വിദേശത്തെ ജോലി ഉപേക്ഷിച്ചെത്തി നഗരത്തിൽ കഞ്ചാവ് കച്ചവടം: വൻ ലാഭമുണ്ടാക്കിയിരുന്ന യുവാവ് പിടിയിലായി

വിദേശത്തെ ജോലി ഉപേക്ഷിച്ചെത്തി നഗരത്തിൽ കഞ്ചാവ് കച്ചവടം: വൻ ലാഭമുണ്ടാക്കിയിരുന്ന യുവാവ് പിടിയിലായി

സ്വന്തം ലേഖകൻ
കോട്ടയം: വിദേശത്തെ ജോലി ഉപേക്ഷിച്ച് എത്തി നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുട്ടമ്പലം മാങ്ങാനം പാക്കത്ത് വീട്ടിൽ ജോർജ്ജ് മകൻ ജിനു വർഗ്ഗീസ് ജോർജി (30)നെയാണ്  കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.നൂറുദ്ദീന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യതത്.
ഇയാളിൽ നിന്നും 50 പൊതി കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ചെറുപൊതികളിലാക്കി കഞ്ഞിക്കുഴി ഭാഗത്തും കോട്ടയം ടൗണിലും പരിസരപ്രദേശങ്ങളിലും സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തിവരികയായിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇയാൾ വൻതോതിൽ കഞ്ചാവ് ശേഖരിക്കാൻ ശ്രമം നടത്തി വരികയായിരുന്നു. ഇയാൾ കമ്പത്തു നിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നത്. ഇയാൾ മുമ്പ് വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. നാട്ടിലെത്തിയ ഇയാൾ കഞ്ചാവ് വിൽപ്പനയുടെ ലാഭം മനസ്സിലാക്കി വിദേശത്തെ ജോലി ഉപേക്ഷിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ആയിരുന്നു ഇയാളുടെ ഇരകൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ റ്റി.എസ്. സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബൈജുമോൻ കെ.സി, നാസർ എ, പ്രസീത് പി.പി., അഞ്ചിത് രമേശ്, ജീമോൻ എന്നിവർ പങ്കെടുത്തു.