സമൂഹമാധ്യമം വഴി പരിചയം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു: കേസിൽ രണ്ടുപേർ അറസ്റ്റിൽ

സമൂഹമാധ്യമം വഴി പരിചയം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു: കേസിൽ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസറ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ താമസിക്കാനായി എത്തിയ കുട്ടികളെ കാണാതായതോടെ മാതൃസഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വണ്ടൂർ എസ്ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തിൽ മൊബൈൽഫോൺ കേന്ദ്രിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ പെൺകുട്ടികൾ പ്രതികളുമായി പ്രണയത്തിലാണെന്ന് പറയുന്നു. കുട്ടികളെ ബെംഗളൂരുവിൽ എത്തിച്ച് വീട് സംഘടിപ്പിച്ച് ഒരു ദിവസം തങ്ങി. അവിടെ വച്ചാണ് പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചത്.

തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റിൽവച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവർക്കും എതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ ടി.സമദ്, പൊലീസ് ഉദ്യോഗസ്ഥരായ ടി. സിനി, എം.ജയേഷ് തുടങ്ങിയവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു .