വാഹന പരിശോധനയ്ക്കിടെ പൊന്തൻപുഴ വനപ്രദേശത്തുനിന്ന് ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച അവശനായി യുവാവ് ; യുവാവിന്റെ മുഖത്തുനിന്നും ശരീരത്തുനിന്നും ചോര ; വായും മുഖവും ആസിഡ് ഒഴിച്ച്‌ പൊള്ളിച്ച നിലയിൽ ; വധശ്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം ; ഉടൻ അന്വേഷണം ആരംഭിച്ച് പ്രതികളെ പിടികൂടി മണിമല പൊലീസ്

വാഹന പരിശോധനയ്ക്കിടെ പൊന്തൻപുഴ വനപ്രദേശത്തുനിന്ന് ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച അവശനായി യുവാവ് ; യുവാവിന്റെ മുഖത്തുനിന്നും ശരീരത്തുനിന്നും ചോര ; വായും മുഖവും ആസിഡ് ഒഴിച്ച്‌ പൊള്ളിച്ച നിലയിൽ ; വധശ്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം ; ഉടൻ അന്വേഷണം ആരംഭിച്ച് പ്രതികളെ പിടികൂടി മണിമല പൊലീസ്

സ്വന്തം ലേഖകൻ

മണിമല: വധശ്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം. മണിമലയ്ക്ക് അടുത്ത് പൊന്തൻപുഴ വനത്തില്‍ വച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. വധശ്രമത്തില്‍നിന്നു രക്ഷപെട്ട വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിനെ (30) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴഞ്ചേരി താലൂക്ക് അസി.സപ്ലൈ ഓഫിസർ പി.ടി.ദിലീപ് ഖാൻ, സിപിഒ യു.എസ്.ഹരികൃഷ്ണൻ, ഡ്രൈവർ ആർ.ശ്രീജിത് കുമാർ, ഫൊട്ടോഗ്രഫർ അനു എന്നിവരടങ്ങിയ നിരീക്ഷണ സംഘം തക്കസമയത്ത് ഇടപെട്ടതോടെയാണ് ഗുരുതരമായി പരുക്കേറ്റ സുമിത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പത്തനംതിട്ട- കോട്ടയം ജില്ലകളുടെ അതിർത്തിയായ പ്ലാച്ചേരിയില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹന പരിശോധനയ്ക്കിടയാണ് പൊന്തൻപുഴ വനപ്രദേശത്തുനിന്ന് ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച യുവാവ് അവശനായി ഓടിവരുന്നതു കണ്ടത്. സംഘത്തെ കണ്ടപ്പോള്‍ ഇവരുടെ കാല്‍ക്കലേക്കു വീണ യുവാവിന്റെ മുഖത്തുനിന്നും ശരീരത്തുനിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച്‌ പൊള്ളിച്ച നിലയിലായിരുന്നു.

കുടിക്കാൻ വെള്ളം നല്‍കിയ സംഘം യുവാവിന്റെ മുഖം കഴുകി വൃത്തിയാക്കിയ ശേഷം 108 ആംബുലൻസ് വിളിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. അപ്പോഴേക്കും സർവലയൻസ് ടീമിന്റെ ജില്ലാ നോഡല്‍ ഓഫിസർ പി.രാജേഷ് കുമാറും സ്ഥലത്തെത്തി. യുവാവിനെ ആംബുലൻസില്‍ റാന്നി താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.

സ്ഥലത്തെത്തിയ മണിമല, റാന്നി സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാർ ഉടൻ അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതികളായ കൊടുങ്ങൂരില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ സ്വദേശി ജി.പ്രസീദ് (52) എന്നിവരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. സുമിത്തും സാബുവും തമ്മില്‍ മുൻവൈരാഗ്യമുണ്ടായിരുന്നു.

സാബു ദേവസ്യ സുമിതിനെ പൊന്തമ്ബുഴ വനത്തില്‍ എത്തിച്ച്‌ അവിടെയുണ്ടായിരുന്ന പ്രസീദുമായി ചേർന്ന് മദ്യം നല്‍കുകയും, ശേഷം ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. മാർച്ച്‌ 30നും സമാനമായ രീതിയില്‍ യുവാവിനെ വനത്തില്‍ എത്തിച്ചുവെങ്കിലും അന്നു കൊലപാതക ശ്രമം നടന്നില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മണിമല എസ്‌എച്ച്‌ഒ കെ.പി.ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ആശുപത്രിയില്‍ കഴിയുന്ന സുമിത് സുഖം പ്രാപിച്ചുവരുന്നു