ നേരത്തെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നത്. ഇത്തരം പരിപാടികള്‍ ക്രമസമാധാന പ്രശ്നമായി മാറുകയാണെന്നും വിവാഹം മുടങ്ങുന്നതും കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായ സംഭവങ്ങള്‍ക്കു കാരണമാകുന്നതായും പൊലീസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. വിവാഹവേദിയിലേക്കു ശവപ്പെട്ടിയില്‍ വരനെ കൊണ്ടുവന്ന സംഭവം ചര്‍ച്ചയായിരുന്നു. റാഗിങ് സഹിക്കാനാവാതെ ഭക്ഷണം തട്ടിക്കളഞ്ഞു പോകുന്ന വരന്റെ ദൃശ്യങ്ങളും ഞെട്ടലോടെയാണു കേരളം കണ്ടത്. ഇതുപോലെ നിരവധി പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിമര്‍ശനം നേരിട്ടതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

 വിവാഹ റാഗിങ്ങുമായി ബന്ധപ്പെട്ട്   കേരള പൊലീസിന്റെ    കുറിപ്പ്

അതിരുകടക്കുന്ന വിവാഹ ‘റാഗിങ്’

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന ‘ആഘോഷങ്ങളും” ‘റാഗിംഗു”മെല്ലാം ഇപ്പോള്‍ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകള്‍ സകലസീമകളും ലംഘിച്ച്‌ ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിന്റെയും വിരുന്നു സല്‍ക്കാരത്തിന്റെയും മറവിലുള്ള വിക്രിയകള്‍ സാമൂഹിക പ്രശ്നമാകുന്നു.

കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തില്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക (കോളേജ് റാഗിങ് പോലെ) വാഹനം തടഞ്ഞു നിര്‍ത്തി റോഡില്‍ നടത്തുക, നടക്കുബോള്‍ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകള്‍ നല്കുക, സൈക്കിള്‍ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങള്‍, വട്ടപേരുകള്‍ തുടങ്ങിയവ വെച്ച്‌ ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസില്‍ വിരിയുന്ന എന്തും ഏതും ചെയ്യാന്‍ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങില്‍ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

സന്തോഷത്തിന്റെ വിവാഹദിനങ്ങളില്‍ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീര്‍ വീഴ്‌ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കല്‍, ബാന്‍ഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങള്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തര്‍ക്കങ്ങള്‍ക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികള്‍ പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്നുണ്ട്.

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികള്‍ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തില്‍ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്ബോഴാണ് ഈ ‘രസകരമായ ആചാരങ്ങള്‍’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തില്‍ ചെയ്യാന്‍ പ്രരപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാള്‍ മുന്‍പ് കൂട്ടുകാരന്റെ വിവാഹ ദിനത്തില്‍ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.

റാഗിങ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകള്‍ ഒരുക്കിയ തമാശകളില്‍ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തില്‍ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളില്‍ എതിര്‍പ്പ് തോന്നിയാല്‍ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികള്‍ക്ക് കാരണമാവുന്നത്. എന്നും ഓര്‍ത്തുവയ്ക്കുവാന്‍ കൂട്ടുകാര്‍ ഒരുക്കുന്ന ഇത്തരം കലാപരിപാടികള്‍ പുതുജീവിതം തുടങ്ങുന്നവരുടെ മേല്‍കരിനിഴല്‍ വീഴ്‌ത്തരുത്..