വെള്ളിത്തിരയിൽ ഈ വർഷം പുറത്തിറങ്ങിയത് 192 സിനിമകൾ ; തിയറ്ററിലെ കളക്ഷൻ കൊണ്ട് മുടക്ക് മുതൽ തിരിച്ചു കിട്ടിയത് 23 സിനിമകൾക്ക്

വെള്ളിത്തിരയിൽ ഈ വർഷം പുറത്തിറങ്ങിയത് 192 സിനിമകൾ ; തിയറ്ററിലെ കളക്ഷൻ കൊണ്ട് മുടക്ക് മുതൽ തിരിച്ചു കിട്ടിയത് 23 സിനിമകൾക്ക്

 

സ്വന്തം ലേഖിക

കോട്ടയം : വെള്ളിത്തിരയിൽ ഒട്ടനവധി സിനിമകൾ റിലീസ് ചെയ്ത വർഷമായിരുന്നു 2019. മലയാള സിനിമയ്ക്ക് 2019 സൂപ്പർ ഹിറ്റുകളുടെയും വൻ നഷ്ടങ്ങളുടെയും വർഷമായിരുന്നു. എന്നാൽ 192 സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്തതിൽ 23 എണ്ണത്തിനു മാത്രമാണ് മുടക്കു മുതൽ തിരിച്ചു കിട്ടിയത്. അതായത് 12% മാത്രം. 800 കോടിയിലേറെ ഈ ചിത്രങ്ങളിലായി നിക്ഷേപം നടന്നിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കണക്കാക്കുന്നു. അതിൽ 550 കോടിയിലേറെയാണ് നഷ്ടം. മാമാങ്കം ഉൾപ്പടെ കഴിഞ്ഞ ആഴ്ചകളിൽ റിലീസ് ചെയ്ത ഏതാനും പടങ്ങളുടെ കളക്ഷനും റൈറ്റ്‌സ് വരുമാനവും ഇനിയും വരാനിരിക്കുന്നതിനാൽ അതു പരിഗണിക്കാതെയുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഈ വർഷം 192 സിനിമകളാണ് റിലീസ് ചെയ്തതെങ്കിൽ പോയ വർഷം ആകെ 152 സിനിമകളാണ് റിലീസ് ചെയ്തത്. എല്ലാ വെള്ളിയാഴ്ചകളിലും ശരാശരി നാല് ചിത്രളോളമാണ് ഈ വർഷം റിലീസ് ചെയ്തത്. ഇതിൽ മുടക്കുമുതൽ തിരിച്ചുകിട്ടിയ 23 പടങ്ങളിൽ ഏഴെണ്ണം മാത്രമാണ് തിയേറ്ററിലെ കളക്ഷൻ കൊണ്ടു തന്നെ അത് നേടിയപ്പോൾ ബാക്കിയുള്ളവ സാറ്റ്‌ലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളിൽ നിന്നെല്ലാമുള്ള വരുമാനം കൊണ്ട് രക്ഷപെട്ടു. 192 പടങ്ങളിൽ പത്ത് 10 കോടിയിലേറെ മുതൽ മുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിന് (56 കോടി) ലൂസിഫറിന് (36 കോടി) ജാക്ക് ഡാനിയേലിന് (16 കോടി) ഈ ചിത്രങ്ങളിൽ നിന്ന് മാത്രം 100 കോടിയിലേറെ മുതൽ മുടക്കുണ്ട്. ശരാശരി അഞ്ച് കോടി മുതൽമുടക്കുള്ള 40 ചിത്രങ്ങളുണ്ട്. ശരാശരി രണ്ട് കോടി മുതൽ മുടക്കുള്ള പടങ്ങൾ 80 എണ്ണമെങ്കിലുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷത്തെ ആദ്യ തിയേറ്റർ ബോക്‌സ് ഓഫീസ് ഹിറ്റ് വിജയ് സൂപ്പറും പൗർണമിയുമായിരുന്നു. കെട്ട്യോളാണെന്റെ മാലാഖ അവസാനവും ഹിറ്റായി. ലാഭത്തിൽ മുന്നിൽ തണ്ണീർമത്തൻ ദിനങ്ങളാണ്. രണ്ട് കോടിയിൽ താഴെ മുതൽ മുടക്കിൽ 15 കോടി കളക്ഷൻ നേടിയിട്ടുണ്ട്. വിജയ് സൂപ്പറും പൗർണമിയും , കുമ്പളങ്ങി നൈറ്റ്‌സ്, ലൂസിഫർ, ഉയരെ, തണ്ണീർമത്തൻ ദിനങ്ങൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കെട്ട്യോളാണെന്റെ മാലാഖ എന്നിവയാണ് തിയേറ്ററിൽ ഹിറ്റായ ചിത്രങ്ങൾ. അള്ള് രാമചന്ദ്രൻ, അഡാർ ലൗ, ജൂൺ, കോടതി സമക്ഷം ബാലൻ വക്കീൽ, മേരാ നാം ഷാജി, അതിരൻ, ഒരു യമണ്ടൻ പ്രണയകഥ, ഇഷ്‌ക്ക്, വൈറസ്, ഉണ്ട, പതിനെട്ടാംപടി, പൊറിഞ്ചു മറിയം ജോസ്, ലൗ ആക്ഷൻ ഡ്രാമ, ഇട്ടിമാണി, ബ്രദേഴ്‌സ് ഡേ, ഹെലൻ എന്നീ ചിത്രങ്ങളാണ് സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റ്‌സിലൂടെ മുടക്കുമുതൽ തിരിച്ചു പിടിച്ച ചിത്രങ്ങൾ.