കോവിഡ് 19 ആളിപ്പടരുന്നു: 64 രാജ്യങ്ങളിൽ നിലവിൽ കൊറോണ വ്യാപിച്ചു: മരണ സംഖ്യ മൂവായിരത്തിലെത്തി
സ്വന്തം ലേഖകൻ
ബീജിംഗ്: ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിലാഴ്ത്തി കോവിഡ് 19 ആളിപ്പടരുന്നു. 64 രാജ്യങ്ങളിൽ നിലവിൽ കൊറോണ വ്യാപിച്ചു. മരണ സംഖ്യ മൂവായിരത്തിലെത്തി. 85,000ത്തിൽപ്പരം പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന (2870) ദക്ഷിണ കൊറിയ(17) ഇറ്റലി (29) ഇറാൻ (43), ജപ്പാൻ(6), ഫ്രാൻസ്(2), ഹോങ്കോംഗ്(2), അമേരിക്ക(1), തായ്വാൻ(1), ആസ്‌ട്രേലിയ (1) ഫിലിപ്പൈൻസ് (1) എന്നീ രാജ്യങ്ങളിലാണ് കോറോണ മരണം റിപ്പോർട്ട് ചെയ്തത്.
ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിൽ ആറ് പേർ കൊറോണ ബാധിച്ച് മരിച്ചു. ചൈനയിൽ മരണനിരക്ക് കുറഞ്ഞുവരികയാണെങ്കിലും ദക്ഷിണകൊറിയയിലും ഇറ്റലിയിലും ഇറാനിലും സ്ഥിതി ആശങ്കാജനകമാണ്. ഈ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു. കൊറോണ ബാധിച്ച് വാഷിംഗ്ടണിൽ ഒരാൾ മരിച്ച സാഹചര്യത്തിൽ അമേരിക്ക പ്രതിരോധ നടപടികൾ ശക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഷിംഗ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാച്ചു. രാജ്യത്ത് 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിരോധനടപടികൾ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്സികോ അതിർത്തികൾ അടയ്ക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞു.
ഇറാനിൽ മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയരുമ്പോൾ പശ്ചിമേഷ്യയിലാകെ ഭീതി വർദ്ധിക്കുകയാണ്. ഇറാനിലെ പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയവരിൽ നിന്നാണ് മിക്ക ഗൾഫ് രാജ്യങ്ങളിലും രോഗം പടർന്നത്. ശനിയാഴ്ച ഖത്തറിലും രോഗം സ്ഥിരീകരിച്ചതോടെ ഗൾഫ് മേഖലയിലെ ഏതാണ്ടെല്ലാം രാജ്യങ്ങളിലും വൈറസ് സാന്നിദ്ധ്യമറിയിച്ചുകഴിഞ്ഞു.
കൊറോണ ആഗോളതലത്തിൽ പടരുന്ന സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും വിദേശയാത്രകൾ വിലക്കി. വൈറസ് ബാധിത മേഖലകളിലേക്കുള്ള യാത്ര അവനുവദിക്കില്ലെന്ന് മിക്ക രാജ്യങ്ങളും അറിയിച്ചു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ഇറാനുമായുള്ള അതിർത്തി അയൽ രാജ്യങ്ങൾ അടച്ചു. യാത്ര നിരോധനവുണ്ട്. വിദേശ യാത്ര നടത്തരുതെന്ന് റഷ്യ പൗരന്മാർക്ക് നിർദ്ദേശം നൽകി. തുർക്കി ഇറാക്കിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്.