ഞാൻ നെഞ്ചു വിരിച്ച് നിന്നതല്ല: പെട്ടുപോയതാണ്; കെ.എസ്.ആർ.ടി.സി ബസിനു വട്ടം വച്ച ധീര വനിത ഒടുവിൽ സത്യം തുറന്നു പറയുന്നു..!

സ്വന്തം ലേഖകൻ

കോട്ടയം: റോഡിനെ കീറിമുറിച്ച് പാഞ്ഞെത്തുന്ന കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ നെഞ്ചു വിരിച്ചു നിന്ന ബൈക്ക് യാത്രക്കാരിയായ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ കൂട്ട അടിയായിരുന്നു.

യുവതി ചെയ്തത് ശരിയാണെന്ന് ഒരു വിഭാഗവും, തെറ്റാണെന്ന് മറ്റൊരു വിഭാഗനും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിക്കളഞ്ഞ് യുവതി തന്നെ ഒടുവിൽ രംഗത്ത് എത്തിയിരിക്കുകയാണ്. സത്യത്തിൽ താൻ ബസിനു മുന്നിൽ പെട്ടുപോയതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവതി..!

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ കെഎസ്ആർടിസിയെ ചട്ടം പഠിപ്പിക്കാൻ പോയതല്ല, മറിച്ച് ബസിന് മുൻപിൽ പെട്ടുപോയതാണ് എന്നാണ് പെരുമ്പാവൂർ സ്വദേശിയായ സൂര്യയുടെ വിശദീകരണം.
‘വൈകുന്നരം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. നല്ല തിരക്കുള്ള സമയമായിരുന്നു, ചെറിയ റോഡും. പെരുമ്പാവൂർ എംസി റോഡ് അല്ല, അതിനടുത്തുള്ള ഉൾവഴിയിലൂടെയാണ് പോയിരുന്നത്.

ബസ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുകയായിരുന്നു. എന്റെ തൊട്ട് മുൻപിൽ ഒരു വാഹനം ഉണ്ടായിരുന്നു. അതിന്റെ ഡ്രൈവർ ഇൻഡിക്കേറ്റർ എടുത്ത് വലത് വശത്തുള്ള ഒരു ഇടറോഡിലേക്ക് അത് കയറിപ്പോയത്. ആ വാഹനം പോയി കഴിഞ്ഞ് മുൻപിൽ നോക്കുമ്പോൾ കാണുന്നത് കെഎസ്ആർടിസിയാണ്. പെട്ടന്ന് എന്ത് ചെയ്യണമെന്നറിയാതെ പകച്ച അവസ്ഥയിലായി ഞാൻ. ചുറ്റിനും നോക്കി നിന്നൊന്നുമില്ല. എന്റെ ശ്രദ്ധമുഴുവൻ മുന്നിലുള്ള വണ്ടിയിയിൽ ആയിരുന്നു.

പക്ഷെ ബസ്സിന്റെ ഡ്രൈവർ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അപ്പോൾ തന്നെ വണ്ടിയെടുത്ത് മാറ്റിപ്പോയതായും സൂര്യ പറയുന്നു.
‘അവര് വലിയ വണ്ടി ഓടിക്കുന്ന ആളുകളല്ലേ, എന്തു ചെയ്യണമെന്നൊക്കെ കൃത്യമായി അറിയാമല്ലോ. ഞാനും വണ്ടിയെടുത്ത് പോന്നു. ആ പ്രശ്‌നം അവിടെ തീർന്നിരുന്നു. ബസിലുണ്ടായിരുന്ന പലരും കരുതിയത് ഞാൻ മനഃപൂർവ്വം നിർത്തിയിട്ടതാണെന്നാണ്.

കുറേ പേർ കലക്കി എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. എങ്ങനെയെങ്കിലും വീട്ടിൽ എത്തണം എന്നായിരുന്നു ചിന്ത. റോഡിൽ സംഭവം കണ്ടുകൊണ്ട് നിന്ന ഒരാളും പറയില്ല ഞാൻ അവിടെ മനഃപൂർവ്വം നിർത്തിയിട്ടതാണെന്ന്. പക്ഷെ ചില മാധ്യമങ്ങളിലൊക്കെ ദൃക്‌സാക്ഷി എന്ന് പറഞ്ഞ് ഒരാൾ ഞാൻ എന്തോ അഹങ്കാരം കാണിച്ചു എന്ന് പറഞ്ഞതായി കണ്ടു, നമ്മൾ അങ്ങനൊരു മൈൻഡ് ഉള്ള ആളൊന്നും അല്ല,’ സൂര്യ പറഞ്ഞു.