അധികൃതർ തിരിഞ്ഞു നോക്കാതെ തിരുനക്കര മഹാദേവക്ഷേത്രം; ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നു; മഹാദേവക്ഷേത്രത്തിലെ മേൽക്കൂരകൾ തകർന്നത് അധികൃതരുടെ അശ്രദ്ധമൂലം; വീഡിയോ തേർഡ് ഐയിൽ കാണാം

അധികൃതർ തിരിഞ്ഞു നോക്കാതെ തിരുനക്കര മഹാദേവക്ഷേത്രം; ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നു; മഹാദേവക്ഷേത്രത്തിലെ മേൽക്കൂരകൾ തകർന്നത് അധികൃതരുടെ അശ്രദ്ധമൂലം; വീഡിയോ തേർഡ് ഐയിൽ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുര നടയിലെ ഓടുകൾ തകർന്നു. നാടിന്റെ അഭിമാനമായി നിന്നിരുന്ന ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ മേൽക്കൂരയാണ് തകർന്നത്. മേൽക്കൂരയിലെ ഓടുകൾ തകർന്നതിനെ തുടർന്നു മേൽക്കൂര തന്നെ അപകടാവസ്ഥയിലാണ്. ക്ഷേത്രത്തിൽ ഉത്സവത്തിനും ആഘോഷത്തിനുമായി ലക്ഷങ്ങൾ പൊടിക്കുന്ന ക്ഷേത്ര ഉപദേശക സമിതിയും, ദേവസ്വം ബോർഡ് അധികൃതരും ഇതുവരെയും മേൽക്കൂര തകർന്നത് കണ്ടിട്ടില്ല. ഉപദേശക സമിതിയാകട്ടെ വെറും കടലാസു പുലിയായി മാറി, ക്ഷേത്രത്തിലെ കെടാവിളക്കിന് മുകളിലെ മേൽക്കുരയും ജീർണ്ണാവസ്ഥയിലാണ്. ഇത് ഏത് സമയവും നിലം പൊത്താമെന്ന അവസ്ഥയിലുമാണ്. ഇതൊക്കൊ നോക്കാനും പരിപാലിക്കാനും ഉപദേശക സമിതിക്കും ദേവസ്വം ബോർഡിനും താല്പര്യമില്ല

പണമുണ്ടാക്കാൻ മാത്രമുള്ള വേദിയായി ക്ഷേത്രങ്ങളെ ദേവസ്വം ബോർഡ് കണക്കാക്കുന്നതിന്റെ ഏറ്റവും ഒടുവിലുള്ള ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോട്ടയം നഗരമധ്യത്തിലാണ് തിരുനക്കര മഹാദേവക്ഷേത്രം നിലനിൽക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുര നട എന്നത് റോഡിലേയ്ക്ക് ചേർന്നു നിൽക്കുന്നതാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. എന്നാൽ, ഈ ഭാഗത്തു തന്നെയുള്ള മേൽക്കൂരയിലെ ഓടുകൾ തകർന്നത് അധികൃതരുടെ ശ്രദ്ധയിൽവന്നില്ലെന്നത് അലംഭാവത്തെ മാത്രമാണ് ഓർമ്മിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ ഏതു മതവിഭാഗത്തിനും അഭിമാനത്തോടെ പറയാൻ സാധിക്കുന്ന ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് തിരുനക്കര മഹാദേവക്ഷേത്രം. കോട്ടയം നഗരത്തിന്റെ തന്നെ പൈതൃകത്തിന്റെ ഭാഗമാണ് തിരുനക്കര ക്ഷേത്രവും മഹാദേവനും. ഇത്തരത്തിൽ തല ഉയർത്തി നിൽക്കുന്ന മഹാദേവക്ഷേത്രത്തിന്റെ  ഗോപുരത്തിന്റെ മേൽക്കൂരയാണ് തകർന്നു തരിപ്പണമായിരിക്കുന്നത്.

മേൽക്കൂര എങ്ങിനെ തകർന്നു എന്നതിനെപ്പറ്റി അധികൃതർക്കും കൃത്യമായ ഉത്തരം നൽകാൻ സാധിക്കുന്നില്ല. മേൽക്കൂരയിൽ നിന്നുള്ള ഓടുകൾ ഊർന്ന് റോഡിൽ വീഴുന്നത് പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ റോഡിലേയ്ക്കു വീഴുന്ന ഓടുകൾ പലപ്പോഴും ആളുകളെ അപകടത്തിലേയ്ക്കാണ് നയിക്കുന്നത്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് കാൽനടയാത്രക്കാർ ഇതുവഴി കടന്നു പോകുന്നത്.

ചരിത്രത്തിന്റെ ഭാഗമായി മാറിയ തിരുനക്കര മഹാദേവക്ഷേത്രത്തിലെ  ഗോപുരത്തിന്റെ ഓടുകൾ മാറ്റി മേൽക്കൂര അടിയന്തരമായി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും ഭക്തരുടെയും ആവശ്യം.

 

ക്ഷേത്രത്തോടു കാട്ടുന്ന അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.