ഏറ്റവും മനോഹരമായ സൂര്യാസ്തമയം തന്നെയാണ് മലരിക്കലിലേത് : കോട്ടയം മലരിക്കൽ ടൂറിസത്തെ പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഏറ്റവും മനോഹരമായ സൂര്യാസ്തമയം തന്നെയാണ് മലരിക്കലിലേത് : കോട്ടയം മലരിക്കൽ ടൂറിസത്തെ പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം : വളരെ ചുരുങ്ങിയ കാലം കൊണ്ട് സമൂഹമാധ്യമങ്ങൾ വഴി കേരളമാകെ ചർച്ചയായ സ്ഥലമാണ് കോട്ടയത്തെ മലരിക്കലും മലരിക്കലിലെ ആമ്പൽ വസന്തവും. മലരിക്കലിനെ പുകഴ്ത്തി ഇപ്പോഴിതാ ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിരിക്കുകയാണ്. ഏറ്റവും മനോഹരമായ സൂര്യാസ്തമയം തന്നെയാണ് മലരിക്കലേത് എന്നാണ് തോമസ് ഐസക് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിങ്ക് നിറമുള്ള ആമ്പൽപ്പൂക്കൾ കൊണ്ടു നിറഞ്ഞിരുന്ന മലരിക്കൽ പാടം ഇന്ന് കൊയ്ത്തിനു തയ്യാറായി കതിരണിഞ്ഞു നിൽക്കുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ പ്രധാനകാഴ്ചയാണിത്. നദികളെ തിരിച്ചുപിടിക്കാൻ ഉറവ മുതൽ പതനം വരെയുള്ള എല്ലാ കൈവഴികളും കണ്ടെടുത്ത് വീണ്ടെടുക്കണമെന്ന പാഠം അക്ഷരാർത്ഥത്തിൽ മലരിക്കലുകാർ അന്വർത്ഥമാക്കി വരുന്നു. 1400 കിലോമീറ്റർ തോട് തെളിച്ച് 4000 ഏക്കർ പാടത്ത് കൃഷിയിറക്കിയിരിക്കുന്നു. ഇനി ഏതാനും പാടങ്ങൾ മാത്രം ബാക്കി.

കൊയ്ത്തുത്സവം നാളെ തുടങ്ങുകയാണ്. ഇതോടനുബന്ധിച്ച് മലരിക്കൽ വയലോരകായലോര ഫെസ്റ്റിനും തുടക്കമാവും. മലരിക്കലിന്റെ അസ്തമയകാഴ്ചകളും ഗ്രാമീണഭംഗിയും പരമ്പരാഗത കൃഷിരീതികളും കാർഷികോപകരണങ്ങളും പരിചയപ്പെടുത്തൽ ഫെസ്റ്റിന്റെ ലക്ഷ്യമാണ്. ഇതോടൊപ്പം കലാപരിപാടികൾ, നാടൻ ഭക്ഷണശാലകൾ, ബോട്ടിംഗ്, വലവീശൽ, കാനനയാത്രാനുഭവം തുടങ്ങിയവയും. ഇപ്പോൾ ഇവിടെ ആമ്പലൊന്നും കാണാനില്ല. ലക്ഷക്കണക്കിനു വരുന്ന ആമ്പൽ വിത്തുകൾ വെള്ളത്തിനടിയിൽ സുഖസുഷുപ്തിയിലാണ്. മഴ കഴിയമ്പോഴേയ്ക്കും വർദ്ധിത വീര്യത്തോടെ വർണ്ണാഭമായി പാടത്ത് പരക്കുന്നതിനുള്ള ഉറക്കം.

അടുത്ത മലരിക്കൽ ആമ്പൽ ഫെസ്റ്റിന്റെ തയ്യാറെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് അഡ്വ. അനിൽകുമാറിനൊപ്പം ഞാൻ അവിടെ എത്തിയത്. വൈകിട്ട് മൂന്നു മണിക്കാണ് വൈകിട്ട് ആറ് മണിയോടുകൂടി എത്തിച്ചേരാമെന്ന് അറിയിച്ചത്. അവിടെ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും എഞ്ചിനീയർമാരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ ഒരുപറ്റം ജനങ്ങൾ. ഇവരോടൊപ്പം എപ്പോഴും ചേർന്നു പ്രവർത്തിക്കുന്ന സരേഷ്‌കുറുപ്പ് എംഎൽഎ മുമ്പെ ഏറ്റപോയ പരിപാടികൾ ഉള്ളതിനാൽ ഈ സമയം എത്തുന്നതിനുള്ള അസൗകര്യം അറിയിച്ചു. എന്നിട്ട് ഞങ്ങൾ കൂടിയിരിക്കുന്നതിനിടയിൽ ഫോണിൽക്കൂടി ബന്ധപ്പെട്ട് സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പാക്കി.

