മന്ത്രി ശശീന്ദ്രനെ കുടുക്കിയ കുണ്ടറ പീഡനം: പരാതിക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും; കേസ് രജിസ്റ്റർ ചെയ്‌തേക്കുമെന്നു സൂചന
തേർഡ് ഐ ബ്യൂറോ
കൊല്ലം: കുണ്ടറ പീഡന പരാതിയിൽ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. യുവതിയുടെ വീട്ടിലെത്തിയാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കെ പൊലീസിന്റെ നീക്കങ്ങൾ കേസിൽ ഏറെ നിർണായകമാണ്. അതേസമയം പ്രതിയായ എൻ സി പി നേതാവ് ജി. പത്മാകരനെ പിന്തുണച്ച് എൻസിപി ജില്ലാ നേതൃത്വം രംഗത്തെത്തി.
പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കാൻ കുണ്ടറ പൊലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും പെൺകുട്ടിയെ കാണാൻ സാധിച്ചിരുന്നില്ല. മന്ത്രി എ.കെ ശശീന്ദ്രന്റെ അടക്കം ഇടപെടൽ വിവാദമായി രണ്ട് ദിവസം പിന്നിട്ടിട്ടും യുവതിയുടെ മൊഴിയെടുക്കാൻ സാധിക്കാതായതോടെ പൊലീസ് സമ്മർദ്ദത്തിലാണ്. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴിയെടുക്കാനാകും പൊലീസ് ശ്രമിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്ന യുവതിയും കുടുംബവും മന്ത്രിക്കെതിരെ നിയമ പരമായി മുന്നോട്ട് പോകാനാണ് നിലവിൽ ആലോചിക്കുന്നത്. അതേസമയം കേസിൽ പ്രതിയായ എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം ജി.പത്മാകരന് പിന്തുണയുമായി എൻ.സി.പി ജില്ലാ നേതൃത്വം രംഗത്തെത്തി.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം ഇന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സാധ്യത. കൂടാതെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രാവിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കും.