കൊല്ലം ഇന്റലിജന്‍സ് ഡിവൈഎസ്പിക്ക് തീവ്രവാദ ബന്ധമെന്ന് സൂചന; ഡിവൈഎസ്പിയെ  അടിയന്തിരമായി സ്ഥലം മാറ്റി; യൂണിഫോമില്‍ മതപ്രസംഗം നടത്തിയ  ഉന്നത ഉദ്യോഗസ്ഥനും പിടിവീണേക്കും; പൊലീസിലെ ഉന്നതര്‍ക്കിടയില്‍ തീവ്രവാദ ബന്ധം വളരുന്നു

കൊല്ലം ഇന്റലിജന്‍സ് ഡിവൈഎസ്പിക്ക് തീവ്രവാദ ബന്ധമെന്ന് സൂചന; ഡിവൈഎസ്പിയെ അടിയന്തിരമായി സ്ഥലം മാറ്റി; യൂണിഫോമില്‍ മതപ്രസംഗം നടത്തിയ ഉന്നത ഉദ്യോഗസ്ഥനും പിടിവീണേക്കും; പൊലീസിലെ ഉന്നതര്‍ക്കിടയില്‍ തീവ്രവാദ ബന്ധം വളരുന്നു

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ

കൊല്ലം: സംസ്ഥാന ഇന്റലിജന്‍സിന്റെ കൊല്ലം ജില്ലയിലെ ചുമതല വഹിച്ചിരുന്ന ഡി.വൈ.എസ്.പി.ക്ക്‌ തീവ്രവാദ ബന്ധമെന്ന് സൂചന. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് മുന്‍പ് തന്നെ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. കൊല്ലത്ത് നിന്നും കോട്ടയം ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഡിവൈ.എസ്.പിയ്‌ക്കെതിരെ വിശദമായ അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.

പൊതുജന താത്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനവും ഔദ്യോഗികകാര്യങ്ങളിലുണ്ടായ വീഴ്ചകളുമാണ് സ്ഥലം മാറ്റ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെങ്കിലും സേനയുടെ അന്തസിനും സല്‍പ്പേരിനും കളങ്കം വരുത്തുന്ന നടപടികള്‍ ഇദ്ദേഹത്തിന്റെ ഭാഗത്ത്‌നിന്നും ഉണ്ടായതാണ്, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് തന്നെ അടിയന്തര സ്ഥലംമാറ്റത്തിനിടയാക്കിയതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നല്‍കുന്ന വിവരം. സി.ഐ. പദവിയില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഡിവൈ.എസ്.പി സംഘടനാതലത്തില്‍ സ്വാധീനം ചെലുത്തി കൊല്ലത്തെ ഇന്റലിജന്‍സ് ഡിവൈ.എസ്.പി കസേര കൈയ്യടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവ്രസ്വഭാവമുള്ള സംഘടനകളുമായി അതിരുവിട്ട അടുപ്പം ഇദ്ദേഹത്തിനുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്‍പ് കൊല്ലം നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ എസ്.ഐയായും സി.ഐയായും ചുമതല വഹിച്ചിരുന്നു. ജില്ലയിലെ ചില തീവ്ര സ്വഭാവമുള്ള സംഘടനാ നേതാക്കളുമായുളള അതിരുവിട്ട അടുപ്പവും സൗഹൃദവുമുള്ളതാണ് രഹസ്യാന്വേഷണം പോലെ തന്ത്രപ്രധാനചുമതലകള്‍ വഹിച്ചിരുന്ന ഇദ്ദേഹത്തെ അടിയന്തിരമായി സ്ഥലം മാറ്റാന്‍ കാരണമായത്.

ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നപ്പോഴും സ്വജനപക്ഷപാത നിലപാടുകളും സമീപനങ്ങളും പുലര്‍ത്തിയിരുന്ന ആളാണ് ഡിവൈ.എസ്.പി . കൊല്ലത്തെ ക്രൈംസ്‌ക്വാഡിലെ എ.എസ്.ഐയെ കുത്തിയ കേസിന്റെ സി.ഡി ഫയല്‍ ഇയാള്‍ ചുമതല വഹിച്ചിരുന്ന സമയത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷണം പോയ സംഭവം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഈ വിവാദവും തുടര്‍ നടപടികളും ഒതുക്കിതീര്‍ത്താണ് സ്ഥാനക്കയറ്റം കരസ്ഥമാക്കിയത്.

ഔദ്യോഗിക ഫോണിലെയും പഴ്‌സണല്‍ ഫോണിലെയും ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തീവ്രസ്വഭാവമുള്ള ചില സംഘടനാനേതാക്കളുടെ വാഹനങ്ങളും അവരുടെ സഹായങ്ങളും ഡിവൈ.എസ്.പിയാകും മുമ്പും അതിന് ശേഷവും ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായപ്പോഴാണ് ഇദ്ദേഹത്തിനെതിരെ വൈകിയെങ്കിലും വകുപ്പ്തല നടപടിയുണ്ടായത്.

ഫീല്‍ഡ് ജീവനക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ പലതും മേലുദ്യോഗസ്ഥര്‍ക്ക് യഥാസമയം കൈമാറാതെ മുക്കിയിരുന്നതായും മത – രാഷ്ട്രീയ-തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെയും മറ്റും സംബന്ധിച്ച് നിരീക്ഷണങ്ങള്‍ നടത്തുന്നതില്‍ വീഴ്ചകളുണ്ടായും അടുത്ത വൃത്തങ്ങള്‍ പറയുന്നു. കോവിഡും ലോക്ക് ഡൗണുമുള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലും പോരായ്മകളും പാളിച്ചകളും മേലധികാരികളെ യഥാവിധം അറിയിക്കുന്നതിലും കൊല്ലത്തെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം പിന്നിലായിരുന്നു. ഇത്തരം അപാകതകള്‍ക്ക് ഉത്തരവാദി ഡിവൈ.എസ്.പിയാണെന്നാണ് ഇന്റലിജന്‍സ് മേധാവികളുടെ നിരീക്ഷണം.

മൊബൈല്‍ ഫോണ്‍ കോളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കാലപ്രവൃത്തികളടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനാണ് ഉത്തരവായത്. ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചതും പ്രതികളെ കുറവ് ചെയ്തതുമുള്‍പ്പെടെയുള്ള പല കേസുകളും അന്വേഷണ പരിധിയില്‍ വരും.

കൊല്ലം ഇൻ്റലിജൻസ് ഡിവൈഎസ്പിയെ സ്ഥലം മാറ്റി അന്വേഷണം നടത്തി അവസാനിപ്പിക്കേണ്ട വിഷയമല്ല, സേനക്കുള്ളിലെ തീവ്രവാദ ബന്ധം. യൂണിഫോമില്‍ മതപ്രസംഗം നടത്തിയ ഉന്നത ഉദ്യോഗസ്ഥനും സേനയിലുണ്ട്.

ഇനിയുമെത്രയോ സംഭവങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ നടന്നിരിക്കാം. പൊലീസ് സേനയ്ക്കുള്ളില്‍ തീവ്രവാദ ബന്ധം വളരുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. വിശദമായ അന്വേഷണം നടത്തി, തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുള്ളവരെ സേനയില്‍ നിന്ന് പുറത്താക്കി മാതൃകാപരമായി ശിക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Tags :