കെ.എം മാണിയുടെ നിര്യാണം: വ്യാഴാഴ്ച ഉച്ച മുതൽ ജില്ലയിൽ കടകൾ അടച്ചിടും

കെ.എം മാണിയുടെ നിര്യാണം: വ്യാഴാഴ്ച ഉച്ച മുതൽ ജില്ലയിൽ കടകൾ അടച്ചിടും

സ്വന്തം ലേഖകൻ
കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗത്വമുള്ള ജില്ലയിലെ കടകൾ ഇന്ന് അടച്ചിടുന്നതിന് തീരുമാനിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാലു വരെയാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന് ജില്ലാ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. അഭ്യന്തരം – ധനകാര്യം – റവന്യു വകുപ്പുകൾ കൈകാര്യം ചെയ്ത കെ.എം മാണി സംഘടനയ്ക്ക് പ്രിയങ്കരനാണെന്ന് യോഗം വിലയിരുത്തി. സംഘടനയുടെ ആരംഭകാലം മുതൽ സംഘടനയ്ക്ക് വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും നൽകി, സംസ്ഥാന – ജില്ലാ ഭാരവാഹികളുമായി ചർച്ച ചെയ്ത് എന്നും വ്യാപാരികളോട് കരുതൽ കാണിച്ച ഒരു മാന്യ രാഷ്ട്രീയ സാമുദായിക നേതാവാണ് കെ.എം മാണിയെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ട്രഷറർ എൻ.പി തോമസ്, വൈസ് പ്രസിഡന്റുമാരായ ഹാജി കെ.എച്ച്.എം ഇസ്മയിൽ, ഇ.സി ചെറിയാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, മുജീബ് റഹ്മാൻ, സെക്രട്ടറിമാരായ പി.സി അബ്ദുൾ ലത്തീഫ്, വി.സി ജോസഫ്, കെ.ജെ മാത്യു, ടി.കെ രാജേന്ദ്രൻ, കെ.എ വർഗീസ് എന്നിവർ പ്രസംഗിച്ചു.