കുറുവാസംഘത്തെ നേരിൽ കണ്ടെന്ന് വ്യാജപ്രചരണം കൊഴുത്തു; പോലീസ് ഉദ്യോ​ഗസ്ഥർക്ക് തലവേദനയായി; മോഷ്ടാക്കൾക്ക് മുൻപേ വ്യാജപ്രചരണം നടത്തുന്നവർ അഴിയെണ്ണേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി  പോലീസ്

കുറുവാസംഘത്തെ നേരിൽ കണ്ടെന്ന് വ്യാജപ്രചരണം കൊഴുത്തു; പോലീസ് ഉദ്യോ​ഗസ്ഥർക്ക് തലവേദനയായി; മോഷ്ടാക്കൾക്ക് മുൻപേ വ്യാജപ്രചരണം നടത്തുന്നവർ അഴിയെണ്ണേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കുറുവാ സംഘത്തെ നേരിൽ കണ്ടെന്ന വ്യാജ പ്രചരണം നടത്തുന്നവർ മോഷ്ടാക്കൾക്ക് മുൻപേ അഴിയെണ്ണുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത കർശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ലയൊട്ടാകെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും കുറുവാ സംഘത്തെപ്പറ്റി വ്യാജ പ്രചരണം നടക്കുകയാണ്. നാട്ടുകാരിൽ പരിഭ്രാന്തി ഉളവാക്കി പലരും ഇത് മുതലെടുക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവി നേരിട്ട് മുന്നറിയിപ്പുമായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശനിയാഴ്ച അതിരമ്പുഴയിൽ ആറുവീടുകളിൽ മോഷണ ശ്രമം ഉണ്ടായി. അധികസമയത്തിനുള്ളിൽ മോഷ്ടാക്കൾ നടന്നുനീങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങളും കണ്ടെത്തി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിയത് കൊടും കുറ്റവാളികളായ കുറുവാ സംഘമെത്തി എന്ന രീതിയിലായിരുന്നു.

പിന്നീടങ്ങോട്ട് തുടങ്ങുകയായിരുന്നു വ്യാജ പ്രചരണങ്ങൾ. ജില്ലയിൽ പല ഭാഗത്തും ജനങ്ങളിൽ പരിഭ്രാന്തി പരത്തി കുറുവാ സംഘത്തെ ഇങ്ങനെ കാണാൻ തുടങ്ങിയതോടെ ജില്ലാ പൊലീസ് മേധാവി നേരിട്ടിടപെട്ടു.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അതിരമ്പുഴയിൽ ആറ് വീടുകളിൽ മോഷണ ശ്രമം നടന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വ്യാജ പ്രചരണങ്ങൾക്ക് തുടക്കമായത്. അൽപ വസ്ത്രധാരികളായ മൂന്നംഗ മോഷണ സംഘമാണ് വീടുകളിൽ എത്തിയത്.

മോഷണത്തിന് എത്തിയ സംഘം തലയിൽ തുണി കെട്ടിയിരുന്നു. കയ്യിൽ ആയുധവുമുണ്ടായിരുന്നു. ഇത് കണ്ടെത്തിയത് സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ്. ഇത് കണ്ടതോടെ മോഷ്ടാക്കൾ കുറുവാ സംഘമാണെന്ന രീതിയിൽ കോട്ടയം ജില്ലയൊട്ടാകെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ചിലർ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുകയായിരുന്നു.

അതിരമ്പുഴയിലെ സംഭവത്തിന് ശേഷം ഏറ്റുമാനൂരിലും, മാന്നാനത്തും, പേരൂരിലും, കടുത്തുരുത്തിയിലും, കുറവിലങ്ങാട്ടും കുറുവ സംഘം ഇറങ്ങിയതിന് സമാനമായ രീതിയിൽ വ്യാജ പ്രചാരണം ഉണ്ടായി.

അഞ്ചുവർഷം മുൻപ് സമാനമായ മോഷണ സംഭവം അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധി ഉൾപ്പെടെ പലയിടത്തും ഉണ്ടായിട്ടുണ്ട്. ആ സംഘത്തിലെ പ്രതികൾ ഇപ്പോൾ ജയിലിലാണ്. അതുകൊണ്ടുതന്നെ ഇത് കുറുവ സംഘമെന്ന് പൊലീസിന് ഇപ്പോഴും ഉറപ്പാക്കാൻ പറ്റില്ലെന്നും ഡി. ശിൽപ പറഞ്ഞു.

കുറുവാ സംഘത്തെ നേരിൽ കണ്ടതായും ചില പ്രദേശങ്ങളിലെ വീടുകളിൽ മോഷണ ശ്രമം നടന്നതായും വരെ പ്രചരണം ഉണ്ടായിട്ടുണ്ട്. എന്തായാലും ഇനി കാണാത്തത് കണ്ടെന്ന് പറഞ്ഞുള്ള പ്രചരണം നടത്തിയാൽ മോഷ്ടാക്കൾക്ക് മുമ്ബേ പ്രചാരകർക്ക് അഴിയെണ്ണാം.