play-sharp-fill
കുറവിലങ്ങാട് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവം മുഖ്യ പ്രതി പിടിയിൽ

കുറവിലങ്ങാട് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവം മുഖ്യ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

കുറവിലങ്ങാട്‌: സ്വകാര്യ പണമിടപാട്‌ സ്‌ഥാപനത്തിലെ ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മുഖ്യപ്രതി പോലീസ്‌ പിടിയില്‍.

ഒളിവിലായിരുന്ന മോനിപ്പളളി കൊക്കരണി തച്ചാര്‍ക്കുഴിയില്‍ ജെയിംസിനെയാണ്‌ (26) കുറവിലങ്ങാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി-ബംഗളുരു ട്രെയിനില്‍ തമിഴ്‌നാട്ടിലേക്കു കടക്കാന്‍ ശ്രമിച്ച പ്രതിയെ പാലക്കാടുവച്ച്‌ റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണു കസ്‌റ്റഡിയിലെടുത്തത്‌.

കഴിഞ്ഞ ഏഴിന്‌ രാവിലെ 11നു കുറവിലങ്ങാട്‌-വൈക്കം റോഡില്‍ മലങ്കുഴ പാലത്തിനു സമീപമായിരുന്നു സംഭവം. കവര്‍ച്ചാ സംഘത്തില്‍ ഉള്‍പെട്ട മാഞ്ഞൂര്‍ ഞാറപറമ്ബില്‍ കുഴിയഞ്ചാലില്‍ ഭാഗത്ത്‌ ജോബിന്‍, കോതനല്ലൂര്‍ പഴന്താറ്റില്‍ ഭാഗത്ത്‌ ഇടച്ചാലില്‍ വീട്ടില്‍ സജി എന്നിവരെ പിടികൂടിയിരുന്നു.

സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: എറണാകുളത്തെ സ്വകാര്യ പണമിടപാട്‌ സ്‌ഥാപനം ബാങ്കുകളിലുള്ള സ്വര്‍ണപ്പണയം എടുക്കാന്‍ പണം നല്‍കുമെന്നു പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.

ഇതു ശ്രദ്ധയില്‍പെട്ട മൂവര്‍സംഘം സ്‌ഥാപനത്തെ സമീപിച്ചു. 65 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കുറവിലങ്ങാട്ടെ ഒരു സഹകരണ ബാങ്കില്‍ പണയം ഉണ്ടെന്നും ഇതിലേക്കായി ഒന്നര ലക്ഷം രൂപ ആവശ്യമുണ്ടെന്നുമാണ്‌ ഇവര്‍ എറണാകുളത്തെ സ്‌ഥാപനത്തെ ധരിപ്പിച്ചത്‌.

തുടര്‍ന്ന്‌ പണമിടപാട്‌ സ്‌ഥാപനത്തിലെ ജീവനക്കാരന്‍ തൃശൂര്‍ ഇഞ്ചക്കുണ്ട്‌ കൂട്ടുങ്കല്‍ കെ.എ. വികാസിന്റെ കൈവശം ഒന്നരലക്ഷം രൂപ കൊടുത്തുവിട്ടു.

പണവുമായി എത്തിയ വികാസിന്റെ ബാഗ്‌ തട്ടിപ്പറിച്ച്‌ സംഘം ഓടുകയായിരുന്നു. പണം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കളുടെ കൈവശം പണം ഏല്‍പ്പിച്ചിരിക്കുന്നതായാണ്‌ മൊഴിനല്‍കിയത്‌.

വൈക്കം ഡി.വൈ.എസ്‌.പി എ.ജെ. തോമസിന്റെ മേല്‍നോട്ടത്തില്‍ സി.ഐ. സജീവ്‌ ചെറിയാന്‍, എസ്‌.ഐമാരായ തോമസ്‌ കുട്ടി, ജോര്‍ജ്‌ കുട്ടി തോമസ്‌, കെ.എം മാത്യു, എ.എസ്‌.ഐ. സിനോയി മോന്‍, സാജുലാല്‍, സീനിയര്‍ സി.പി.ഒമാരായ അരുണ്‍ കുമാര്‍, പി.ജി രാജീവ്‌, സുരേഷ്‌, സി.പി.ഒ സിജു. എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. പാലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.