മുംബൈയിലെത്തി പവാറിനെ കണ്ടിട്ടും കാപ്പന് മടങ്ങിവരാനാകില്ല: കാപ്പന്റെ മന്ത്രിമോഹം മുളയിലെ നുള്ളി സി.പി.എം
തേർഡ് ഐ ബ്യൂറോ
കൊച്ചി: മാണി സി കാപ്പന്റെ മന്ത്രി മോഹം മുളയിലേ നുള്ളി സി.പി.എം. എൻ.സി.പിയിലേക്ക് മടങ്ങി എത്തി മന്ത്രിയാകാനുള്ള കാപ്പന്റെ ശ്രമമാണ് സി.പി.എം നേതൃത്വം തകർത്തിരിക്കുന്നത്. എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പീതാംബരൻ മാസ്റ്ററുടെ അറിവോടെയാണ് എൻ.സി.പിയിലേക്ക് മടങ്ങാൻ കാപ്പൻ ശ്രമിച്ചിരിക്കുന്നത്.
ഇതിനായി ദേശീയ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിരുന്നു. ശരദ് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെ, മുതിർന്ന നേതാവും പവാറിന്റെ വിശ്വസ്തനുമായ പ്രഫുൽ പട്ടേൽ എന്നിവരെയാണ് കാപ്പൻ സന്ദർശിച്ചത്. കാപ്പന്റെ സന്ദർശനം ഫോട്ടോ സഹിതം സുപ്രിയ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ച നീക്കമായിരുന്നു ഇത്.അതേസമയം, മാണി സി കാപ്പൻ എൻ.സി.പിയിൽ ലയിച്ചാലും ഒരു കാരണവശാലും മന്ത്രിയാക്കില്ലെന്ന കർക്കശ നിലപാടിലാണ് സി.പി.എം. ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ്സും കാപ്പന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടിലാണുള്ളത്.
പാലായിൽ കാപ്പൻ ജോസ് കെ മാണിയെ തോൽപ്പിച്ചത് വോട്ട് കച്ചവടം നടത്തിയാണെന്ന ആരോപണത്തിൽ തന്നെയാണ് ഇപ്പോഴും കേരള കോൺഗ്രസ്സ് ഉറച്ചു നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മുന്നണിയിൽ എടുക്കരുതെന്നാണ് അവരുടെ ആവശ്യം. യു.ഡി.എഫ് കൂടാരത്തിൽ പോയി ഇടതുപക്ഷത്തിനെതിരെ മത്സരിച്ച് ജയിച്ച് വീണ്ടും കാപ്പൻ ഇടതുപക്ഷത്തേക്ക് വരാൻ ശ്രമിക്കുന്നത് മന്ത്രിമോഹം മുൻ നിർത്തിയാണെന്നാണ് സി.പി.ഐയും വിലയിരുത്തുന്നത്.
എ.കെ ശശീന്ദ്രൻ വിഭാഗം എൻ.സി.പി നേതാക്കളും കാപ്പനെതിരെ ശക്തമായ നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കാപ്പനെ സ്വീകരിക്കാൻ എൻ.സി.പി ദേശീയ നേതൃത്വം തയ്യാറായാൽ പോലും സി.പി.എം അവഗണിക്കും. എൻ.സി.പിയെ തന്നെ ഇടതുപക്ഷം മുന്നണിയിൽ നിന്നും പുറത്താക്കിയാലും അത്ഭുതപ്പെടാനില്ല. അതാണ് നിലവിലെ അവസ്ഥ.
ഇതിനിടെ ‘പണി’ പാളുമെന്ന് വ്യക്തമായതോടെ കാപ്പനു പകരം കുട്ടനാട്ടിൽ നിന്നും വിജയിച്ച തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് പീതാംബരൻ മാസ്റ്റർ വിഭാഗം ഇപ്പോൾ ശ്രമിക്കുന്നത്.