മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണം: ദുരൂഹത ഇരട്ടിയാക്കി പൊലീസ് റിപ്പോർട്ടും ഐ.എ.എസ് ലോബിയുടെ ഇടപെടലും

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണം: ദുരൂഹത ഇരട്ടിയാക്കി പൊലീസ് റിപ്പോർട്ടും ഐ.എ.എസ് ലോബിയുടെ ഇടപെടലും

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. പൊലീസിന്റെ വീഴ്ചകളെ ന്യായീകരിച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപോർട്ടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരാതിക്കാരനായ സിറാജ് പത്രത്തിന്റ പ്രതിനിധി മൊഴി നൽകാൻ വൈകിയതുകൊണ്ടാണ് വൈദ്യ പരിശോധനയ്ക്കായി ശ്രീറാമിന്റ രക്തമെടുക്കാൻ വൈകിയതെന്നാണ് പൊലീസിന്റ വാദം തള്ളി സിറാജ് മാനേജ്മെന്റ് രംഗത്തു വന്നു. റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് മാനേജർ സെയ്ഫുദ്ദീൻ ഹാജി പറഞ്ഞു. പൊലീസ് വീഴ്ചകളെ വള്ളപൂശുന്നതാണ് റിപ്പോർട്ട്. അതേസമയം അപകട ശേഷം കെ.എം ബഷീറിന്റെ ഫോൺ കാണാതായത് ദുരൂഹമെന്നും സെയ്ഫുദ്ദീൻ ഹാജി ആരോപിച്ചു.
അപകടം നടക്കുമ്പോൾ ബഷീറിന്റെ കൈയിൽ ഫോണുണ്ടായിരുന്നു. ഇത് കണ്ടെത്താനായിട്ടില്ല. അപകടത്തിന് ശേഷവും ഈ ഫോണിൽ നിന്ന് വിളി പോയിട്ടുണ്ട്. വാഹനാപടത്തിന്റെ യഥാർത്ഥ കാരണം ഈ ഫോണിലുണ്ടെന്നാണ് ഉയരുന്ന സംശയം. അതുകൊണ്ടാണ് ഫോൺ അപ്രത്യക്ഷമായതെന്നാണ് ഉയരുന്ന വാദം. ഐ എ എസുകാരുടെ ക്ലബ്ബിൽ നിന്ന് മദ്യപിച്ചാണ് ശ്രീറാം ഇറങ്ങിയത്. കവടിയാറിൽ നിന്ന് വഫാ ഫിറോസ് ശ്രീറാമിനെ കാറിൽ കയറ്റിയെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച് ഏറെ ദുരൂഹതകൾ ഉണ്ട്. ഇതുകൊണ്ടാണ് ഫോൺ അപ്രത്യക്ഷമായതെന്നാണ് ഉയരുന്ന വാദം. ഇതിനിടെയാണ് പൊലീസിനെ ന്യായീകരിച്ചുള്ള അന്വേഷണ റിപ്പോർട്ട് കോടതിയിൽ എത്തിയത്.
സിറാജ് മാനേജ്മെന്റ് പരാതി നൽകാൻ വൈകിയതുകൊണ്ടാണ് കേസെടുക്കാൻ വൈകിയതെന്ന പൊലീസ് റിപ്പോർട്ടിനെ ഖണ്ഢിക്കുകയാണ് മാനേജ്മെന്റ്. ശ്രീറാമിന്റെ വൈദ്യപരിശോധന നടത്തിയെന്ന് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് വഫയുടെ മെഡിക്കൽ പരിശോധന ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണത്തെ പൂർണമായും നിരാകരിക്കുന്നില്ലെങ്കിലും സംശയങ്ങൾ ബാക്കിയാണ്. കോടതി നീരീക്ഷണത്തിൽ അന്വേഷണം മുന്നോട്ടുപോകണമെന്നാണ് നിലപാട്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സിറാജ് മാനേജ്മെന്റ് വ്യക്തമാക്കി.
പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയ്ക്ക് കാലതാമസമുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ വ്യക്തമാക്കുന്നു. മദ്യലഹരിയിലാണ് ശ്രീറാം കാറോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികളും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസും മൊഴി നൽകിയിട്ടും ഒമ്പതുമണിക്കൂർ കഴിഞ്ഞ് പൊലീസ് രക്തപരിശോധന നടത്തിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇതെത്തുടർന്ന് കെ എം ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയടക്കം അന്വേഷിക്കുന്നതിനുവേണ്ടിയാണ് ഡിജിപി പ്രത്യേകസംഘത്തെ നിയോഗിച്ചത്.
എന്നാൽ, ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായിട്ടും പൊലീസിനെ പൂർണമായും വെള്ളപൂശുന്ന റിപോർട്ടാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നാണ് റിപോർട്ടിൽ പറയുന്നത്. ബഷീർ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജറുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകാൻ കാരണമായതെന്ന വിചിത്രവാദമാണ് അന്വേഷണസംഘം ഉയർത്തുന്നത്.
സെയ്ഫുദ്ദീൻ ഹാജി ആദ്യം മൊഴി നൽകാനായി തയ്യാറായില്ല. വഫ ഫിറോസിന്റെ രക്തപരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നൽകൂ എന്നാണ് പറഞ്ഞത്. പിന്നീട് സെയ്ഫുദ്ദീൻ ഹാജി മൊഴി നൽകിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാൻ കഴിഞ്ഞുള്ളൂവെന്നാണ് റിപ്പോർട്ട്. എന്നാൽ ഹാജി പറയുന്നത് മറിച്ചാണ്. ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന കഴിഞ്ഞുവെന്നാണ് പൊലീസ് അറിയിച്ചത്. വഫയുടെ എടുത്തതുമില്ല. അതുകൊണ്ട് വഫയെ കൂടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ പൊലീസ് റിപ്പോർട്ട് അംഗീകരിക്കില്ലെന്നും അവർ പറയുന്നു.
ഷീൻ തറയലിന്റെ റിപ്പോർട്ടിൽ ഡോക്ടർക്കും കുറ്റപ്പെടുത്തലുണ്ടായി. പലതവണ ജനറൽ ആശുപത്രിയിലെ ഡോക്ടറോട് രക്തമെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാൽ ഡോക്ടർ ഇതിന് തയ്യാറായില്ല. ഒരു അപകടമരണമുണ്ടായാൽ പൊലീസിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങളുമായി മുന്നോട്ടുപോവാമെന്നിരിക്കെയാണ് അന്വേഷണസംഘത്തിന്റെ പുതിയ വാദഗതികൾ. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി നൽകിയ ഹരജി തള്ളണമെന്നും പുതിയ റിപോർട്ടിൽ ആവശ്യപ്പെടുന്നു. കേസിന്റെ പ്രാഥമികാന്വേഷണത്തിൽ മ്യൂസിയം പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതെത്തുടർന്ന് മ്യൂസിയം എസ്ഐ ജയപ്രകാശിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ശ്രീറാമിന്റെ രക്തപരിശോധന നടത്തുന്നതിലും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യാശുപത്രിയിലേക്ക് വിട്ടയച്ചതിൽ വീഴ്ചയുണ്ടായെന്നുമായിരുന്നു വിമർശനം.
എന്നാൽ, കേസ് അട്ടിമറിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ പൂർണമായും റിപോർട്ടിൽ മറച്ചുവച്ചിരിക്കുകയാണ്. ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന റിപോർട്ട് പരിഗണിച്ചാണ് തിരുവനന്തപുരം കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് അന്ന് കോടതി വിമർശിച്ചിരുന്നു.
തിരുവനന്തപുരം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഷീൻ തറയിലിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്പി എ ഷാനവാസ്, സിഐമാരായ എസ് എസ് സുരേഷ് ബാബു, എ അജി ചന്ദ്രൻനായർ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്.