തമിഴ്‌നാട്ടിൽ ഐ.എസ് വേട്ട ; ആറിടത്ത് എൻ.ഐ.എ റെയ്ഡ്, നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന

തമിഴ്‌നാട്ടിൽ ഐ.എസ് വേട്ട ; ആറിടത്ത് എൻ.ഐ.എ റെയ്ഡ്, നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന

 

സ്വന്തം ലേഖിക

ചെന്നൈ: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ തമിഴ്‌നാട്ടിൽ ആറിടത്ത് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. കോയമ്പത്തൂരിൽ രണ്ടിടത്തും ഇളയൻഗുഡി, ട്രിച്ചി, കായൽപട്ടണം, നാഗപട്ടണം എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. കോയമ്പത്തൂർ ജി.എം നഗറിലെ നിസാർ, ലോറിപെട്ടിലെ സൗരിദിൻ എന്നിവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായകവിവരങ്ങൾ ലഭിച്ചതായാണു സൂചന. കഴിഞ്ഞ മാസങ്ങളായി എൻ.ഐ.എ. കോയമ്പത്തൂരിൽ ഊർജിതമായി റെയ്ഡുകൾ നടത്തി വരികെയാണ്. ദക്ഷിണേന്ത്യയിലെ ആർ.എസ്.എസ്, ബി.ജെ.പി. നേതാക്കളെയും ഹൈന്ദവസംഘടനാ ഭാരവാഹികളെയും ഭീകരർ ലക്ഷ്യമിടുന്നതായ സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ ആറ് ഐ.എസ്. പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിനു തുടർച്ചയായിട്ടായിരുന്നു വീണ്ടും പരിശോധന നടത്തിയത്. ഹിന്ദുമക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിനെയും മകൻ ഓംകാറിനെയും വകവരുത്താൻ ഇസ്ലാമിക ഭീകരസംഘടനകൾ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണമാണ് ഇന്നലത്തെ റെയ്ഡിനു പിന്നിലെന്ന് എൻ.ഐ.എ. വൃത്തങ്ങൾ അറിയിച്ചു.
ഭീകരസംഘടനയായ തൗഹീദ് ജമാഅത്ത് നേതാവും ശ്രീലങ്കൻ മതപ്രഭാഷകനുമായ മൗലവി സഹ്‌റാൻ ബിൻ ഹാഷിം ഇന്ത്യയിൽ ആക്രമണത്തിനു ലക്ഷ്യമിടുന്നതായ ഇന്റലിജൻസ് റിപ്പോർട്ടിനേത്തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി 2018 സെപ്റ്റംബറിൽ കോയമ്പത്തൂരിലെ ഐ.എസ്. ഘടകങ്ങൾക്കെതിരേ കർശന നടപടിയെടുത്തിരുന്നു.
ഹാഷിമിനേക്കുറിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികൾ ശ്രീലങ്കൻ സർക്കാരിനു നിരവധി തവണ മുന്നറിയിപ്പു നൽകുകയും ചെയ്തു.
കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ 250 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ ഇയാളും ചാവേറായി. ശ്രീലങ്ക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽനിന്നുള്ള യുവാക്കളോട് മേഖലയിൽ ഇസ്ലാമിക് ഭരണകൂടം സ്ഥാപിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷിമിന്റെ വീഡിയോ എൻ.ഐ.എ. കണ്ടെടുത്തിരുന്നു.