മാണിയുടെ കോട്ട പിടിച്ചെടുക്കാൻ പത്മരാജൻ പാലായിലേക്ക്

മാണിയുടെ കോട്ട പിടിച്ചെടുക്കാൻ പത്മരാജൻ പാലായിലേക്ക്

സ്വന്തം ലേഖിക

പാലാ: കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ ഒരു കൈനോക്കാൻ ഇലക്ഷൻ പത്മരാജനും രംഗത്ത്. സേലം മേലൂർഡാം സ്വദേശിയായ ഡോ. കെ.പത്മരാജൻ എന്ന ഇലക്ഷൻ പത്മരാജൻ അത്ര നിസാരക്കാരനല്ല. നരസിംഹറാവു, വാജ്‌പേയി, നരേന്ദ്രമോദി, രാഹുൽഗാന്ധി തുടങ്ങിയ പ്രമുഖർക്കെതിരെ മത്സരിച്ച് ചരിത്രം സൃഷ്ടിച്ചയാളാണ് പത്മരാജൻ. അഞ്ച് രാഷ്ടപതികൾക്കെതിരെ മത്സരിച്ചയാൾ എന്ന ചരിത്രവും ഇദ്ദേഹത്തിനുണ്ട്. ഒടുവിൽ മത്സരിച്ച വയനാട്ടിൽ രാഹുൽഗാന്ധിക്ക് എതിരെയാണ്. 1858 വോട്ടാണ് ഇദ്ദേഹം നേടിയത്. എന്നാൽ കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യമായിട്ടാണ്. ‘കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായതുകൊണ്ടാണ് പാലായിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത് ‘ നാമനിർദ്ദേശ പത്രിക കൊടുക്കാനാണ് ഇന്ന് രാവിലെ പാലായിലെത്തിയത്.

ഇതോടെ പാലാ പത്മരാജന്റെ ഇരുനൂറ്റിയഞ്ചാം പോരാട്ട വേദിയാകും. ഇതിന് മുൻപ് നടന്ന 204 തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടത് പ്രമുഖരോടാണെന്നത് വലിയ നേട്ടമായി അദ്ദേഹം കരുതുന്നു. 1988-ൽ സേലം മേട്ടൂർ ഡാമിൽ എം.ശ്രീരംഗനോടായിരുന്നു ആദ്യ മത്സരം. തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും പ്രമുഖവ്യക്തികളോട് പത്മരാജൻ ഏറ്റുമുട്ടിയത്. കണ്ണൂർ കുഞ്ഞിമംഗലം കുടുംബാംഗമായ പത്മരാജൻ ഹോമിയോ ഡോക്ടറാണ്. വർഷങ്ങളായി സേലത്താണ് താമസം. വീടിന്റെ പേരുപോലും ഇലക്ഷൻ എന്നാണ്. ഭാര്യ ഷീജ നമ്പ്യാർ. എം.ബി. എ ബിരുദധാരിയായ ശ്രീജേഷ് പത്മരാജൻ ഏക മകനാണ്. ഇനിയുള്ള ദിവസങ്ങളിൽ പാലാ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമങ്ങളിലും ഒറ്റയ്ക്ക് പ്രചാരണം നടത്തുമെന്ന് പത്മരാജൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :