അന്ന് കെഎം മാണിയെ വീഴ്ത്തിയത് ബാർകോഴ ഉപയോഗിച്ച്: ഇന്ന് മകനെതിരെ ആയുധമാക്കിയത് കോട്ടയം ജില്ലാ പഞ്ചായത്ത് വിവാദവും: കോൺഗ്രസിൻ്റെ  പകയുടെ കനലെരിയുമ്പോൾ

അന്ന് കെഎം മാണിയെ വീഴ്ത്തിയത് ബാർകോഴ ഉപയോഗിച്ച്: ഇന്ന് മകനെതിരെ ആയുധമാക്കിയത് കോട്ടയം ജില്ലാ പഞ്ചായത്ത് വിവാദവും: കോൺഗ്രസിൻ്റെ പകയുടെ കനലെരിയുമ്പോൾ

സ്വന്തം ലേഖകൻ

കോട്ടയം: കഴിഞ്ഞ ഐക്യജനാധിപത്യമുന്നണി ഗവൺമെൻറിൻറെ ഏറ്റവും തിളക്കമാർന്ന മുഖമായിരുന്നു കെഎംമാണി. കാരുണ്യ ബെനവലന്റ് ഫണ്ട്, റബ്ബർ വില സ്ഥിരത പദ്ധതി, കർഷക പെൻഷൻ തുടങ്ങി ഉമ്മൻചാണ്ടി ഗവൺമെൻറിൻറെ പ്രധാന നേട്ടങ്ങളുടെ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടം പിടിച്ച പദ്ധതികൾ കെഎം മാണിയുടെ സമ്മാനമായിരുന്നു.

കേരളത്തിലെ ഏറ്റവും പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരനായ കെ.എം മാണിയെ കേരളത്തിലെ മുഖ്യമന്ത്രിയായി ആദരിക്കണമെന്ന് ലേഖനമെഴുതിയത് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു, കേരള കോൺഗ്രസ് എമ്മിന്റെ നിതാന്ത ശത്രുവായ സിപിഐ പോലും ഈ തീരുമാനത്തെ പരസ്യമായി പിന്തുണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐയുടെ നേതാവ് പന്ന്യൻ രവീന്ദ്രൻ ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തു . ബിജെപി ഗവൺമെൻറും വെറുതെയിരുന്നില്ല കെഎം മാണിയെ ധനകാര്യ മന്ത്രി മാരുടെ കോൺഫെഡറേഷൻ അധ്യക്ഷൻ ആക്കി ആദരിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി എന്ന നിലയിൽ കേരളം ഭരിക്കുമ്പോൾ തൊട്ടു പിന്നിൽ നിഴലായി നിന്ന കെഎം മാണി ഒരുപക്ഷേ ഉമ്മൻചാണ്ടിയേക്കാൾ കൂടുതൽ ജനപിന്തുണ കരഗതമാക്കുന്നത് കോൺഗ്രസ് അല്പം അസൂയയോടെ കണ്ടു എന്നതാണ് ശരി.

ഐക്യജനാധിപത്യ മുന്നണിയിൽ മാണിക്ക് ഒരിക്കലും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാനിടയില്ല എന്ന് അന്നത്തെ കേരള രാഷ്ട്രീയം വിലയിരുത്തിയിരുന്നു. തന്ത്രശാലിയായ മാണി ഇടതുപക്ഷത്തേക്ക് കൂറുമാറി കേരളത്തിൻറെ മുഖ്യമന്ത്രിആയി വരുമോ എന്ന് അന്നത്തെ കോൺഗ്രസ് നേതൃത്വം ഉമ്മൻചാണ്ടി അടക്കം ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം.

കെഎം മാണിയുടെ വർദ്ധിച്ചുവരുന്ന പ്രതിച്ഛായ പ്രതിപക്ഷം പോലും അംഗീകരിക്കുന്ന ഭരണനൈപുണ്യം തങ്ങളുടെ രാഷ്ട്രീയ മേധാവിത്വത്തിന് തടസ്സമാകുമെന്ന് കണ്ട് കോൺഗ്രസ് തന്ത്രപരമായി ബാർകോഴ എന്ന കെണിയിൽ അകപ്പെടുത്തി.
വിഎസ് അച്യുതാനന്ദൻ പ്രസ്താവനയിലൂടെ ഉന്നയിച്ച ആരോപണത്തിന്റെ പേരിൽ കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ രാഷ്ട്രീയ നേതാവിനെതിരെ കേസെടുത്തത് തികച്ചും ആസൂത്രിതമായിരുന്നു.

