മരട് ഫ്ളാറ്റിൽ പിന്നോട്ടില്ലാതെ സുപ്രീം കോടതി: ഫ്ളാറ്റ് നിർമ്മാതാക്കളുടെ സ്വത്തുക്കൾ കണ്ടു കെട്ടും; രണ്ടു ദിവസത്തിനുള്ളിൽ ഫ്ളാറ്റ് പൊളിച്ചേക്കും; ഒന്നര കിലോമീറ്റർ പരിധിയിലുള്ളവരോട് മാറിതാമസിക്കാൻ നിർദേശം

മരട് ഫ്ളാറ്റിൽ പിന്നോട്ടില്ലാതെ സുപ്രീം കോടതി: ഫ്ളാറ്റ് നിർമ്മാതാക്കളുടെ സ്വത്തുക്കൾ കണ്ടു കെട്ടും; രണ്ടു ദിവസത്തിനുള്ളിൽ ഫ്ളാറ്റ് പൊളിച്ചേക്കും; ഒന്നര കിലോമീറ്റർ പരിധിയിലുള്ളവരോട് മാറിതാമസിക്കാൻ നിർദേശം

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ ഫ്ളാറ്റ് ഉടമകളെ മുഴുവൻ മുൾ മുനയിൽ നിർത്തി മരട് ഫ്ളാറ്റ് വിഷയത്തിൽ കർശന നടപടികളുമായി സുപ്രീം കോടതി തന്നെ മുന്നിൽ നിന്നതോടെ സർക്കാരും വെട്ടിലായി.

വിഷയത്തിൽ വിട്ടു വീഴ്ച്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെയാണ് സുപ്രീം കോടതി. ഇതോടെ അടുത്ത അഴ്ച തന്നെ ഫ്ളാറ്റ് പൊളിക്കേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായി. ഫ്ളാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി ഫ്ളാറ്റിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്ന സൂചന നഗരസഭ അധികൃതരും റവന്യു വിഭാഗവും നൽകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരട് ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള സമിതിക്ക് സുപ്രീംകോടതി രൂപം നൽകി. കേരളാ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയാണ് രൂപവത്കരിച്ചത്. സംസ്ഥാന സർക്കാർ നിർദേശിച്ച ജസ്റ്റിസ് എന്ന നിലയിലാണ് കെ ബാലകൃഷ്ണൻ നായരെ ഈ തസ്തികയിൽ നിയമിച്ചത്.

മരടിലെ നാല് ഫ്ളാറ്റ് നിർമ്മാതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതായും ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായും കോടതി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

കേസിലെ സർക്കാർ ഉൾപ്പെടെയുള്ള വിവിധ കക്ഷികളോട് സമിതിയുടെ അധ്യക്ഷനാക്കേണ്ട റിട്ട.ജസ്റ്റിസിന്റെ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയണ് ജസ്റ്റിസ് ക ബാലകൃഷ്ണൻ നായരുടെ പേര് സുപ്രീം കോടതിക്ക് കൈമാറിയത്. ഇത് കോടതി അംഗീകരിച്ചു.

നഷ്ടപരിഹാരത്തുക നിര്മാതാക്കളിൽ നിന്ന് തന്നെ ഈടാക്കാം എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. കെട്ടിട നിർമ്മാതാക്കൾ ആയ ജയ്ൻ ഹൗസിങ്, ആൽഫാ വെഞ്ചെഴ്സ്, ഹോളി ഫെയ്ത്ത്, കെ പി വർക്കി ആൻഡ് ബിൾഡേഴ്‌സ് എന്നിവർക്ക് നോട്ടീസ് അയച്ച കോടതി നിർമ്മാതാക്കളുടെ സ്വത്തുക്കൾ കണ്ടുക്കെട്ടിയതായും ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്.

ഫ്ലാറ്റുകൾ പൊളിക്കാം എന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകേണ്ടതില്ല. എന്നാൽ ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ ഒക്ടോബര് 25ന് കേസ് പരിഗണിക്കുമ്ബോൾ ഹാജരാകേണ്ടി വരും എന്നും ഉത്തരവിൽ കോടതി വ്യക്തമമാക്കിയിട്ടുണ്ട്.

ഒഴിഞ്ഞുപോകാൻ തയ്യാറായ ഫ്ളാറ്റ് ഉടമകൾക്ക് സർക്കാർ നാല് ആഴ്ചയ്ക്കുള്ളിൽ 25ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വെള്ളിയാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ നഷ്ടപരിഹാരമായി നൽകേണ്ട ബാക്കി തുക എത്രയായിരിക്കണമെന്ന് കണക്കാക്കുന്ന ചുമതല ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയുടേതായിരിക്കും.

സമിതിയിൽ അധ്യക്ഷൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തെ കുറിച്ച് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവിൽ പരാമർശമില്ല. അതിനിടെ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കാനുള്ള നടപടികൾ നാളെ ആരംഭിക്കാനിരിക്കെ, മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം. കൗൺസിൽ യോഗത്തിൽ നഗരസഭ സെക്രട്ടറി ഇല്ലാത്തതിനെ ചൊല്ലിയാണ് യോഗത്തിൽ ബഹളം ഉയർന്നത്.

നഗരസഭ സെക്രട്ടറി എവിടെയെന്ന് ചോദിച്ചായിരുന്നു കൗൺസിൽ അംഗങ്ങൾ തമ്മിൽ തർക്കം തുടങ്ങിയത്. ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ അതിരൂക്ഷമായ വാക് പോരാണ് നടന്നത്.

മരട് നഗരസഭയുടെ സെക്രട്ടറിയുടെ ചുമതല ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിങിനാണ് നൽകിയിട്ടുള്ളത്. അദ്ദേഹം നിലവിലെ സാഹചരത്തിൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നില്ല. പകരം മറ്റാരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.

ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ വലിയ ഭരണപ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയർപേഴ്സൺ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.
മരടിലെ ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തന്നെ നിയമിച്ചിരിക്കുന്നത്. നഗരസഭയിലെ മറ്റ് ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്നാണ് സബ് കളക്ടർ സ്നേഹിൽ കുമാർ സിങിന്റെ നിലപാട്.

പകരം മറ്റാരെയും ചുമതലപ്പെടുത്താതിരുന്നതാണ് ഭരണപക്ഷം ഉന്നയിച്ചത്. സൂപ്രണ്ടിനെ എങ്കിലും ചുമതലപ്പെടുത്തണമായിരുന്നു എന്ന് ഭരണപക്ഷ കൗൺസിലർമാർ അഭിപ്രായപ്പെട്ടപ്പോൾ, ക്രമപ്രശ്നവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.
സെക്രട്ടറി ഇല്ലാതെ എങ്ങനെയാണ് കൗൺസിൽ യോഗം ചേരുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു.

ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീരിച്ച നടപടികൾ വിശദീകരിക്കാൻ ചെയർപേഴ്സൺ മുനിസിപ്പൽ എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. എന്നാൽ ഇത് അജണ്ടയിലുണ്ടോ എന്ന് മുനിസിപ്പൽ എഞ്ചിനീയർ ചോദിച്ചതോടെയാണ് ബഹളത്തിന് വഴിവെച്ചത്. ഭരണപക്ഷം മുനിസിപ്പൽ എഞ്ചിനീയറെ ചോദ്യം ചെയ്ത് രംഗത്തുവന്നപ്പോൾ, എഞ്ചിനീയർക്ക് പിന്തുണയുമായി പ്രതിപക്ഷവും എത്തുകയായിരുന്നു.