എസ്.എസ്.എല്‍.സി പരീക്ഷാ വ്യാഴാഴ്ച്ച ആരംഭിക്കും; കോട്ടയം ജില്ലയിൽ ഇത്തവണ പരീക്ഷയെഴുതുന്നത് 19,503 വിദ്യാര്‍ത്ഥികള്‍

എസ്.എസ്.എല്‍.സി പരീക്ഷാ വ്യാഴാഴ്ച്ച ആരംഭിക്കും; കോട്ടയം ജില്ലയിൽ ഇത്തവണ പരീക്ഷയെഴുതുന്നത് 19,503 വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖിക

കോട്ടയം: എസ്.എസ്.എല്‍.സി. പരീക്ഷ വ്യാഴാഴ്ച്ച ആരംഭിക്കും. ജില്ലയിലെ 253 സ്‌കൂളുകളില്‍ നിന്നായി 19,503 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക.

9935 ആണ്‍കുട്ടികളും 9568 പെണ്‍കുട്ടികളുമാണുള്ളത്. രാവിലെ 9.45 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഇടവിട്ടുള്ള ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പരീക്ഷ ഏപ്രില്‍ 29 ന് സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചായിരിക്കും പരീക്ഷ നടത്തിപ്പെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.സുജയ പറഞ്ഞു. 1400 അധ്യാപകരെ പരീക്ഷാ മേല്‍നോട്ടത്തിനായി ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിച്ചതിനുശേഷം മാത്രമേ പരീക്ഷാഹാളില്‍ പ്രവേശനം അനുവദിക്കൂ. ഉയര്‍ന്ന താപനിലയുള്ള കുട്ടികള്‍ക്ക് അതത് സ്‌കൂളുകളിലെ പ്രത്യേക ക്ലാസ്സ്മുറികളില്‍ പരീക്ഷയ്ക്കിരുത്തും. കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് പരീക്ഷയെഴുതാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇത്തവണ പരീക്ഷയ്ക്കിരുത്തുന്നത് ചങ്ങനാശ്ശേരി എസ്.ബി.എച്ച്.എസ്.എസാണ് – 331 വിദ്യാര്‍ത്ഥികള്‍. പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസിൽ 252 പേരും വൈക്കം എസ്.എം.എസ്.എന്‍. എച്ച്.എസ്.എസിൽ 223 പേരും ഈരാറ്റുപേട്ട എം.ജി.എച്ച്.എസ്.എസിൽ 213 പേരും പരീക്ഷയെഴുതും.

ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുക ഏറ്റുമാനൂര്‍ മംഗളം ഇ.എം.എച്ച്.എസ്.എസിലും കാഞ്ഞിരപ്പള്ളി ജി.എച്ച്.എസിലുമാണ് -4 വിദ്യാര്‍ത്ഥികള്‍. വൈക്കം ഗവണ്‍മെന്റ് വൊക്കേഷണല്‍ എച്ച്.എസ്.എസില്‍ അഞ്ച് പേരും മണര്‍കാട് സെന്റ് മേരീസ് എച്ച്.എസില്‍ 13 പേരും പരീക്ഷയെഴുതും.

ഇത്തവണ ജനറല്‍ വിഭാഗത്തില്‍ 6370 കുട്ടികളും എസ്.സി. വിഭാഗത്തില്‍ 2287 പേരും എസ്.റ്റി. വിഭാഗത്തില്‍ 271 പേരുമാണ് പരീക്ഷയെഴുതുക. ഭിന്നശേഷിക്കാരായ 239 വിദ്യാര്‍ത്ഥികളും പഠന പിന്നാക്കാവസ്ഥയിലുള്ള 123 പേരും പരീക്ഷയെഴുതുന്നുണ്ട്.