play-sharp-fill
കുമാരനല്ലൂര്‍ റെയില്‍വേ ട്രാക്കിലെ അപകടം: വില്ലന്‍ റെയില്‍വേയും പാലം പണിത കോണ്‍ട്രാക്ടറും പാലത്തിലേക്ക് കയറാന്‍ നിര്‍മിച്ച ഗോവണി തകര്‍ന്നു ഗോവണി കുത്തനെയുള്ളതും ഇടുങ്ങിയതും യാത്രക്കാര്‍ റെയില്‍വേ ട്രാക്ക് കടക്കുന്നത് ജീവന്‍ കൈയ്യില്‍പിടിച്ച്: അപകടം തുടരുമ്പോഴും അധികൃതര്‍ കണ്ണടയ്ക്കുന്നു

കുമാരനല്ലൂര്‍ റെയില്‍വേ ട്രാക്കിലെ അപകടം: വില്ലന്‍ റെയില്‍വേയും പാലം പണിത കോണ്‍ട്രാക്ടറും പാലത്തിലേക്ക് കയറാന്‍ നിര്‍മിച്ച ഗോവണി തകര്‍ന്നു ഗോവണി കുത്തനെയുള്ളതും ഇടുങ്ങിയതും യാത്രക്കാര്‍ റെയില്‍വേ ട്രാക്ക് കടക്കുന്നത് ജീവന്‍ കൈയ്യില്‍പിടിച്ച്: അപകടം തുടരുമ്പോഴും അധികൃതര്‍ കണ്ണടയ്ക്കുന്നു

സ്വന്തം ലേഖകന്‍
കുമാരനല്ലൂര്‍: കുമാരനല്ലൂര്‍ റെയില്‍വേ ട്രാക്കിലെ അപകടങ്ങള്‍ക്കു കാരണം റെയില്‍വേയും മേല്‍പാലം നിര്‍മാണത്തിന് നേതൃത്വം നല്കിയ കോണ്‍ട്രാക്ടറുമെന്ന് പരാതി. കുമാരനല്ലൂര്‍ മേല്‍പാലത്തിലേക്ക് പ്രദേശവാസികള്‍ക്ക് കയറാനും ഇറങ്ങാനും നിര്‍മിച്ച ഗോവണി ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. ഇതുവഴി ഒരാള്‍ക്കു പോലും കയറാനാവില്ല. ഇതുമൂലം അനധികൃതമെങ്കിലും റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാവുകയാണ്.

ഇടുങ്ങിയതും കുത്തനെയുമാണ് ഇവിടെ ഗോവണി നിര്‍മിച്ചിരിക്കുന്നത്. പ്രായമായവര്‍ക്ക് ഒരു കാരണവശാലും ഗോവണി വഴി സഞ്ചരിക്കാനാവില്ല. അതുപോലെയാണ് നിര്‍മാണം. പാലം നിര്‍മാണ ഘട്ടത്തില്‍ നാട്ടുകാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അവഗണിക്കുകയായിരുന്നു.

യാത്രക്കാര്‍ക്ക് സുഗമമായി കടക്കാന്‍ കഴിയുന്ന വഴിയിടണമെന്ന് നാട്ടുകാര്‍ കോണ്‍ട്രാക്ടറോട് പറഞ്ഞപ്പോള്‍ എല്ലാം ശരിയാക്കാമെന്നായിരുന്നു മറുപടി.
കുമാരനല്ലൂര്‍ കവലയില്‍ നിന്ന് ക്ഷേത്രത്തിലേക്കോ സ്‌കൂളിലേക്കോ പോകണമെങ്കില്‍ ഒന്നുകില്‍ മേല്‍പാലം ചുറ്റണം. ഇതിനായി കവലയില്‍ നിന്ന് 200 മീറ്ററോളം നടന്നു വേണം പാലത്തിലെത്താന്‍. പിന്നെ പാലം കയറിയിറങ്ങണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേഗത്തില്‍ എത്താന്‍ വേണ്ടിയാണ് ആളുകള്‍ റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്യുന്നത്. ഇങ്ങനെ റെയില്‍വേ ട്രാക്ക് കടക്കുമ്പോഴാണ് അപകടമുണ്ടാവുന്നത്. അതുകൊണ്ട് ഇവിടുത്തെ അപകടങ്ങള്‍ക്ക് കാരണം റെയില്‍വേയും പാലം പണിത കോണ്‍ട്രാക്ടറുമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മേല്‍പാലത്തിന്റെ പടഞ്ഞാറു ഭാഗത്താണ് ഗോവണി നിര്‍മിച്ചിരിക്കുന്നത്. ഗോവണിയിലേക്ക് കയറുന്ന ഭാഗത്ത് റെയില്‍വേ അവരുടെ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ അവിടേക്ക് പോകാനാവില്ല. ഗോവണിയുടെ സ്‌റ്റെപ്പുകളെല്ലാം തകര്‍ന്നു തരിപ്പണമായി. ഒരു തരത്തിലും ഗോവണിയില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

കുമാരനല്ലൂര്‍ ഉത്സവ സമയത്ത് ധാരാളം ആളുകള്‍ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് കടന്നു പോകുന്നുണ്ട്. അതുപോലെ ദേവി വിലാസം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രാവി ലെയും വൈകുന്നേരവും റെയില്‍വേ ട്രാക്ക് കടന്നാണ് പോകുന്നത്. ഏതു നിമിഷവും അപകടം പതിയിരിക്കുന്ന ഇവിടെ പോലീസ് ഡ്യൂട്ടി വേണമെന്ന് നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ കേട്ട മട്ടില്ല. അപകടമുണ്ടായാലേ അധികൃതര്‍ ഉണരു എന്നതാണ് ഇപ്പോഴത്തെ രീതിയെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റെയില്‍വേ ലൈന്‍ കടക്കുന്നതു വരെ ട്രെയിന്‍ വരുന്നുണ്ടോ എന്നു നോക്കി സംരക്ഷണം ഏര്‍പ്പെടുത്തുന്ന് ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാരാണ്.