മഹാ ചുഴലിക്കാറ്റ് കേരളതീരം വിട്ടു ; സംസ്ഥാനത്ത് മഴ കുറയുന്നു

മഹാ ചുഴലിക്കാറ്റ് കേരളതീരം വിട്ടു ; സംസ്ഥാനത്ത് മഴ കുറയുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് കുറയുകയാണ്. കാറ്റ് ലക്ഷദ്വീപ് കടന്ന വടക്ക് പടിഞ്ഞാറു ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുന്നു. അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും കാറ്റും മഴയും തുടരുമെന്നാണ് റിപ്പോർട്ട്. വടക്കൻ ജില്ലയിൽ മഴശക്തമാകുമെന്ന് റിപ്പോർട്ടുണ്ട്.

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ 80 കിലോമീറ്റർ വേഗതയിലും കേരളത്തിൽ 65 കിലോമീറ്റർ വേഗതയിലും കാറ്റുവീശും. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലൽ ഉള്ളവരും ജാഗ്രത പാലിക്കണം, മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകരയിൽ നിന്നും കാണാതായ രണ്ടു മത്സ്യത്തൊഴിലാളികൾ കൂടി തിരിച്ചെത്തി. ഇതോടെ കാണാതായ അഞ്ചു പേരും തിരിച്ചെത്തിയെങ്കിലും തൃശൂർ ചേറ്റുവയിൽ നിന്നും കടലിൽ പോയ ഫാറൂഖിനായി തെരച്ചിൽ തുടരുകയാണ്.

ചുഴലി ശക്തിപ്രാപിക്കുന്നതിനാൽ അടുത്ത എട്ടു മണിക്കൂർ കൊച്ചി മുതൽ കാസർഗോഡ് വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചത്.

അടച്ചുറപ്പുള്ള മേൽക്കൂരയില്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. എറണാകുളത്തു ചെല്ലാനം, ഫോർട്ട്കൊച്ചി, വെപ്പിൻ, എടവനക്കാട്, നായരമ്പലം പ്രദേശങ്ങളിലായി നാനൂറോളം വീടുകളിൽ കടൽ കയറി. ആയിരത്തോളം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ലക്ഷദ്വീപിലേക്കു പോകേണ്ടിയിരുന്ന ഒരു യാത്രക്കപ്പലും രണ്ടു ചരക്കുകപ്പലും 19 ഉരുവും ബേപ്പൂരിൽ നിർത്തിയിട്ടു. കൊടുങ്ങല്ലൂരിന്റെ തീരപ്രദേശത്ത് ആയിരത്തിലധികം വീടുകൾ വെള്ളത്തിലായി. എടവിലങ്ങ് കാരയിൽ കടലാക്രമണത്തിൽ വീടു തകർന്നു.

എറിയാട്, കയ്പമംഗലം മേഖലകളിൽ കടൽ കയറി. ചേറ്റുവയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട സാമുവൽ എന്ന വള്ളം തകർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകര കരിക്കുളം പുല്ലുവിള ആന്റണിയെ കാണാതായി. ഒപ്പമുണ്ടായിരുന്ന അഞ്ചു പേരെ കൊറിയൻ ചരക്കു കപ്പൽ രക്ഷപ്പെടുത്തി. തീരരക്ഷാസേന ഇവരെ കൊച്ചിയിലെത്തിച്ചു.