വഴക്കിനെ തുടർന്ന് മൂന്ന് വയസുകാരിയുടെ ദേഹത്ത് തിളച്ച മീൻ കറി ഒഴിച്ച പിതൃസഹോദരിയേയും മുത്തച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തു : 35 ശതമാനം പൊള്ളലേറ്റ കുഞ്ഞിന്റെ അവസ്ഥ ദയനീയം ; അതിക്രൂരമായ സംഭവം കൊല്ലത്ത്

വഴക്കിനെ തുടർന്ന് മൂന്ന് വയസുകാരിയുടെ ദേഹത്ത് തിളച്ച മീൻ കറി ഒഴിച്ച പിതൃസഹോദരിയേയും മുത്തച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തു : 35 ശതമാനം പൊള്ളലേറ്റ കുഞ്ഞിന്റെ അവസ്ഥ ദയനീയം ; അതിക്രൂരമായ സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ

കൊല്ലം: കുടുംബവഴക്കിനെ തുടർന്ന് മൂന്നുവയസുകാരിയുടെ ദേഹത്ത് തിളച്ച മീൻ കറി ഒഴിച്ച് പിതൃസഹോദരിയും മുത്തച്ഛനും. രഹസ്യഭാഗങ്ങളിൽ വരെ പൊള്ളലേറ്റ കുഞ്ഞിന്റെ അവസ്ഥ ദയനീയം. സംഭവത്തിൽ പ്രതികളായ മുത്തച്ഛനെയും പിതൃസഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം കണ്ണനല്ലൂരിൽ കഴിഞ്ഞദിവസമാണ് സംഭവം. മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് തിളച്ച മീൻകറി കുഞ്ഞിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു എന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. 35 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തച്ഛനും പിതൃസഹോദരിക്കുമെതിരെ കൊലപാതക ശ്രമത്തിന് കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മുത്തച്ഛനെയും പിതൃസഹോദരിയേയും പേടിച്ചാണ് താൻ ബെഡ്‌റൂമിലേക്ക് ഓടിക്കയറിയതെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്.

ഈ സമയം കുഞ്ഞ് എന്റെ തോളിൽ കിടക്കുകയായിരുന്നു. പിന്നാലെ എത്തിയ ഭർത്താവിന്റെ അച്ഛൻ ഉടുപ്പിൽ കുത്തിപ്പിടിക്കുകയും തല്ലുകയും ചെയ്തതിനു പിന്നാലെ കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച മീൻകറി ഒഴിക്കുകയായിരുന്നു

ഹൈദരാബാദിൽ ഡോക്ടറായ ഭർത്താവ് ഗുജറാത്ത് സ്വദേശിനിയായ തന്നെ പ്രണയ വിവാഹം ചെയ്തതു മുതൽ ഉണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു ദുരന്തത്തിൽ കലാശിച്ചതെന്നും കുട്ടിയുടെ അമ്മ പറയുന്നു.

ഒരു വർഷം മുൻപാണ് കൊല്ലത്ത് ഭർത്താവിന്റെ വീട്ടിലേക്ക് താമസം മാറിയത്. അന്ന് മുതൽ ഭർത്താവിന്റെ വീട്ടുകാരുടെ ഉപദ്രവം പതിവാണ്. വ്യാഴാഴ്ച വൈകുന്നേരവും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടാവുകയും തന്റെ ദേഹത്തേക്ക് ഒഴിച്ച മീൻകറി കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.

കൊല്ലം എൻ എസ് ആശുപത്രിയിലാണ് കുഞ്ഞ് ഇപ്പോൾ ചികിത്സയിലുള്ളത്. കുഞ്ഞിന്റെ രഹസ്യഭാഗങ്ങളിൽ വരെ പൊള്ളലേറ്റിട്ടുള്ളതായി ഡോക്ടർമാർ പറയുന്നു. എന്നാൽ കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾക്കൊന്നും പ്രശ്‌നങ്ങളില്ല. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ മോശമല്ലെങ്കിലും പൊള്ളലായതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ആരോഗ്യസ്ഥിതി മോശമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഡോക്ടർമാർ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മുത്തച്ഛനെ വ്യാഴാഴ്ച തന്നെ കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കും. ഡി ജി പി യും ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയുമടക്കം ബന്ധപ്പെട്ട എല്ലാവരിൽ നിന്നും ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടും. സംഭവത്തിൽ ശക്തമായി നടപടികളുമായി മുന്നോട്ട് പോകുമെന്നും പി സുരേഷ് പറഞ്ഞു.