അമേരിക്കയിൽ അന്നത്തെ നിയമസഭാ സ്പീക്കർ ജി കാർത്തികേയന്റെ ചികിത്സാർത്ഥം പോയ രമേശ് ചെന്നിത്തല തലസ്ഥാനത്ത് തിരിച്ചെത്തുന്നതിന് മുൻപ് മടക്കയാത്രയിൽ ഇടയ്ക്ക് ബോംബെയിൽ ഇറങ്ങിയ സമയത്ത് തിടുക്കപ്പെട്ട് കേസെടുക്കാൻ വിജിലൻസിന് നിർദ്ദേശം നൽകി .

ഉമ്മൻചാണ്ടിയും ഉമ്മൻചാണ്ടിയുടെ എക്കാലത്തെയും അഭ്യുദയകാംക്ഷി യായ മനോരമയും ചേർന്ന് മാണിയെ മെരുക്കുവാൻ കൊണ്ടുവന്ന ബാർ കേസ് അവർ പ്രതീക്ഷിച്ചതിലും അപ്പുറം വലിയ മാനങ്ങളിലേക്ക് മാറുകയും കേരളത്തിലെ പ്രതിപക്ഷം അതേറ്റു പിടിച്ച് വലിയ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

ഒടുവിൽ വിജിലൻസ് തന്നെ തെളിവില്ലാതെ കേസ് തള്ളണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തത് ചരിത്രം. മാണി യോടൊപ്പം പ്രതിക്കൂട്ടിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ വി എസ് ശിവകുമാർ, അടൂർ പ്രകാശ്, കെ ബാബു എന്നിവർ തന്ത്രത്തിൽ രക്ഷപ്പെട്ടപ്പോൾ മാധ്യമങ്ങളുടെയും രാഷ്ട്രീയ വൈരികളുടെയും ആരോപണത്തിന്റെ കുന്തമുന മാണിക്ക് മേൽ മുൾ കിരീടം ചാർത്തി.

കാലം എല്ലാ മുറിവുകളും തേച്ചു മായ്ക്കും എന്നു പറഞ്ഞതുപോലെ ബാർ കേസ് ഇന്നൊരു അഴിമതി കേസ് അല്ലാതായി മാറി. കോടതി മാണിയുടെ മരണത്തോടെ കേസ് അവസാനിപ്പിച്ചു. പക്ഷേ കോൺഗ്രസ് പ്രതീക്ഷിച്ചത് നേടിയെടുത്തു മാണി എന്ന ബിംബം തച്ചു തകർത്തു. അദ്ദേഹത്തിൻറെ വിയോഗത്തിനുശേഷം കേരള കോൺഗ്രസ് രാഷ്ട്രീയത്തിലും പിന്നീട് നടന്ന പാലാ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്വീകരിച്ച സമീപനം 1964 കോൺഗ്രസ് പിളർന്നു കേരള കോൺഗ്രസ് എന്ന പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനം മാണിയുടെ മരണത്തോടെ അവസാനിക്കണം എന്നാണ്.

അതിനായി കേരളകോൺഗ്രസുകളുടെ അധികാര മത്സരത്തിൽ അവർ പി.ജെ ജോസഫിനൊപ്പം കൈ കൊടുത്തു. മാണിയുടെ പാലായിൽ ആയിരം വോട്ട് തികച്ചെടുക്കുവാൻ മണ്ഡലത്തിൽ ആകെ ഇല്ലാത്ത എൻസിപി നേടിയെടുത്തതും പാർട്ടിയുടെ മേധാവിത്തം പി ജെ ജോസഫിന് കരഗതം ആക്കുവാൻ വേണ്ട ഒത്താശകൾ ചെയ്തതും അതിനെ അതിനെ പ്രതിരോധിക്കാൻ മാണിയുടെ മകൻ തന്നെ രംഗത്ത് വന്നതും പിന്നീടിങ്ങോട്ടുള്ള രാഷ്ട്രീയ ചരിത്രം .

