അസംതൃപ്തി പുകയുന്നു ; കോൺഗ്രസിന്റെ കാര്യത്തിൽ തീരുമാനമായില്ല ; കെപിസിയുടെ ജംബോ പട്ടികയിൽ ഒപ്പിടാൻ വിസമ്മതിച്ച് സോണിയ ഗാന്ധി

അസംതൃപ്തി പുകയുന്നു ; കോൺഗ്രസിന്റെ കാര്യത്തിൽ തീരുമാനമായില്ല ; കെപിസിയുടെ ജംബോ പട്ടികയിൽ ഒപ്പിടാൻ വിസമ്മതിച്ച് സോണിയ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കെപിസിസി ജംബോ പട്ടികയ്‌ക്കെതിരെ വിമർശനം ശക്തമായതോടെ പട്ടികയിൽ ഒപ്പിടാൻ വിസമ്മതിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയിലെ നേതാക്കളുടെ നീണ്ടനിരയും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലും അസംതൃപ്തി പ്രകടിപ്പിച്ചാണ് സോണിയയുടെ പിൻമാറ്റം.

പട്ടികയിൽ പ്രവർത്തന മികവെന്ന മാനദണ്ഡം പാലിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ കോൺഗ്രസിന്റെ പരിപാടികൾ താളം തെറ്റുമെന്ന് ഉറപ്പായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ 155 പേരുടെ ഭാരവാഹിപ്പട്ടിക കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ അനുമതിക്കായി ബുധനാഴ്ച വൈകുന്നേരമാണ് സമർപ്പിച്ചത്.

രാത്രിയോടെ പട്ടിക സോണിയാ ഗാന്ധിക്ക് മുന്നിലുമെത്തി. എന്നാൽ ജംബോ പട്ടിക കണ്ടപാടെ സോണിയാന്ധി ഒപ്പിടാൻ വിസമ്മതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയും 13 വൈസ് പ്രസിഡന്റുമാർ, 42 ജനറൽ സെക്രട്ടറിമാർ, 94 സെക്രട്ടറിമാർ എന്നിവരെ ഉൾപ്പെടുത്തിയുമായിരുന്നു കെപിസിസിയുടെ ജംബോ പട്ടിക.

പ്രവർത്തന മികവിന് പ്രധാന്യം നൽകാതെയുള്ള ജംബോ പട്ടികയ്‌ക്കെതിരേ ഹൈക്കമാന്റിന് ബുധനാഴ്ച തന്നെ നിരവധി പരാതികൾ ലഭിച്ചിരുന്നു. കേരളത്തിലെ രണ്ടാം നിര നേതാക്കളെല്ലാം ഇത്തരത്തിൽ പരാതി നൽകിയിട്ടുണ്ട്.

ഭാരവാഹി പട്ടിക ചുരുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങൾ ഗ്രൂപ്പ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിജയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഹൈക്കമാൻഡിന്റെ നടപടി മുല്ലപ്പള്ളിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. വിദഗ്ധ ചികിത്സയ്ക്കായി സോണിയാ ഗാന്ധി ഇന്ന് വിദേശത്തേക്ക് പോവുകയാണ്. മുകുൾ വാസ്‌നിക്കും വിദേശ സന്ദർശനത്തിന് പോകുന്നുണ്ട്. ഇതോടെ പുനഃസംഘടന വീണ്ടും നീളാനാണ് സാധ്യത.