പുലിയല്ല, പുപ്പുലിയാണ് നന്ദന്‍; കടിച്ചുകുടഞ്ഞ പുള്ളിപ്പുലിയുടെ കണ്ണില്‍ വിരല്‍കുത്തിയിറക്കി പന്ത്രണ്ട്കാരന്‍; മനോധൈര്യത്തിന് നാടിന്റെ സല്യൂട്ട്

പുലിയല്ല, പുപ്പുലിയാണ് നന്ദന്‍; കടിച്ചുകുടഞ്ഞ പുള്ളിപ്പുലിയുടെ കണ്ണില്‍ വിരല്‍കുത്തിയിറക്കി പന്ത്രണ്ട്കാരന്‍; മനോധൈര്യത്തിന് നാടിന്റെ സല്യൂട്ട്

സ്വന്തം ലേഖകന്‍

മൈസുരു; പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്നും മനോധൈര്യം കൊണ്ട് മാത്രം ജീവന്‍ തിരികെപ്പിടിച്ചിരിക്കുകയാണ് മൈസുരു കടകോളയിലെ ബീരഗൗഡനഹുണ്ഡി സ്വദേശിയായ നന്ദന്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്‍.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അവിശ്വസനീയ സംഭവങ്ങള്‍ അരങ്ങേറിയത്. പിതാവിന്റെ ഫാം ഹൗസില്‍ കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയതായിരുന്നു നന്ദന്‍. ഈ ഫാം ഹൗസിനോട് ചേര്‍ന്ന് കര്‍ണാടക ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ 140 ഏക്കറോളം ഒഴിഞ്ഞ ഭൂമിയാണ്. ഇവിടെ ഒളിഞ്ഞിരുന്ന പുലി കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ നന്ദന് മേല്‍ ചാടിവീഴുകയായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചു പോയെങ്കിലും ധൈര്യം കൈവിടാതെ നന്ദന്‍ പുലിയുടെ കണ്ണില്‍ വിരല്‍ കുത്തിയിറക്കി. ഇതോടെ കഴുത്തില്‍ നിന്നും കടിവിട്ട പുലി കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു. കഴുത്തില്‍ നിന്നും തോളില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ നന്ദനെ ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പുള്ളിപ്പുലികള്‍ സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഗിരീഷ് വിശദീകരിച്ചത്. ജില്ലയില്‍ നിന്നും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണിത്. സംഭവത്തിന് പിന്നാലെ കടാകോളയിലെയും സമീപ ഗ്രാമങ്ങളിലെയും ജനങ്ങള്‍ കര്‍ണാടക ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കുറ്റിക്കാടുകള്‍ എത്രയും വേഗം വൃത്തിയാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധം.

 

 

Tags :