രോഗി പിടഞ്ഞു വീണു മരിച്ചാലും വേണ്ടില്ല ഞങ്ങൾക്ക് കാശുകിട്ടിയാൽ മതി: തലയോട്ടി ഫ്രീസറിൽ വച്ച് വിലപേശുന്ന ഭാരത് ആശുപത്രിയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാതെ രാഷ്ട്രീയപ്പാർട്ടികളും മുൻനിര മാധ്യമങ്ങളും: ഇത്രയും കൊടും  ക്രൂരത കാട്ടിയ ആശുപത്രി മാനേജ്‌മെന്റിനെതിരായ പരാതി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ

രോഗി പിടഞ്ഞു വീണു മരിച്ചാലും വേണ്ടില്ല ഞങ്ങൾക്ക് കാശുകിട്ടിയാൽ മതി: തലയോട്ടി ഫ്രീസറിൽ വച്ച് വിലപേശുന്ന ഭാരത് ആശുപത്രിയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാതെ രാഷ്ട്രീയപ്പാർട്ടികളും മുൻനിര മാധ്യമങ്ങളും: ഇത്രയും കൊടും ക്രൂരത കാട്ടിയ ആശുപത്രി മാനേജ്‌മെന്റിനെതിരായ പരാതി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: രോഗി ഓരോ ദിവസവും ഇഞ്ചിഞ്ചായി പിടഞ്ഞു മരിക്കുകയാണ്. എന്നിട്ടു പോലും ഭാരത് ആശുപത്രി മാനേജ്‌മെന്റിന് കൂസലില്ല. മരിക്കുന്നവർ മരിക്കട്ടെ തങ്ങൾക്ക് പണം കിട്ടിയാൽ മതിയെന്ന സ്വാർത്ഥ തുല്യമായ നിലപാടാണ് ഭാരത് ആശുപത്രി മാനേജ്‌മെന്റ് ഇപ്പോൾ കാട്ടുന്നത്. മുൻ നിര മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പോലും വിഷയത്തിൽ ഇടപെട്ടില്ലെന്നു മനസിലാക്കുമ്പോഴാണ് നോട്ടുകെട്ടുകളുടെ വില പോലും സാധാരണക്കാരന്റെ ജീവനും ജീവിതത്തിനും ഇല്ലെന്നു വ്യക്തമാകുന്നത്.

ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ബിനു കെ. നായരു (42)ടെ തലയോട്ടിയാണ് ആശുപത്രിയിലെ ഫ്രീസറിൽ വച്ച് ഭാരത് ആശുപത്രി മാനേജ്‌മെന്റ് ഇപ്പോൾ വില പേശുന്നത്. തലയോട്ടി മാറ്റി വച്ച് ഓപ്പറേഷനു തയ്യാറാകാത്ത ഭാരത് ആശുപത്രി മാനേജ്‌മെന്റിനെതിരെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗത്തു നിന്നും വിഷയത്തിൽ അനൂകൂല നിലപാടാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. കോട്ടയം പ്രസ്‌ക്ലബിൽ ബിനുവിന്റെ കുടുംബം പത്രസമ്മേശനം നടത്തിയിട്ടു പോലും മുഖ്യധാരാ മാധ്യമങ്ങൾ ആരും തന്നെ വിഷയത്തിൽ ഇടപെടുന്നതിനോ, വാർത്ത നൽകുന്നതിനോ തയ്യാറായില്ല. തേർഡ് ഐ ന്യൂസ് ലൈവും, മാധ്യമവും ,ദേശാഭിമാനിയും  മാത്രമാണ് വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയതും വാർത്ത നൽകിയതും. മനോരമയും ,മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ തിരിഞ്ഞ് നോക്കിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു മാസം മുൻപ് ശസ്ത്രക്രിയ നടത്തിയതിന് ശേഷം ബാക്കി പണം അടയ്ക്കാൻ മാർഗമില്ലാത്തതിനാലാണ് തലയോട്ടിയുടെ ഭാഗം പുന:സ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയ്യാറാവാത്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഒന്നരലക്ഷം രൂപ നൽകിയാലേ ശസ്ത്രക്രിയ നടത്തി തലയോട്ടിയുടെ ഭാഗം പുനസ്ഥാപിക്കൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞായി ബിനുവിന്റെ ഭാര്യ സൗമ്യ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

