സിസിടിവി വീണ്ടും സിപിഎമ്മിനെ ചതിച്ചു: പൊലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ മോഷ്ടിച്ച ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ

സിസിടിവി വീണ്ടും സിപിഎമ്മിനെ ചതിച്ചു: പൊലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ മോഷ്ടിച്ച ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ

സ്വന്തം ലേഖകൻ
കൊല്ലം: സിപിഎമ്മിനെ വീണ്ടും സിസിടിവി ചതിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീഡിയോ കൃത്യമായി സിസിടിവിയിൽ പതിഞ്ഞതോടെ സിപിഎം തിരഞ്ഞെടുപ്പുകാലത്ത് വീണ്ടും പ്രതിരോധത്തിലായി. സഹപ്രവവർത്തകനെ ജാമ്യത്തിലിറക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമാണ് പൊലീസുകാരന്റെ ഫോൺ മോഷ്ടിച്ച് കുടുങ്ങിയത്. സി.പി.എം. തൃക്കടവൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കിരൺകുമാർ (38) ആണ് പോലീസ് പിടിയിലായത്. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് പാലീസ് സ്റ്റേഷനിലാണ് സംഭവം.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പതിപ്പിച്ചിരുന്ന പോസ്റ്ററുകൾ നശിപ്പിച്ച കുറ്റത്തിനാണ് സി.പി.എം. പ്രവർത്തകൻ മുരുന്തൽ സ്വദേശിയായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ജാമ്യത്തിലിറക്കുന്നതിനായിട്ടാണ് സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായ കിരൺകുമാർ സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിൽ ജി.ഡി.ചാർജ്ജിലുണ്ടായിരുന്ന പൊലീസുകാരന്റെ മൊബൈൽ മോഷ്ടിച്ച് സുഹൃത്തായ രഞ്ജിത്തിനെ ഏൽപ്പിക്കുകയായിരുന്നു. കിരൺ നൽകിയ മൊബൈൽ രഞ്ജിത്ത് തന്റെ വീട്ടിൽ ഒളിപ്പിച്ചു.
മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെ ക്യാമറ പരിശോധിച്ചപ്പോഴാണ് കിരൺകുമാർ മൊബൈൽ പോക്കറ്റിലിടുന്നത് കണ്ടെത്തിയത്. തുടർന്ന് പൊലീസ് കേസെടുക്കുകയും കിരണിനെ ചോദ്യം ചെയ്തപ്പോൾ ഫോൺ സുഹൃത്തിന് നൽകിയതായി സമ്മതിക്കുകയുമായിരുന്നു. തുടർന്ന് രഞ്ജിത്തിന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു.