മകന്റെ വിവാഹം ആഡംബരമാക്കി ; സി.പി.എം അംഗത്തിന് സസ്‌പെൻഷൻ

മകന്റെ വിവാഹം ആഡംബരമാക്കി ; സി.പി.എം അംഗത്തിന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: മകന്റെ വിവാഹം ആഡംബരമാക്കിയ സി.പി.എം അംഗത്തിന് സസ്‌പെൻഷൻ. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി.വി മനോഹരനെതിരെയാണ് പാർട്ടി നടപടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോഹരൻ കൂടി പങ്കെടുത്ത പ്രത്യേക ഏരിയാ കമ്മിറ്റി യോഗത്തിലാണ് ആറു മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്.

പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വിവാഹം ആഡംബരപൂർണമായി നടത്തി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മനോഹരനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ചേർത്തല അരീപ്പറമ്പിൽ ഡിസംബർ 13ന് വൈകുന്നേരമായിരുന്നു വിവാഹസൽക്കാരം. സൽക്കാരത്തോടനുബന്ധിച്ച് ഡിജെ പാർട്ടിയും ഒരുക്കിയിരുന്നു. ഇതിൽ പങ്കെടുത്ത ചിലർ തമ്മിൽ വാക്കേറ്റവും തമ്മിലടിയും ഉണ്ടായതായും സൂചനകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ താനല്ല, മകനാണ് വിവാഹസൽക്കാരം ഒരുക്കിയതെന്നാണ് മനോഹരൻ പാർട്ടിക്ക് നൽകിയ വിശദീകരണം. ഇത് നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ല. പാർട്ടി അംഗങ്ങൾ വിവാഹം ലളിതമായി നടത്തണമെന്ന നിലപാടിന് വിരുദ്ധമായി ഡാൻസും പാട്ടും അടക്കമുള്ള പാർട്ടി നടത്തിയത് ശരിയായില്ലെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.