ന്യൂസിലാന്‍ഡില്‍ ജോലി, ഇന്റര്‍വ്യൂ ചെന്നൈയിൽ, പരിശീലനം ദുബായിൽ..!വിദേശജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും തട്ടിയത് രണ്ടര ലക്ഷം രൂപ..! തട്ടിപ്പ്  സോഷ്യൽ മീഡിയ വഴി; രണ്ടുപേർ പിടിയിൽ

ന്യൂസിലാന്‍ഡില്‍ ജോലി, ഇന്റര്‍വ്യൂ ചെന്നൈയിൽ, പരിശീലനം ദുബായിൽ..!വിദേശജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും തട്ടിയത് രണ്ടര ലക്ഷം രൂപ..! തട്ടിപ്പ് സോഷ്യൽ മീഡിയ വഴി; രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. കാസര്‍കോട് മാലോത്ത് സ്വദേശിയായ കൊന്നക്കാട് കുന്നോലാ വീട്ടില്‍ ബിജേഷ് സ്‌കറിയ (30), ചെന്നൈ സ്വദേശിയായ പൊന്നമള്ളി തിരുവള്ളൂര്‍ പി ജി പി സ്ട്രീറ്റില്‍ താമസിക്കുന്ന മുഹമ്മദ് മുഹൈ യുദ്ദീന്‍ (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസിലാന്‍ഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ആയ യുവാവില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിലെ പ്രതിയായ ബിജേഷ് സ്‌കറിയയെ കാസര്‍കോട് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയില്‍ നിന്നുമാണ് പിടികൂടിയത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിച്ചുകൊണ്ട് പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ് നടത്തി വന്നിരുന്നത്. കാസര്‍ഗോഡ് സ്വദേശിയായ ബിജേഷ് സ്‌കറിയ ആണ് ഇവരില്‍ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത്. തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശാനുസരണം മറ്റൊരു പ്രതിയായ ചെന്നൈ സ്വദേശിയായ മുഹയുദ്ദീന്‍റെ സ്ഥാപനത്തിലേക്ക് പരാതിക്കാരനെ ഇന്റര്‍വ്യൂ നടത്താനായി വിളിച്ചിരുന്നു.

ചെന്നൈയിലേക്ക് പരാതിക്കാരനെ വിളിച്ച് വരുത്തുകയും ഇന്റര്‍വ്യൂ നടത്തുകയും ചെയ്തിരുന്നു. എന്നാൽ നാളേറെ കഴിഞ്ഞിട്ടും ജോലി മാത്രം ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പിനിരയായെന്ന് പരാതിക്കാരന് മനസിലായത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതികള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലായി സമാനമായിട്ടുള്ള കുറ്റകൃത്യങ്ങള്‍ പലതായി നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ ജില്ലാ പോലീസ് മേധാവി  സുജിത്ത്ദാസ് ഐ പി എസ്, താനൂര്‍ ഡി വൈ എസ് പി  വി വി ബെന്നി എന്നിവര്‍ അടിയന്തിരമായി പ്രതികളെ പിടികൂടുന്നതിനായി അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളെ  പിടികൂടിയത്.

ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുപോകുന്നതിനായി ദുബായില്‍ വച്ച് മൂന്നുമാസത്തെ പരിശീലനം ഉണ്ടെന്നും ആ പരിശീലന കാലയളവില്‍ ശമ്പളം നല്‍കുമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ ഈ വലയില്‍ കുരുക്കിയിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും പലസ്ഥലങ്ങളില്‍ നിന്നായി ഇവര്‍ പണം കൈപ്പറ്റിയിട്ടുള്ളതായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ യുടെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, മുജീബ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.