നീ പറഞ്ഞാൽ ആര് വിശ്വസിക്കും..! ഞാൻ ഇവിടുത്തെ എം.ഡി ആണ്; നീ പോയി പരാതി കൊടുക്ക്; എന്റെ രാഷ്ട്രീയ സ്വാധീനം എന്താണെന്ന് നിനക്ക് അറിയില്ല; പരാതി കൊടുത്താൽ നിന്റെ പണി ഞാൻ കളയും: ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വഴങ്ങാതിരുന്ന വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി പ്ലാന്റേഷൻ കോർപ്പറേഷൻ എംഡി; ജീവനക്കാരിയുടെ പരാതിയിൽ എം.ഡിയ്‌ക്കെതിരെ കേസെടുത്ത് കോട്ടയം ഈസ്റ്റ് പൊലീസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ലൈംഗിക ചുവയോടെ സംസാരിക്കുകയും, സ്പർശിക്കുകയും ചെയ്തെങ്കിലും ലൈംഗികതയ്ക്കു വഴങ്ങാതിരുന്ന ജീവനക്കാരിയെ മാനസികമായും ശാരീരികമായും പ്ലാന്റേഷൻ കോർപ്പറേഷൻ എം.ഡി പീഡിപ്പിച്ചതായി പരാതി. സി.പി.ഐ നേതാവായ പ്ലാന്റേഷൻ കോർപ്പറേഷൻ എം.ഡി ബി.പ്രമോദിനെതിരെയാണ് വനിതാ ജീവനക്കാരി പരാതി നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയ്ക്കു ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് പ്രമോദിനെതിരെ കേസെടുത്തു. ലൈംഗിക ചുവയോടെ സംസാരിക്കുകയും, സ്പർശിക്കുകയും ചെയ്തത് പ്രതിരോധിച്ചപ്പോൾ ജോലിയിൽ പല തരം പീഡനം തുടരുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ജൂൺ മുതൽ 2021 ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ ലൈംഗിക ചുവയോടെ സംസാരിക്കുകയും, സ്പർശിക്കുകയും ചെയ്തതായാണ് പ്ലാന്റേഷൻ കോർപ്പറേഷൻ എംഡിക്കെതിരെ ഉയർന്ന പരാതി. കോർപ്പറേഷനിലെ ജീവനക്കാരി തന്നെയാണ് ഇതു സംബന്ധിച്ചു പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രി പിണറായി വിജയന് വിഷയങ്ങൾ ചുണ്ടാക്കാട്ടി പരാതി നൽകിയിരുന്നു. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് അയച്ചു നൽകി. ഈ പരാതിയിലാണ് ഇപ്പോൾ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഈസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാനേജിംങ് ഡയറക്ടർ പ്രമോദ് അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചതായും, ഇതിനെ എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. പല തവണ ശരീരത്തിൽ തൊടുകയും, അശ്ലീല കമന്റോടെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
പലപ്പോഴും ഓഫിസിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ഇരുത്തുകയും , അശ്ലീലം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നത് പതിവാണ് എന്നും ഇവർ പരാതിയിൽ പറയുന്നു.