മാരത്തോണ്‍ ചര്‍ച്ചകൾക്ക് വിരാമം ; കോട്ടയം നഗരസഭാ തെരഞ്ഞെടുപ്പിലേക്ക് മൂന്നു മുന്നണികളും ഇന്നും നാളെയുമായി മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും

മാരത്തോണ്‍ ചര്‍ച്ചകൾക്ക് വിരാമം ; കോട്ടയം നഗരസഭാ തെരഞ്ഞെടുപ്പിലേക്ക് മൂന്നു മുന്നണികളും ഇന്നും നാളെയുമായി മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ

കോട്ടയം: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നഗരസഭയില്‍ ചിത്രം വ്യക്തമാകുന്നു. ഏതാനും ചില സീറ്റുകളില്‍ തര്‍ക്കം നിലനില്‍ക്കുന്നതൊഴിച്ചാല്‍ മൂന്നു മുന്നണികളും ഇന്നും നാളെയുമായി മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും.

സ്ഥാനാര്‍ഥികള്‍ തര്‍ക്കം മൂന്നു മുന്നണിയിലും ഒരുപോലെ നിലനില്‍ക്കുകയാണ്. യു.ഡി.എഫില്‍ സീറ്റ് തര്‍ക്കത്തിനു പുറമേ ഭരണം ലഭിച്ചാല്‍ അധ്യക്ഷ സ്ഥാനം ലഭിക്കുന്നതു വരെയുള്ള കാര്യങ്ങളുടെ പേരിലും തര്‍ക്കവും തൊഴുത്തില്‍കുത്തും നടക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.ഡി.എഫില്‍ 24, 31 തുടങ്ങിയ വാര്‍ഡുകളിലാണ് അവസാന നിമിഷവും തര്‍ക്കം നിലനില്‍ക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ സംബന്ധിച്ചും പൂര്‍ണ വ്യക്തത വന്നിട്ടില്ല. ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ മാറുന്നതനുസരിച്ചു കേരളാ കോണ്‍ഗ്രസ് സീറ്റുകളിലും മാറ്റമുണ്ടാകുന്നുണ്ട്.

ഭരണം ലഭിച്ചാല്‍, അധ്യക്ഷയാകാന്‍ സാധ്യതയുള്ളവരുടെ വാര്‍ഡുകളില്‍ റിബല്‍ ശല്യം ഉള്‍പ്പെടെയുണ്ടാകുന്നതും ഭീഷണിയാണ്.
എല്‍.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. സി.പി.എം- 33, സി.പി.ഐ. – 8, കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം – 7, മറ്റു പാര്‍ട്ടികള്‍ – 4 എന്നിങ്ങനെയാണു മത്സരിക്കുക. ഇതിനിടെ കഴിഞ്ഞ തവണ ജോസ് വിഭാഗം സ്ഥാനാര്‍ഥി മത്സരിച്ചു ജയിച്ച പാറമ്പുഴ ഡിവിഷനില്‍ സി.പി.ഐ. സ്ഥാനാര്‍ഥി പ്രചാരണം തുടങ്ങിയതും മുന്നണിയില്‍ കലഹത്തിനു കാരണമായിട്ടുണ്ട്.

എന്‍.ഡി.എയില്‍ 24 ഡിവിഷനുകളിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അവശേഷിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് തര്‍ക്കം കടുക്കുകയാണ്. കുമാരനല്ലൂര്‍ മേഖലയില്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്നവരില്‍ പലര്‍ക്കും സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെന്നതു പൊട്ടിത്തെറിയ്ക്കു കാരണമായിട്ടുണ്ട്.