അവർക്ക് പറയാനുള്ളത് കേൾക്കാനാണ് ഞാൻ ശ്രമിച്ചത്. മലരിക്കൽ പാടശേഖരത്തിനു ചുറ്റുമുള്ള വേമ്പനാട് കായലോരം ബണ്ടു കെട്ടി സംരക്ഷിക്കണമെന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. മറ്റൊന്ന്, ടൂറിസം വികസനത്തിന് സഹായകരമായ നിലയിൽ മലരിക്കൽ ഇറമ്പം റോഡ് വികസിപ്പിക്കുക. കുട്ടനാട് പാക്കേജ് രണ്ടാംഘട്ടത്തിന്റെ ആദ്യ പണികളിൽ ഒന്നായി കായൽ ചെളിവാരി ബണ്ട് നിർമ്മിക്കുന്നത് ഏറ്റെടുക്കാമെന്ന് ഉറപ്പുനൽകി. ഇവിടെ നിന്നാൽ പാടത്തേയ്ക്ക് സൂര്യൻ അസ്തമിച്ചിറങ്ങുന്ന കാഴ്ച കാണാം. വാർഡ് മെമ്പർ ഷേർലി പറഞ്ഞത് ശരിയാണ്. ഏറ്റവും മനോഹരമായ സൂര്യാസ്തമയം തന്നെയാണ് മലരിക്കലേത്.

പകുതിയോളം തോടുകൾ അവർ വൃത്തിയാക്കി കഴിഞ്ഞു. ബാക്കി തോടുകൾ അടുത്ത മഴയ്ക്കു മുമ്പ് വൃത്തിയാകും. ഈ തോടുകളിലൂടെ ഒരു ഡസൻ ബോട്ട് ടൂറിസം സർക്യൂട്ടുകൾ ഒരുക്കാനാണ് പരിപാടി. സിരാപടലം പോലെ പടർന്നു കിടക്കുന്ന തോടുകൾ വൃത്തിയാക്കാൻ ഒന്നരക്കോടി രൂപ ചെലവായി. ഇതിൽ ഒരുരൂപ പോലും സർക്കാരിന്റേതായിട്ടില്ല. മറിച്ച് ജനങ്ങളുടെ സംഭാവനയാണ്. കോരിമാറ്റുന്ന ചെളിയും മണലും പ്രദേശത്തെ ജനങ്ങൾക്ക് വില നിശ്ചയിച്ചു നൽകും. കണക്കും മറ്റും വരട്ടാർ മാതൃകയിലെ വാട്ട്‌സാപ്പ് കൂട്ടായ്മ വഴി സുതാര്യമായി മോണിറ്റർ ചെയ്യും.

അമ്പാട്ടുകടവ് ആമ്പൽ വസന്തം ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഈ പണികൾ നടത്തുന്നത്. ചെറുവള്ളങ്ങളിലെ യാത്ര, സഞ്ചാരികൾക്ക് താൽക്കാലിക വീടുകൾ, ഫിഷിംഗ്, ചൂണ്ടയിടൽ, ട്രക്കിംഗ്, നാടൻഭക്ഷണ വിപണനം തുടങ്ങിയവ ലക്ഷ്യമാണ്.

ഞങ്ങളുടെ കൂട്ടായ്മയിൽ അല്പനേരം കഴിഞ്ഞപ്പോൾ ജില്ലാ കളക്ടർ സുധീർബാബുവും എത്തി. പഞ്ചായത്തു പ്രസിഡന്റ് ജെസിയും എ.കെ മാധവൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ ചെറുകൂട്ടം. ഞങ്ങളിരുന്ന പറമ്പിനു പിന്നിലുള്ളത് മൂന്നര ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന ഒരു സ്വാഭാവികവനമാണ്. കുട്ടനാടൻ ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് സന്ദർശകർക്കായി ഒരു ചെറുകാനനകാഴ്ചയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ മറ്റു ചെറുകാവുകളും സംരക്ഷിക്കാനുള്ള പരിപാടി തയ്യാറാക്കി വരുന്നു.

ആലപ്പുഴ നടക്കുന്ന കിഫ്ബി പ്രദർശനത്തിൽ ഒൻപതിന് ഉച്ചകഴിഞ്ഞുള്ള കുട്ടനാട് പാക്കേജ് ചർച്ചയിൽ ഈ പരിപാടി അവതരിപ്പിക്കാനും തീരുമാനമായി. അങ്ങനെ മീന്തറയാർ കൊടുന്തറയാർ പദ്ധതി ഇന്നൊരു സമഗ്രവികസന പദ്ധതിയായി രൂപാന്തരം പ്രാപിക്കുകയാണ്. ഇത് മലരിക്കൽ മാത്രമല്ല, കോട്ടയം ജില്ലക്കാകെ വലിയൊരു മാറ്റം കൊണ്ടുവരാൻ സഹായകമാകും.