ഏറ്റുമാനൂരിലെ സ്വകാര്യ റബ്ബർ കമ്പനിയിലെ ജീവനക്കാരനായിരുന്ന ബിനു കെ. നായരെ നെഞ്ചുവേദനയെതുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 29നാണ് ഏറ്റുമാനൂർ ഇ.എസ്.ഐ ആശുപത്രിയിൽ ആദ്യം എത്തിച്ചത്. തുടർന്നു, വടവാതൂർ ഇ.എസ്.ഐ ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്നു, രോഗം ഭേദമാകാതെ വന്നതോടെ തിരുനക്കരയിലെ ഭാരത് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ എത്തിച്ച അന്നുതന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കടുത്ത തലവേദനയെതുടർന്ന് 31 ന് ഓർമ നഷ്ടപ്പെട്ടതോടെ സി.ടി. സ്‌കാൻ ചെയ്തു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെതുടർന്ന് അടിയന്തരമായി തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലയിൽ നീരുവന്നതിനാൽ തലയോട്ടിയുടെ ഒരുഭാഗം ആശുപത്രിയിലെ ഫ്രീസറിൽ വെച്ചു. നീരു മാറിയശേഷമേ സർജറി നടത്തി തിരിച്ചുവെക്കാനാവൂ എന്നാണ് പറഞ്ഞിരുന്നത്. 23 ദിവസം ഐ.സി.യുവിലടക്കം കിടന്നശേഷം ഡിസ്ചാർജ് ചെയ്തു.

എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വീണ്ടും സർജറി നടത്തി തലയോട്ടിയുടെ ഭാഗങ്ങൾ പുന:സ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയ്യാറാവുന്നില്ല. ചികിത്സ നൽകിയ ഡോക്ടർ ശസ്ത്രക്രിയക്ക് തയ്യാറാണെങ്കിലും പണം നൽകിയാൽ മാത്രമേ സർജറി നടത്താനാവൂ എന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഇ.എസ്.ഐ സൗജന്യ ചികിത്സ അനുവദിച്ചിട്ടുള്ള ആശുപത്രിയായതിനാൽ ഫെബ്രുവരിയിൽ ഇ.എസ്.ഐ റീജണൽ ഡയറക്ടർക്ക് പരാതി നൽകി. തുടർന്ന് പ്രത്യേക കേസായി പരിഗണിച്ച് ചികിത്സ നൽകാൻ സംസ്ഥാന മെഡിക്കൽ ഓഫിസർ വടവാതൂർ ഇ.എസ്.ഐ സൂപ്രണ്ടിന് നിർദേശം കൊടുത്തു.

എന്നാൽ സൂപ്രണ്ടും ജില്ല ലേബർഓഫിസറും ഇടപെട്ടിട്ടും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. കോവിഡ് സാഹചര്യത്തിൽ അണുബാധയുടെ ഭീതി ഉള്ളതിനാൽ മറ്റൊരു ആശുപത്രിയെ സമീപിക്കാനും ഇവർക്ക് ധൈര്യമില്ല. ബിനുവിന്റെ പിതാവ് പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. ബിനുവിന്റെ ശസ്ത്രക്രിയക്ക് ശേഷമേ അദ്ദേഹത്തിന്റെ ചികിത്സ നടത്താനാവൂ. ഗ്ലൗസ് നിർമിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരിയായിരുന്ന സൗമ്യ ഭർത്താവിനെ ഒറ്റക്കാക്കി പോകാൻ കഴിയാത്തതിനാൽ ജോലി വിട്ടു.

ബിനുവിന്റെ കമ്പനിയിൽനിന്ന് ശമ്പള ഇനത്തിൽ നൽകുന്ന പണം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. 10, ഏഴ്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് മക്കളാണിവർക്ക്. ബിനു മുറ്റത്തിറങ്ങി നടക്കുമെങ്കിലും തട്ടിവീഴരുതെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ രണ്ടാൾ എപ്പോഴും പുറകെയുണ്ടാവണം. ഹൃദയാഘാതം വന്നതിനെതുടർന്ന് ഓർമക്കും പ്രശ്നമുണ്ട്. ഇനിയെങ്കിലും ഭാരത് ആശുപത്രി ഗ്രൂപ്പ് തങ്ങളുടെ പണത്തിനു വേണ്ടിയുള്ള ആർത്തി കളഞ്ഞ് ഒരു മനുഷ്യനു വേണ്ടി ഒപ്പം നിന്നില്ലെങ്കിൽ നഷ്ടമാകുക ഒരു കുടുംബത്തിന്റെ താങ്ങും തണലുമാകും.