ജോസഫിനൊപ്പം മാണിയോടൊപ്പം നിന്ന ചില നേതാക്കൾ മാത്രമാണ് പോയത് എന്നത് കോൺഗ്രസിന് അറിയാം. അണികൾ ഭൂരിപക്ഷവും ജോസ് കെ മാണി യോടൊപ്പം ആണെന്നതും. മാണിയുടെ മരണശേഷം കേരള കോൺഗ്രസ് എന്ന പ്രതീകം കേരളത്തിൽ പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിൽ അതിൽ കോട്ടയം ജില്ലയിൽ കുഴിച്ചുമൂടണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം നേതാക്കൾ കോൺഗ്രസിൽ ഉയർന്നു വന്നു കഴിഞ്ഞു.

ബെന്നി ബഹനാൻ, കെ സി ജോസഫ്, ജോസഫ് വാഴക്കൻ എന്നിവരടങ്ങുന്ന ഈ കോൺഗ്രസിലെ രണ്ടാം തരക്കാർ അതിനായി പിജെ ജോസഫ് എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരന് വെള്ളവും വളവും നൽകി. അതിനായി കെഎം മാണിയുടെ തട്ടകമായ കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുത്തു എന്നുള്ളതാണ് വാസ്തവം.ജോസ് കെ മാണിയുടെ കൂടെ പിളർപ്പിന്റെ സമയത്തും തെരഞ്ഞെടുപ്പിന്റെ തലയ്ക്ക് തലേന്ന് വരെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ചാക്കിട്ട് പിടിച്ച് അവർക്കുവേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ചോദിച്ചു കോൺഗ്രസിന് ആവശ്യമായ കരുക്കൾ നീക്കി നൽകിയ ജോസഫ് തൻറെ ദൗത്യം പൂർത്തീകരിച്ചു.

ഏതുവിധേനയും കെ എം മാണിയുടെ ഓർമ്മകൾ മധ്യതിരുവിതാംകൂർ രാഷ്ട്രീയത്തിൽ നിന്നും ആട്ടിപ്പായിക്കാൻ വന്ന കോൺഗ്രസ് ബുദ്ധി കോട്ടയം ജില്ലാ പഞ്ചായത്ത് ഉപയോഗിച്ച് കെ എം മാണിയുടെ മകനെ കെ എം മാണി കൂടി കെട്ടിപ്പടുത്ത ഐക്യജനാധിപത്യ മുന്നണിയിൽ നിന്നും പുറത്താക്കി. ഇതാണ് വർത്തമാനകാല രാഷ്ട്രീയം. അന്നൊരിക്കൽ ബാർ കേസ് വഴി കെഎം മാണിയുടെ മുഖ്യമന്ത്രി മോഹവും അമ്പതാണ്ടിന്റെ കറപുരളാത്ത രാഷ്ട്രീയ പ്രതിച്ഛായ യും തകർത്തവർ കേവലം കോട്ടയം ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനം കരുവാക്കി മാണിയുടെ മകന് പുറത്തേക്കുള്ള വഴിയൊരുക്കി.

ഈ പത്മവ്യൂഹത്തിൽ നിന്നും ജോസ് കെ മാണി എന്ന രാഷ്ട്രീയക്കാരൻ വളരുമോ അതോ തളരുമോ എന്ന് കാലം തെളിയിക്കട്ടെ, പക്ഷേ കോൺഗ്രസ് സന്തുഷ്ടരാണ് 56 വർഷമായി അവരുടെ കണ്ണിലെ കരടിനെ എടുത്ത് മീനച്ചിലാറിലേക്ക് ഒഴുക്കി എന്നോർത്ത്. പക്ഷേ രാഷ്ട്രീയം എന്നും അനിശ്ചിതത്വത്തിന്റെ കേളി രംഗം ആണ്. ആര് വാഴും ആര് വീഴും എന്ന് കാത്തിരുന്നു കാണേണ്ടി വരും. രാഷ്ട്രീയമായ അനാഥത്വത്തിലേക്ക് അല്ല തങ്ങൾ പോകുന്നതെന്ന് ജോസ് കെ മാണി യുഡിഎഫിനെ നോക്കി വെല്ലു വിളിച്ചിട്ടുണ്ട്. എന്തായാലും മധ്യതിരുവിതാംകൂർ രാഷ്ട്രീയം ഇനി കൂടുതൽ കലുഷിതമാകും. മാണി ഇല്ലാത്ത യുഡിഎഫും