കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെ സസ്പെൻഷൻ രാഷ്ട്രീയപ്രേരിതം; സസ്പെൻഷൻ കാണിച്ച് വിരട്ടാൻ നോക്കണ്ട കെ എം സി എസ് യു

കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെ സസ്പെൻഷൻ രാഷ്ട്രീയപ്രേരിതം; സസ്പെൻഷൻ കാണിച്ച് വിരട്ടാൻ നോക്കണ്ട കെ എം സി എസ് യു

സ്വന്തം ലേഖകൻ

കോട്ടയം :കോട്ടയത്ത് ഹോട്ടലിൽ നിന്നും അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിക്കാനിടയായ സംഭവത്തിൽ കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കെ എം സി എസ് യു ആരോപിച്ചു .

ഡിസംബർ 29 ന് മലപ്പുറം കുഴി മന്തി ഹോട്ടലിൽ നിന്നും അൽഫാം വാങ്ങി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ യുവതി കഴിഞ്ഞ ദിവസം മരണപ്പെടുകയും വലിയ പ്രതിഷേധങ്ങൾ കോട്ടയത്തും കേരളത്തിലാകമാനവും ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി മരിക്കാനിടയായ സാഹചര്യം ആവർത്തിക്കപ്പെടാൻ പാടില്ലാത്തതും മരണം വേദനാജനകവുമാണ് .

എന്നാൽ ഇത്തരം ഒരു സംഭവം ഉണ്ടാവുമ്പോൾ നിജസ്ഥിതി ബോധ്യപ്പെടാനോ അത് പഠിക്കാനോ തയ്യാറാവാതെ രാഷ്ട്രീയ പ്രേരിതമായി പ്രതിപക്ഷ സംഘടനയിൽ നിൽക്കുന്നവരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് കോട്ടയം നഗര സഭാ ചെയർപേഴ്സൺ ശ്രമിക്കുന്നത്.
ഈ ഹോട്ടലിന് വേണ്ടി പ്രവർത്തിക്കുന്ന രണ്ട് കിച്ചണുകളിൽ ഒന്നിന് ലൈസൻസ് ഇല്ലാത്തതും നവംബർ മാസത്തിൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിട്ടുള്ളതും ഒരാഴ്ച പൂട്ടി ഇട്ടിട്ടുള്ളതുമാണ് . തുടർന്ന് നഗരസഭ ചെയർ പേഴ്സന്റെ സമ്മർദ്ദം മൂലം നഗരസഭാ സെക്രട്ടറി കോമ്പൗണ്ടിങ് ഫീ അടപ്പിച്ച് കട പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളതുമാണ്.

അതുപോലെ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട പരിശോധന ഫുഡ് സേഫ്റ്റി ഓഫീസിനാണ് . ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ചുമതല ഫുഡ് സേഫ്റ്റി വിഭാഗത്തിനാണ്. ഭക്ഷണം ഒഴികെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് നഗരസഭയുടെയും സർക്കാരിനെയും നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിനാണ് ലൈസൻസ് നൽകുന്നത്.
അതുപോലെ ഭഷ്യവിഷ ബാധയേറ്റ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ അവധിയിലായിരുന്നു.

പകരം മറ്റൊരു ഹെൽത്ത് ഇൻസ്പെക്ടറിനായിരുന്നു ഈ ദിവസങ്ങളിൽ ചുമതല.
മുഖം രക്ഷിക്കാൻ സസ്പെൻഷനാണ് ആവശ്യമെങ്കിൽ ഈ ഹെൽത്ത് ഇൻസ്പെക്ടറേയാണ് സസ്പെൻഡ് ചെയ്യേണ്ടത്.

ഭരണപക്ഷ സംഘടനയുടെ അസോസിയേഷൻ നേതാവായ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യാതെ യൂണിയന്റെ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്ന ജില്ലാ സെക്രട്ടറി കൂടിയായ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്യുന്നത് തികച്ചും അനീതിയാണെന്ന് കെ എം സി എസ് യു ആരോപിക്കുന്നു.

ആയതിനാൽ സസ്പെൻഷൻ പുനഃ പരിശോധിച്ചു പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ജീവനക്കാരുടെ വലിയ രീതിയിലുള്ള പ്രതിഷേധ സമരങ്ങൾ നേരിടേണ്ടി വരുമെന്നും ജീവനക്കാരെ വലിയ സമരത്തിലേക്ക് ഇറക്കി വിടരുതെന്നും യൂണിയന് വേണ്ടി ആവശ്യപ്പെടുകയാണ്.
സംസ്ഥാന ഗവൺമെൻറും നഗരസഭ കൗൺസിലും എടുക്കുന്ന എല്ലാ തീരുമാനങ്ങളും നഗരത്തിലെ ജനങ്ങളുടെ നന്മയ്ക്കും പൊതുസമൂഹത്തിന്റെ ഗുണത്തിനും വേണ്ടിയുള്ളതാണെന്ന് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ചുമതലകൾ കൃത്യമായി ഏറ്റെടുത്ത് പ്രവർത്തിക്കുന്ന കെ എം സി എസ് യു വിന്റെ പ്രവർത്തകരെ ഇത്തരം സസ്പെൻഷൻ കാട്ടി ഭീഷണിപ്പെടുത്തി തൻറെ വരിതിയിൽ വരുത്താം എന്നുള്ള ചെയർപേഴ്സൺ മോഹം വെറും വ്യാമോഹം മാത്രമാണെന്ന് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.