ആനവണ്ടിയെ ‘താമരാക്ഷൻ പിള്ള’യാക്കി, മരച്ചില്ലകൾ വച്ചുകെട്ടി അലങ്കരിച്ചു; കോതമംഗലത്ത് കെ എസ് ആർ ടി സിയുടെ കല്യാണ ഓട്ടം വിവാദത്തിൽ
കോതമംഗലം: കെഎസ്ആർടിസി ബസിനെ ‘താമരാക്ഷൻ പിള്ള’യാക്കി അലങ്കരിച്ച് കല്യാണയോട്ടം. കോതമംഗലം ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചർ ബസാണ് കല്യാണ ഓട്ടത്തിനായി രമേശ് എന്നയാൾ വാടകയ്‌ക്കെടുത്തത്. നെല്ലിക്കുഴി മുതൽ ഇരുമ്പുപാലം വരെ പോയ ബസിൽ നിറയെ ഇലകളും മരച്ചില്ലകളും കമ്പും വച്ചുകെട്ടി. താമരാക്ഷൻ പിളള എന്ന് ബസിന് പേരും മാറ്റിയ ശേഷം മുന്നിൽ അർജന്റീനയുടെ ഒരു കൊടിയും കെട്ടി, ചിലർ ബ്രസീലിന്റെ കൊടിയും കെട്ടി. കെഎസ്‌ആർടിസി എന്നെഴുതിയ ഭാഗം മറച്ചാണ് താമരാക്ഷൻ പിളള എന്ന ഫ്ലെക്‌സ് വച്ചത്.
സംഭവം വിവാദമായതോടെ കോതമംഗലം ഡിപ്പോ അധികൃതർ പ്രതികരിച്ചിട്ടുണ്ട്. തങ്ങൾ വാഹനം മാത്രമാണ് നൽകിയതെന്നും അലങ്കാരമെല്ലാം വാടകയ്‌ക്കെടുത്തവർ ചെയ്‌തതാണെന്നുമാണ് അധികൃതർ അറിയിക്കുന്നത്. അതേസമയം സ്വകാര്യ ബസുകൾക്ക് നേരെ കടുത്ത നടപടിയെടുക്കുന്ന സർക്കാർ ഇത് കണ്ടില്ലേ എന്ന് ചിലർ വിമർശിക്കുന്നുണ്ട്. എംവിഡിയുടെ ശ്രദ്ധയിൽപെട്ടില്ലേ എന്നും ഇവർ ചോദിക്കുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.